കോലിയല്ല; പുറത്താക്കാന്‍ ബുദ്ധിമുട്ടേറിയ ബാറ്റ്സ്മാന്‍ ആരെന്ന് വെളിപ്പെടുത്തി മുഹമ്മദ് ആമിര്‍

By Web TeamFirst Published Nov 26, 2020, 7:14 PM IST
Highlights

ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് അഞ്ച് വര്‍ഷ വിലക്കിനുശേഷം ക്രിക്കറ്റില്‍ തിരിച്ചെത്തിയ ആമിര്‍ 2016ലാണ് കോലിക്കെതിരെ ആദ്യം പന്തെറിയുന്നത്. 2016ലെ ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെ 83 റണ്‍സിന് ഇന്ത്യ പുറത്താക്കിയെങ്കിലും ഇന്ത്യയുടെ മുന്‍നിര തകര്‍ത്ത് ആമിര്‍ 8/3 ലേക്ക് ഇന്ത്യയെ തള്ളിയിട്ടിരുന്നു.

കറാച്ചി: ഇന്ത്യ-പാക് മത്സരങ്ങളില്‍ എല്ലായാപ്പോഴും മുഹമ്മദ് ആമിറും വിരാട് കോലിയും തമ്മിലുള്ള പോരാട്ടം ആരാധകരുടെ മനം കവരാറുണ്ട്. 2016ലെ ഏഷ്യാ കപ്പിലും 2016ലെ ടി20 ലോകകപ്പിലും 2017ലെ ചാമ്പ്യന്‍സ് ട്രോഫിയിലുമെല്ലാം കോലിക്കെതിരെ മികച്ച സ്പെല്ലുകളെറിഞ്ഞ് ആമിര്‍ കരുത്തുകാട്ടുകയും ചെയ്തിട്ടുണ്ട്. കോലിക്കെതിരായ പോരാട്ടം എപ്പോഴും ആസ്വാദ്യകരമാണെങ്കിലും വെല്ലുവിളിയാവുന്നത് തന്‍റെ സഹതാരമായ ബാബര്‍ അസമിനെതിരെ പന്തെറിയുന്നതാണെന്ന് ആമിര്‍ പറയുന്നു.

സാങ്കേതികത നോക്കിയാല്‍ കോലിയെക്കാള്‍ ബാബര്‍ അസമിനെതിരെ പന്തെറിയാനാണ് ഏറ്റവും ബുദ്ധിമുട്ട്. കാരണം ക്രീസില്‍ അസമിന്‍റെ നില്‍പ്പ് തന്നെയാണ്. അസമിനെ എങ്ങനെ പുറത്താക്കണമെന്ന് പെട്ടെന്ന് മനസിലാവില്ല. ഓഫ് സ്റ്റംപിന് തൊട്ട് പുറത്ത് പന്തെറിഞ്ഞാല്‍ അസം ഡ്രൈവ് ചെയ്യും. സ്വിംഗ് ചെയ്യിച്ചാല്‍ ഫ്ലിക്ക് ചെയ്യും. നെറ്റ്സില്‍ എത്രയോ തവണ അസമിനെതിരെ പന്തെറിഞ്ഞിട്ടുണ്ട്. പക്ഷെ അദ്ദേഹത്തെ പുറത്താക്കാന്‍ ബുദ്ധിമുട്ടാണ്. അദ്ദേഹം ഒരിക്കലും പുറത്താവുമെന്ന് തോന്നില്ല. അതുകൊണ്ടുതന്നെ അസമിനെതിരെ പന്തെറിയുന്നതാണ് കോലിക്കെതിരെ പന്തെറിയുന്നതിനെക്കാള്‍ വെല്ലുവിളിയെന്നും ക്രിക്കറ്റ് പാക്കിസ്ഥാന് നല്‍കിയ അഭിമുഖത്തില്‍ ആമിര്‍ പറഞ്ഞു.

ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് അഞ്ച് വര്‍ഷ വിലക്കിനുശേഷം ക്രിക്കറ്റില്‍ തിരിച്ചെത്തിയ ആമിര്‍ 2016ലാണ് കോലിക്കെതിരെ ആദ്യം പന്തെറിയുന്നത്. 2016ലെ ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെ 83 റണ്‍സിന് ഇന്ത്യ പുറത്താക്കിയെങ്കിലും ഇന്ത്യയുടെ മുന്‍നിര തകര്‍ത്ത് ആമിര്‍ 8/3 ലേക്ക് ഇന്ത്യയെ തള്ളിയിട്ടിരുന്നു. രോഹിത്തിനെയും രഹാനെയും റെയ്നയെയുമാണ് ആമിര്‍ തുടക്കത്തിലെ മടക്കിയത്.

കോലിക്കെതിരെയും മികച്ച രീതിയില്‍ പന്തെറിഞ്ഞെങ്കിലും 51 പന്തില്‍ 49 റണ്‍സെടുത്ത് കോലി ഇന്ത്യയെ ജയത്തിലെത്തിച്ചു. 2016ലെ ടി20 ലോകകപ്പില്‍ പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 119 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നപ്പോള്‍ രോഹിത്തിനെ തുടക്കത്തിലെ ആമിര്‍ മടക്കി. കോലിക്കെതിരെയും മികച്ച രീതിയില്‍ പന്തെറിഞ്ഞെങ്കിലും അര്‍ധസെഞ്ചുറിയുമായി കോലി ഇന്ത്യയെ വിജയത്തിലെത്തിച്ചു. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പക്ഷെ കോലിയെ തുടക്കത്തിലെ മടക്കി ആമിര്‍ തിരിച്ചടിച്ചു.

click me!