
ദില്ലി: ലോകക്രിക്കറ്റില്‍ പകരം വയ്ക്കാനാകാത്ത നേട്ടവുമായാണ് വനിതാ ക്രിക്കറ്റര്‍ മിതാലി രാജ് (Mithali Raj) പാഡഴിച്ചത്. വനിതാ ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സ്, ഏറ്റവുമധികം അര്‍ധ സെഞ്ചുറി, ഏറ്റവുമധികം മത്സരങ്ങളില്‍ ടീമിനെ നയിച്ച ക്യാപ്റ്റന്‍. ഒട്ടനവധി റെക്കോര്‍ഡുകളില്‍ പേരെഴുതിയ 23 വര്‍ഷമുള്‍പ്പെടുന്നതാണ് മിതാലിയുടെ കരിയര്‍.
എന്നാല്‍ ലോകകപ്പ് നേടാന്‍ ഇതുവരെ മിതാലിക്ക് സാധിച്ചിട്ടില്ല. കരിയറില്‍ ഏറ്റവും ഇന്നും വിഷമിപ്പിക്കുന്നത് ലോകകപ്പ് നേടാനാവാത്തതാണെന്നാണ് മിതാലി പറയുന്നത്. മിതാലിയുടെ വാക്കുകള്‍... ''ലോകകപ്പ് നേടാനാകാത്തതാണ് ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും നിരാശപ്പെടുത്തുന്ന കാര്യമാണ്. രണ്ട് ലോകകപ്പുകളില്‍ ഇന്ത്യയെ ഫൈനലിലത്തിക്കാനായി. കൈയ്യകലത്തില്‍ നഷ്ടമായ രണ്ട് ലോകകപ്പുകളെ കുറിച്ചോര്‍ത്ത് നിരാശയുണ്ട്.'' മിതാലി പറഞ്ഞു.
വനിതാ ഐപിഎല്‍ (IPL) തുടങ്ങാന്‍ പറ്റിയ സാഹചര്യമാണെന്നും മിതാലി പറഞ്ഞു. ''വനിതാ ഐപിഎല്ലിന് അഞ്ചോ ആറോ ടീമിനെ ഇറക്കാനുള്ള ശേഷി ഇന്ത്യക്ക് ഇപ്പോള്‍ തന്നെയുണ്ട്. ആദ്യ ഘട്ടത്തില്‍ നാല് വിദേശതാരങ്ങളെന്ന നിബന്ധന മാറ്റണം. ടൂര്‍ണമെന്റ് തുടങ്ങാനുള്ള സാഹചര്യം ഇപ്പോഴുണ്ട്.'' മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.
കരിയറിലെ പ്രിയപ്പെട്ട ഇന്നിംഗ്‌സിനെ കുറിച്ചും മിതാലി സംസാരിച്ചു. ''2005 ലോകകപ്പ് സെമിയില്‍ ന്യുസീലന്‍ഡിനെതിരെ നേടിയ അര്‍ധ സെഞ്ചുറിയാണ് പ്രിയപ്പെട്ട ഇന്നിംഗ്‌സ്. മുട്ടുവേദനയുമായി കളിച്ച് 91 റണ്‍സ് നേടാന്‍ അന്ന് സാധിച്ചു. ടീം ഫൈനലിലേക്ക് മുന്നേറുകയും ചെയ്തു. ഭാവിയില്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സജീവമാകാന്‍ താല്‍പര്യം.'' മിതാലി പറഞ്ഞു.
''വിരമിക്കല്‍ തീരുമാനം പെട്ടെന്ന് എടുത്തതല്ല. ഈ വര്‍ഷം ടീമിനെ സെമിയില്‍ എത്തിക്കാനാകാഞ്ഞതും തീരുമാനമെടുക്കാന്‍ കാരണമായി.'' മിതാലി. മത്സരത്തിനിടയില്‍ പോലുമുള്ള വായന പ്രകടനം മെച്ചപ്പെടുത്തുന്നതിന് സഹായകമായെന്നും മിതാലി കൂട്ടിചേര്‍ത്തു.
ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച വനിതാ ബാറ്ററാണ് മിതാലി രാജ്. 1999ല്‍ തന്റെ 16-ാം വയസില്‍ ഏകദിന അരങ്ങേറ്റത്തില്‍ പുറത്താകാതെ 114* റണ്‍സ് നേടിയാണ് മിതാലി രാജ്യാന്തര ക്രിക്കറ്റിലേക്ക് വരവറിയിച്ചത്. വനിതാ ടെസ്റ്റില്‍ 12 മത്സരങ്ങളില്‍ ഒരു സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറികളുമായി 699 റണ്‍സാണ് മിതാലിയുടെ നേട്ടം.
അതേസമയം ഏകദിനത്തില്‍ 232 മത്സരങ്ങളില്‍ ഏഴ് സെഞ്ചുറികളും 64 ഫിഫ്റ്റികളുമായി 7805 റണ്‍സ് സ്വന്തമാക്കി. വനിതകളുടെ ഏകദിന ചരിത്രത്തിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരി മിതാലി തന്നെ. വനിതാ ടി20യില്‍ 89 മത്സരങ്ങളില്‍ 17 അര്‍ധശതകങ്ങളോടെ 2364 റണ്‍സും പേരിലാക്കി. മിതാലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ 2017 ലോകകപ്പില്‍ ഫൈനലിലെത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!