കേരള ക്രിക്കറ്റ് ലീഗില്‍ ഏരീസ് കൊല്ലം സെയിലേഴ്‌സും തൃശൂര്‍ ടൈറ്റന്‍സും തമ്മിലുള്ള മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. അഭിഷേക് നായരുടെ സെഞ്ച്വറിയുടെ മികവില്‍ കൊല്ലം 183 റണ്‍സെടുത്തപ്പോള്‍, തൃശൂര്‍ ബാറ്റിംഗിനിടെ മഴയെത്തുകയായിരുന്നു. ഇതോടെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു.
തിരുവനന്തപുരം: കെസിഎല്ലില്‍ ഏരീസ് കൊല്ലം സെയിലേഴ്‌സും തൃശൂര്‍ ടൈറ്റന്‍സും തമ്മിലുള്ള മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്‌സ് അഭിഷേക് നായരുടെ ഉജ്ജ്വല സെഞ്ച്വറിയുടെ മികവില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂര്‍ രണ്ട് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 14 റണ്‍സെടുത്ത് നില്‍ക്കെയാണ് മഴ കളി തടസ്സപ്പെട്ടത്. ഏരീസ് കൊല്ലം സെയിലേഴ്‌സ് - 20 ഓവറില്‍ 183/5 , തൃശൂര്‍ ടൈറ്റന്‍സ് - 2 ഓവറില്‍ 14/1.
ഇരു ടീമുകളും ഓരോ പോയിന്റ് വീതം നേടി. ഇതോടെ അഞ്ച് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയിന്റുമായി തൃശൂര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി. അഞ്ച് മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയിന്റുള്ള കൊല്ലം മൂന്നാം സ്ഥാനത്താണ്. ഓപ്പണറായി ഇറങ്ങി സെഞ്ച്വറി നേടി പുറത്താകാതെ നിന്ന അഭിഷേക് നായരുടെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് കൊല്ലം സെയിലേഴ്‌സിനെ മികച്ച സ്‌കോറിലെത്തിച്ചത്. 35 റണ്‍സെടുക്കുന്നതിനിടെ അരുണ്‍ പൗലോസിന്റെയും വത്സല്‍ ഗോവിന്ദിന്റെയും വിക്കറ്റുകള്‍ നഷ്ടപ്പെട്ട സെയിലേഴ്‌സിനെ അഭിഷേകും ആനന്ദ് കൃഷ്ണനും ചേര്‍ന്നാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 95 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്.
തുടക്കം മുതല്‍ മികച്ച ഷോട്ടുകള്‍ പായിച്ച അഭിഷേക് 34 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. മറുവശത്ത് കരുതലോടെയുള്ള ഇന്നിങ്‌സായിരുന്നു ആനന്ദ് കൃഷ്ണന്റേത്. 32 റണ്‍സെടുത്ത ആനന്ദ് പി നസലിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. തുടര്‍ന്നെത്തിയ അജിനാസും ഒന്‍പത് റണ്‍സുമായി മടങ്ങി. എന്നാല്‍ അവസാന രണ്ടോവറില്‍ അഭിഷേകും എ ജി അമലും ചേര്‍ന്ന് 34 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അവസാന ഓവറിലെ അവസാന പന്തിലാണ് അഭിഷേക് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 60 പന്തില്‍ 11 ഫോറും അഞ്ച് സിക്‌സുമടക്കമാണ് അഭിഷേക് 100 റണ്‍സ് നേടിയത്. അമല്‍ ഒന്‍പത് പന്തുകളില്‍ നിന്ന് ഒരു ഫോറും രണ്ട് സിക്‌സുമടക്കം 21 റണ്‍സെടുത്തു. തൃശൂരിന് വേണ്ടി ആദിത്യ വിനോദ് രണ്ട് വിക്കറ്റ് വീഴ്ത്തി.

