ശ്രീശാന്ത് വീണ്ടും കളിക്കളത്തിലേക്ക്; തിരിച്ചുവരവ് കേരളത്തിലെ ടൂര്‍ണമെന്‍റില്‍

By Web TeamFirst Published Nov 26, 2020, 10:34 AM IST
Highlights

ഏഴ് വർഷത്തെ വിലക്കിന് ശേഷമാണ് ശ്രീശാന്ത് തിരിച്ചുവരുന്നത് എന്നതാണ് സവിശേഷത

തിരുവനന്തപുരം: മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് വീണ്ടും കളിക്കളത്തിലേക്ക്. കെസിഎ സംഘടിപ്പിക്കുന്ന പ്രസിഡന്റ്സ് കപ്പ് T20യിൽ കളിക്കും. മത്സരങ്ങൾ ഡിസംബർ 17 മുതൽ ആലപ്പുഴയിലാണ് നടക്കുക എന്ന് കെസിഎ അറിയിച്ചു. 'കെസിഎ. ടൈഗേഴ്സ്' ടീമിലാണ് ശ്രീശാന്ത് കുപ്പായമണിയുക. ടൂർണമെന്റിൽ ആകെ ആറ് ടീമുകളാണ് മാറ്റുരയ്‌ക്കുന്നത്. 

ഏഴ് വർഷത്തെ വിലക്കിന് ശേഷമാണ് ശ്രീശാന്ത് തിരിച്ചുവരുന്നത് എന്നതാണ് സവിശേഷത. മത്സരം നടത്താനുള്ള അനുമതിക്കായി സർക്കാരിന് കത്ത് നൽകിയതായി കെസിഎ വ്യക്തമാക്കി. 

ഐപിഎല്ലില്‍ 2013ല്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുമ്പോഴാണ് ഒത്തുകളി ആരോപണത്തെത്തുടര്‍ന്ന് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തതും പിന്നീട് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതും. തെളിവില്ലാത്ത കാരണത്താല്‍ കോടതി കുറ്റമുക്തനാക്കിയിട്ടും ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കാന്‍ ബിസിസിഐ തയാറായില്ല. പിന്നീട് സുപ്രീംകോടതി ഇടപെട്ട ശേഷമാണ് ശ്രീശാന്തിന്റെ വിലക്ക് ഏഴ് വര്‍ഷമായി ബിസിസിഐ കുറച്ചത്.

ഈ വര്‍ഷം സെപ്റ്റംബറിലാണ് ശ്രീശാന്തിന്റെ വിലക്ക് അവസാനിച്ചത്. കേരളത്തിന്റെ രഞ്ജി ടീമിലേക്ക് ശ്രീശാന്തിനെ പരിഗണിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 

click me!