ലോകകപ്പില്‍ പാകിസ്ഥാന്‍ കളിക്കുന്ന കാര്യം തീരുമാനിക്കാനായതിനാല്‍ ക്രിക്കറ്റ് ലോകം ഒന്നടങ്കം ഉറ്റുനോക്കിയ കൂടിക്കാഴ്ചയായിരുന്നു ഇത്.

ഇസ്ലാമാബാദ്: പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാനും പാക് ആഭ്യന്തര മന്ത്രിയുമായ മൊഹ്സിൻ നഖ്‌വിക്ക് പറ്റിയ ഒരു കൈയബദ്ധമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ചാവിഷയം. ടി20 ലോകകപ്പില്‍ കളിക്കണോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയാനായി പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ സന്ദര്‍ശിച്ച ശേഷം നഖ്‌വി പങ്കുവെച്ച ട്വീറ്റിൽ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയാണ് 'പ്രധാനമന്ത്രി' എന്ന് വിശേഷിപ്പിച്ചത്. ഇതാണ് ആരാധകരുടെ ട്രോളുകൾക്കും പരിഹാസത്തിനും കാരണമായത്.

ഇന്നലെ ഇസ്ലാമാബാദിൽ വെച്ചാണ് നഖ്‌വി പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തിയത്. ലോകകപ്പില്‍ പാകിസ്ഥാന്‍ കളിക്കുന്ന കാര്യം തീരുമാനിക്കാനായതിനാല്‍ ക്രിക്കറ്റ് ലോകം ഒന്നടങ്കം ഉറ്റുനോക്കിയ കൂടിക്കാഴ്ചയായിരുന്നു ഇത്. ടി20 ലോകകപ്പിലെ ബംഗ്ലാദേശിന്‍റെ പിന്‍മാറ്റത്തെക്കുറിച്ചുള്ള സാഹചര്യങ്ങള്‍ അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഇതിനുപിന്നാലെ നഖ്‌വി എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് പിഴവ് സംഭവിച്ചത്:

Scroll to load tweet…

Scroll to load tweet…

2017-ൽ അധികാരം ഒഴിഞ്ഞ നവാസ് ഷെരീഫിനെ നിലവിലെ പ്രധാനമന്ത്രിയായി തെറ്റിച്ചെഴുതിയ നഖ്‌വിയെ മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര അടക്കമുള്ളവർ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പരിഹസിച്ചു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും ഐസിസിയുമായുള്ള തർക്കത്തെത്തുടർന്ന് പാകിസ്ഥാനും ലോകകപ്പ് ബഹിഷ്‌കരിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിലേക്ക് വരാൻ വിസമ്മതിച്ച ബംഗ്ലാദേശിന് പകരം സ്കോട്ട്‌ലൻഡിനെ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് പാകിസ്ഥാൻ ഇത്തരം നീക്കങ്ങൾ ആലോചിച്ചത്. എന്നാൽ ഒടുവിൽ നടന്ന ചർച്ചയിൽ ഇന്ത്യക്കെതിരെ കളിക്കാൻ പാകിസ്ഥാൻ തീരുമാനിച്ചതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം വെള്ളിയാഴ്ചയോ തിങ്കളാഴ്ചയോ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക