
ദുബായ്: ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുംറയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് കരിയറിലാദ്യമായി ഒന്നാം സ്ഥാനത്തെത്തി. 2024 ഫെബ്രുവരിയില്‍ ഒന്നാം സ്ഥാനത്തെത്തിയ ബുംറ കഴിഞ്ഞ രണ്ട് വര്‍ഷമായി ആ സ്ഥാനം നിലനിര്‍ത്തിപ്പോരുകയായിരുന്നു. എന്നാല്‍ ശ്രീലങ്കയ്ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പരമ്പരയില്‍ ബുംറ കളിക്കാതിരുന്നതും, ബംഗ്ലാദേശിനെതിരെ സ്റ്റാര്‍ക്ക് നടത്തിയ തകര്‍പ്പന്‍ പ്രകടനവുമാണ് റാങ്കിംഗില്‍ മാറ്റങ്ങള്‍ക്ക് കാരണമായത്.
മക്കായില്‍ ബംഗ്ലാദേശിനെതിരെ നടന്ന രണ്ടാം ടെസ്റ്റില്‍ 10 വിക്കറ്റ് നേട്ടം കൈവരിച്ചതാണ് സ്റ്റാര്‍ക്കിന് തുണയായത്. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഈ ഇടങ്കയ്യന്‍ പേസര്‍, ബുംറയെയും ന്യൂസിലന്‍ഡ് പേസര്‍ മാറ്റ് ഹെന്റിയെയും മറികടന്നാണ് ഒന്നാമതെത്തിയത്. 15 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറില്‍ ആദ്യമായിട്ടാണ് 36കാരനായ സ്റ്റാര്‍ക്ക് ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതെത്തുന്നത്. സ്റ്റാര്‍ക്കിന്റെ വരവോടെ ബുംറ രണ്ടാം സ്ഥാനത്തേക്കും മാറ്റ് ഹെന്റി മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.
ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്റ്റില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍, സ്പിന്നര്‍ നേഥന്‍ ലിയോണ്‍ പത്താം സ്ഥാനത്ത് തിരിച്ചെത്തി. പാകിസ്ഥാനെതിരായ ഒന്നാം ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇംഗ്ലണ്ടിന്റെ ഒല്ലി റോബിന്‍സണ്‍ 15 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 11-ാമതും, ജോഷ് ടങ് 16 സ്ഥാനങ്ങള്‍ കയറി 17-ാമതുമെത്തി.
ബാറ്റിംഗ് റാങ്കിംഗിലെ ആദ്യ സ്ഥാനങ്ങളില്‍ കാര്യമായ മാറ്റങ്ങളില്ല. ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക് ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍, ജോ റൂട്ട് തൊട്ടുപിന്നില്‍ രണ്ടാമതുണ്ട്. ഓസ്‌ട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ് എന്നിവര്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍ തുടരുന്നു.
ബാറ്റിംഗ് റാങ്കിംഗിലെ ആദ്യ പത്തില്‍ ഏറ്റവും വലിയ മുന്നേറ്റം നടത്തിയത് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്താണ്. ഗാലെ ടെസ്റ്റില്‍ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഇന്നിംഗ്സില്‍ നേടിയ അര്‍ദ്ധസെഞ്ച്വറിയുടെ മികവില്‍ പന്ത് ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഓസ്‌ട്രേലിയയുടെ മാര്‍നസ് ലബുഷെയ്നൊപ്പം ഏഴാം സ്ഥാനം പങ്കിടുകയാണ് പന്ത് ഇപ്പോള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!