ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമെന്ന സൂചന നല്‍കി മിതാലി രാജ്

By Gopalakrishnan CFirst Published Jul 25, 2022, 11:19 PM IST
Highlights

ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. വനിതാ ഐപിഎല്ലിന് ഇനിയും ഏതാനും മാസങ്ങളുണ്ട്. എങ്കിലും വനിതാ ഐപിഎല്ലിന്‍റെ ആദ്യ സീസണില്‍ കളിക്കുന്നത് രസകരമായിരിക്കുമെന്നും ഐസിസി പോഡ്കാസ്റ്റില്‍ മിതാലി പറഞ്ഞു.

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മിതാലി രാജ് വിരമിക്കല്‍ പിന്‍വലിച്ച് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. ബിസിസിഐ വനിതാ ഐപിഎല്‍ ആരംഭിച്ചാല്‍ വിരമിക്കല്‍ പിന്‍വലിച്ച ആദ്യ സീസണില്‍ കളിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് മിതാലി പറഞ്ഞു.

ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. വനിതാ ഐപിഎല്ലിന് ഇനിയും ഏതാനും മാസങ്ങളുണ്ട്. എങ്കിലും വനിതാ ഐപിഎല്ലിന്‍റെ ആദ്യ സീസണില്‍ കളിക്കുന്നത് രസകരമായിരിക്കുമെന്നും ഐസിസി പോഡ്കാസ്റ്റില്‍ മിതാലി പറഞ്ഞു.

ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതോടെ ജീവിതത്തിന്‍റെ വേഗം കുറഞ്ഞുവെന്നും മിതാലി പറഞ്ഞു. വിരമിക്കല്‍ പ്രഖ്യാപിനത്തിന് പിന്നാലെ കൊവിഡ് പിടിപെട്ടു. അതില്‍ നിന്ന് മുക്തയായശേഷം തന്‍റെ ജീവിതകഥ പറയുന്ന സബാഷ് മിത്തു എന്ന ചിത്രത്തിന്‍റെ ഏതാനും പ്രമോഷണല്‍ പരിപാടികളില്‍ മാത്രമാണ് പങ്കെടുത്തത്.

ജൂലൻ ഗോസ്വാമിയായി അനുഷ്‍ക ശര്‍മ, 'ഛക്ദ എക്സ്‍പ്രസ്' ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി

ഇത്രയുംകാലം തിരക്കേറിയ ഷെഡ്യൂളായിരുന്നു ജീവിതത്തില്‍. അതില്‍ വലിയ മാറ്റം ഇപ്പോള്‍ വന്നിട്ടില്ലെന്ന് പറഞ്ഞ മിതാലി യുവതാരം ഷെഫാലി വര്‍മയുടെ വലിയ ആരാധികയാണ് താനെന്നും വ്യക്തമാക്കി. ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ് ഷെഫാലിയെന്നും മിതാലി പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച വനിതാ ബാറ്ററായ മിതാലി രാജ് ജൂണ്‍ എട്ടിനാണ് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. 1999ല്‍ തന്‍റെ 16-ാം വയസില്‍ ഏകദിന അരങ്ങേറ്റത്തില്‍ പുറത്താകാതെ 114* റണ്‍സ് നേടിയാണ് മിതാലി രാജ്യാന്തര ക്രിക്കറ്റിലേക്ക് വരവറിയിച്ചത്. വനിതാ ടെസ്റ്റില്‍ 12 മത്സരങ്ങളില്‍ ഒരു സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറികളുമായി 699 റണ്‍സാണ് മിതാലിയുടെ നേട്ടം.

പ്രധാനമന്ത്രിയുടെ അഭിനന്ദനത്തില്‍ മനംനിറഞ്ഞ് മിതാലി

അതേസമയം ഏകദിനത്തില്‍ 232 മത്സരങ്ങളില്‍ ഏഴ് സെഞ്ചുറികളും 64 ഫിഫ്റ്റികളുമായി 7805 റണ്‍സ് സ്വന്തമാക്കി. വനിതകളുടെ ഏകദിന ചരിത്രത്തിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരി മിതാലി തന്നെ. വനിതാ ടി20യില്‍ 89 മത്സരങ്ങളില്‍ 17 അര്‍ധശതകങ്ങളോടെ 2364 റണ്‍സും പേരിലാക്കി. മിതാലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ 2017 ലോകകപ്പില്‍ ഫൈനലിലെത്തിയിരുന്നു.

click me!