ആഴ്‌ചകളായി നീട്ടിവയ്‌ക്കപ്പെടുന്ന ടിക്കറ്റ് വില്‍പനയുടെ കാരണം ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്

മുംബൈ: ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിന്‍റെ മത്സരക്രമം പുറത്തുവന്നിട്ട് നാളുകളായെങ്കിലും ഇതുവരെ ടിക്കറ്റ് വില്‍പന ആരംഭിച്ചിട്ടില്ല. അഹമ്മദാബാദിലെ ഇന്ത്യ-പാകിസ്ഥാന്‍ ആവേശപ്പോരിന് മാസങ്ങള്‍ മുമ്പേ ഹോട്ടല്‍ റൂമുകള്‍ വരെ തീര്‍ന്നിട്ടും ടിക്കറ്റ് വില്‍പന വൈകുകയാണ്. ആഴ്‌ചകളായി നീട്ടിവയ്‌ക്കപ്പെടുന്ന ടിക്കറ്റ് വില്‍പനയുടെ കാരണം ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. 

ലോകകപ്പ് ടിക്കറ്റ് വില്‍പനയുടെ പങ്കാളികളെ ഐസിസിയും ബിസിസിഐയും ഉറപ്പിക്കാന്‍ വൈകുന്നതാണ് ടിക്കറ്റ് വില്‍പന നീളാന്‍ കാരണം. 'ഓണ്‍ലൈനായി ഏറ്റവും പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ടിക്കറ്റ് വില്‍പന നടത്താനാണ് പദ്ധതി. ടിക്കറ്റ് വില്‍പന ആരംഭിക്കാന്‍ കുറച്ച് കാര്യങ്ങള്‍ കൂടി ചെയ്‌ത് തീര്‍ക്കാനുണ്ട്. ടിക്കറ്റ് വില്‍പന ആധുനീകരിക്കാന്‍ ശ്രമിക്കുന്നതിനാലാണ് വൈകുന്നത്. അടുത്ത ആഴ്‌ചയോടെ ഇത് പരിഹരിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രാദേശിക ഓര്‍ഗനൈസിംഗ് കമ്മിറ്റിയും സംസ്ഥാന അസോസിയേഷനുകളുമായി ചേര്‍ന്ന് ഐസിസി നടത്തുന്ന വലിയ ടൂര്‍ണമെന്‍റാണിത്. വലിയ ദുര്‍ഘടം പിടിച്ച കാര്യമാണിതെന്ന് എല്ലാവരും മനസിലാക്കണം' എന്നും ബിസിസിഐ ഉന്നതന്‍ വ്യക്തമാക്കി. 

ഏകദിന ലോകകപ്പിന്‍റെ ടിക്കറ്റ് വില്‍പന വൈകുന്നത് ആരാധകരെ വലിയ സങ്കടത്തിലാക്കിക്കഴിഞ്ഞു. ലോകകപ്പ് മത്സരക്രമം പുറത്തുവന്നതോടെ വേദികളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകളും വേദികള്‍ക്കരികെയുള്ള ഹോട്ടല്‍ റൂമുകളുടെ നിരക്കും ഉയ‍ര്‍ന്നിരുന്നു. ഒക്ടോബർ 5 മുതല്‍ നവംബർ 19 വരെ 10 വേദികളിലായാണ് ഏകദിന ലോകകപ്പ് ഇന്ത്യയില്‍ നടക്കുന്നത്. ഐസിസി വെബ്സൈറ്റിന് പുറമെ മറ്റ് ബുക്കിംഗ് സൈറ്റുകള്‍ വഴിയും ടിക്കറ്റുകള്‍ ലഭ്യമായിരിക്കും. ഒക്ടോബർ 15-ാം തിയതി അഹമ്മദാബാദില്‍ നടക്കുന്ന ഇന്ത്യ-പാക് പോരാട്ടമാണ് ടൂര്‍ണമെന്‍റിലെ ഏറ്റവും പ്രധാന ആകർഷണം. വളരെ കുറച്ച് ടിക്കറ്റുകള്‍ മാത്രമായിരിക്കും ഇക്കുറി കൗണ്ടറുകള്‍ വഴി ലഭ്യമാവുകയുള്ളൂ. ബാക്കി ടിക്കറ്റുകളെല്ലാം ഓണ്‍ലൈന്‍ വഴിയാവും ആരാധകര്‍ക്ക് ലഭിക്കുക. 

Read more: ഇന്ത്യ-വിന്‍ഡീസ് ചരിത്ര ടെസ്റ്റിന് മഴ ഭീഷണി; വിശദവിവരങ്ങള്‍ അറിയാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം