
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. സാക്ഷാല്‍ 'തല' എം എസ് ധോണിക്ക് കീഴില്‍ അഞ്ച് കിരീടങ്ങളാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നേടിയത്. 16 സീസണുകള്‍ നീണ്ട ഐപിഎല്ലിന്‍റെ ചരിത്രത്തില്‍ വിലക്ക് നേരിട്ട രണ്ട് വര്‍ഷങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ പോലും ഏറ്റവും കൂടുതല്‍ തവണ പ്ലേ ഓഫ് കളിച്ച ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. 14 സീസണുകളിലായി ഏറെ ഇതിഹാസങ്ങള്‍ കളിച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെ എക്കാലത്തേയും മികച്ച പ്ലേയിംഗ് ഇലവന്‍ തെരഞ്ഞെടുത്താല്‍ എങ്ങനെയുണ്ടാകും.
സിഎസ്‌കെയുടെ എക്കാലത്തേയും മികച്ച ഇലവനെ തെരഞ്ഞെടുത്തിരിക്കുകയാണ് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മൊയീന്‍ അലി. ക്യാപ്റ്റനായി എം എസ് ധോണി തന്നെയാണ് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. മൊയീന്‍ അലി തെരഞ്ഞെടുത്ത ടീമിന്‍റെ വിക്കറ്റ് കീപ്പറും ധോണി തന്നെ. വെടിക്കെട്ട് തുടക്കമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ലഭിക്കുക. ഇപ്പോഴത്തെ താരം റുതുരാജ് ഗെയ്‌ക്‌വാദിനൊപ്പം ഓസീസ് ഇതിഹാസ ഓള്‍റൗണ്ടര്‍ ഷെയ്‌ന്‍ വാട്‌സണാണ് ഓപ്പണിംഗില്‍. മൂന്നാം നമ്പറിലെത്തുന്നത് മിസ്റ്റര്‍ ഐപിഎല്‍ സുരേഷ് റെയ്‌ന. സിഎസ്‌കെയ്‌ക്കായി ഏറെ മത്സരങ്ങള്‍ കളിച്ച മറ്റൊരു താരമായ അമ്പാട്ടി റായുഡുവാണ് നാലാം നമ്പറില്‍. പിന്നാലെ എത്തുന്നത് ഓസീസ് സ്റ്റാര്‍ മൈക്കല്‍ ഹസിയും എം എസ് ധോണിയും.
സിഎസ്‌കെ ഇതിഹാസങ്ങളായ ഓള്‍റൗണ്ടര്‍മാര്‍ രവീന്ദ്ര ജഡേജയും ഡ്വെയ്‌ന്‍ ബ്രാവോയുമാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍. ഇന്ത്യന്‍ ഇതിഹാസം ഹര്‍ഭജന്‍ സിംഗാണ് ടീമിലെ മറ്റൊരു സ്‌പിന്നര്‍. ദീപക് ചാഹറും ജോഷ് ഹേസല്‍വുഡുമാണ് പ്ലേയിംഗ് ഇലവനിലെ മറ്റ് പേസര്‍മാര്‍. എന്നാല്‍ ഈ ഇലവനില്‍ ആരാധകര്‍ അത്ര സന്തുഷ‌്ടരല്ല. ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ ബാറ്റര്‍ ഫാഫ് ഡുപ്ലസിസിന്‍റെ അഭാവം പല ആരാധകരും ചൂണ്ടിക്കാട്ടുന്നു. ഇതോടൊപ്പം ഹര്‍ഭജന്‍ സിംഗിനെ ഇലവനില്‍ എടുത്തതിനെ പലരും ചോദ്യം ചെയ്യുന്നു. ആല്‍ബീ മോര്‍ക്കലും രവിചന്ദ്രന്‍ അശ്വിനും ഇലവനില്‍ വേണമെന്ന് പറയുന്ന ആരാധകരേയും കാണാം.
Read more: ഏകദിന ലോകകപ്പ്: ടിക്കറ്റ് വില്‍പന വൈകുന്നതിന്‍റെ കാരണം പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം