'ധോണിയുടേയും മോര്‍ഗന്റേയും ക്യാപ്റ്റന്‍സി ഒരുപോലെ'; താരതമ്യം ചെയ്ത് മൊയീന്‍ അലി

By Web TeamFirst Published Jun 30, 2022, 3:59 PM IST
Highlights

ഇപ്പോള്‍ മോര്‍ഗനെ ഇന്ത്യയുടെ ഇതിഹാസ ക്യാപ്റ്റന്‍ എം എസ് ധോണിയോട് (MS Dhoni) താരതമ്യം ചെയ്യുകയാണ് മൊയീന്‍ അലി (Moeen Ali). ഐപിഎല്ലില്‍ ധോണിക്ക് കീഴില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടിയും അലി കളിച്ചിട്ടുണ്ട്.

ലണ്ടന്‍: അടുത്തിടെയാണ് ഇംഗ്ലണ്ട് താരം ഓയിന്‍ മോര്‍ഗന്‍ (Eion Morgan) അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന്് വിരമിച്ചത്. മോശം ഫോമാണ് ക്യാപ്റ്റന്‍ കൂടിയായിരുന്ന മോര്‍ഗനെ വിരമിക്കല്‍ തീരുമാനത്തിലേക്ക് നയിച്ചത്. ഇംണ്ടിനെ ആദ്യമായി ഏകദിന ലോകകപ്പ് കിരീടം ഉയര്‍ത്തുമ്പോള്‍ മോര്‍ഗനായിരുന്നു ക്യാപ്റ്റന്‍. അന്ന് ന്യൂസിലന്‍ഡിനെ തകര്‍ത്താണ് ഇംഗ്ലണ്ട് കിരീടമുയര്‍ത്തിയത്. മോര്‍ഗന് കീഴില്‍ ഏറെക്കാലം കളിച്ച താരമാണ് ഓള്‍റൗണ്ടര്‍ മൊയീന്‍ അലി.

ഇപ്പോള്‍ മോര്‍ഗനെ ഇന്ത്യയുടെ ഇതിഹാസ ക്യാപ്റ്റന്‍ എം എസ് ധോണിയോട് (MS Dhoni) താരതമ്യം ചെയ്യുകയാണ് മൊയീന്‍ അലി (Moeen Ali). ഐപിഎല്ലില്‍ ധോണിക്ക് കീഴില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടിയും അലി കളിച്ചിട്ടുണ്ട്. ഇരുവരുടേയും സ്വഭാവ സവിശേഷതകള്‍ ഏതാണ്ട് ഒരുപോലാണെന്നാണ് മൊയീന്‍ അലി പറയുന്നത്.

കെ എല്‍ രാഹുല്‍ മൈതാനത്ത് മടങ്ങിയെത്താന്‍ ആഴ്ചകളെടുക്കും; ഏഷ്യാകപ്പ് നഷ്ടമാകുമെന്നും റിപ്പോർട്ട്

ഇംഗ്ലീഷ് ഓള്‍റൗണ്ടറുടെ വാക്കുകള്‍... ''ഞാന്‍ ധോണിക്ക് കീഴിലും മോര്‍ഗന് കീഴിലും കളിച്ചിട്ടുണ്ട്. സ്വഭാവത്തില്‍ ഇരുവരും വലിയ വ്യത്യാസമില്ല. സഹതാരങ്ങളോട് മാന്യമായി ഇടപെടാന്‍ ഇരുവര്‍ക്കുമറിയാം. ശാന്തരാണ് ഇരുവരും. ഇരുവരും മികച്ച നായകന്മാരും മികച്ച ബാറ്റ്സ്മാന്‍മാരുമാണ്. മാത്രമല്ല, നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ എക്കാലെത്തെയും മികച്ച ക്യാപ്റ്റന്‍ മോര്‍ഗനാണ്.'' മൊയീന്‍ അലി പറഞ്ഞു.

ഇംഗ്ലണ്ടിന് ഒരുകാലത്ത് വലിയ തകര്‍ച്ചയുണ്ടായപ്പോള്‍ തിരിച്ചുകൊണ്ടുവന്നതും മോര്‍ഗനാണെന്ന് മൊയീന്‍ അലി പറഞ്ഞു. ''സമ്മര്‍ദ്ദം ഒഴിവാക്കാന്‍ എന്ത് മനോഭാവമാണ് വേണ്ടതെന്ന് ഇംഗ്ലണ്ടിനെ ബോധ്യപ്പെടുത്തിയത് മോര്‍ഗനായിരുന്നു. ആ ഒരു മനോഭാവത്തോടെയാണ്് ഇംഗ്ലണ്ട് ഇന്നും കളിക്കുന്നത്. ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച നായകന്‍ തന്നെയാണ് മോര്‍ഗന്‍. ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലും അദ്ദേഹത്തിന്റെ ചിന്തകളുടെ സ്വാധീനമുണ്ടായിരുന്നു.'' മൊയീന്‍ അലി വ്യക്തമാക്കി.

കനത്ത മഴയും കാറ്റും, ഗോള്‍ സ്റ്റേഡിയത്തില്‍ സ്റ്റാന്‍ഡ് തകർന്നു; ഒഴിവായത് വന്‍ ദുരന്തം

നീണ്ടനാളത്തെ ആലോചനക്ക് ശേഷം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയാണെന്ന് മോര്‍ഗന്‍ പ്രസ്താവനയില്‍ പറഞ്ഞു. വിരമിക്കല്‍ തീരുമാനമെടുക്കുക എളുപ്പമായിരുന്നില്ലെന്നും എന്നാല്‍ ഇതാണ് ശരിയായ സമയമെന്നും മോര്‍ഗന്‍ വ്യക്തമാക്കി. കരിയറില്‍ പിന്തുണച്ച കുടുംബാംഗങ്ങള്‍ക്കും സഹതാരങ്ങള്‍ക്കും നന്ദി പറഞ്ഞു.രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ഹണ്ട്രഡ് ടൂര്‍ണമെന്റില്‍ ലണ്ടന്‍ സ്പിരിറ്റിനായി മോര്‍ഗന്‍ കളി തുടരും.

അയര്‍ലന്‍ഡ് ദേശീയ ടീമിനായും കളിച്ചിട്ടുള്ള മോര്‍ഗന്‍ 2009ലാണ് ഇംഗ്ലണ്ടിലേക്ക് മാറിയത്. 2009ല്‍ അയര്‍ലന്‍ഡ് ടീമില്‍ നിന്ന് ഇംഗ്ലണ്ട് ടീമിലെത്തിയ മോര്‍ഗന്‍ ഏകദിനത്തില്‍ 248 മത്സരങ്ങളില്‍ 7701 റണ്‍സും 115 ടി20 മത്സരങ്ങളില്‍ 2548 റണ്‍സും നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനായിട്ടുള്ള മോര്‍ഗന്‍ 83 മത്സരങ്ങളില്‍ 1405 റണ്‍സടിച്ചു. ടെസ്റ്റിലും ഏകദിനത്തിലും ടി20യിലുമായി ഇംഗ്ലണ്ടിനെ 340 മത്സരങ്ങളില്‍ പ്രതിനിധീകരിച്ച മോര്‍ഗന്‍ 2010 മുതല്‍ 2012വരെ 16 ടെസ്റ്റില്‍ നിന്ന് രണ്ട് സെഞ്ചുറികളും നേടി.

click me!