ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് മുഹമ്മദ് ആമിര്‍

By Web TeamFirst Published Jul 26, 2019, 5:03 PM IST
Highlights

2009ല്‍ ശ്രീലങ്കക്കെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയ ആമിര്‍ 36 ടെസ്റ്റില്‍ നിന്ന് 119 വിക്കറ്റുകള്‍ സ്വന്തമാക്കി. 2017ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 44 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴത്തിയതാണ് മികച്ച പ്രകടനം

കറാച്ചി:പാക്കിസ്ഥാന്‍ പേസര്‍ മുഹമ്മദ് ആമിര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഏകദിനത്തിലും ടി20യിലും ശ്രദ്ധകേന്ദ്രീകരിക്കാനായി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് 27കാരനായ ആമിര്‍ വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.

പാക്കിസ്ഥാനുവേണ്ടി കളിക്കുക എന്നതാണ് എന്റെ ആഗ്രഹവും ലക്ഷ്യവും. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് അടക്കമുള്ള ടൂര്‍ണമെന്റുകളില്‍ പാക്കിസ്ഥാനുവേണ്ടി മികച്ച പ്രകടനം പുറത്തെടുക്കും. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള ആലോചന കുറച്ചുനാളുകളായി മനസിലുണ്ടായിരുന്നു. ആ തിരുമാനം പക്ഷെ അത്ര എളുപ്പമായിരുന്നില്ല.

ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ തന്നെ ആ തീരുമാനം എടുക്കുകയാണ്. എന്നെ പിന്തുണച്ച എല്ലാ സഹതാരങ്ങള്‍ക്കും കളിക്കാന്‍ അവസരം തന്നെ പാക് ക്രിക്കറ്റ് ബോര്‍ഡിനും നന്ദി-ആമിര്‍ പറഞ്ഞു.

2009ല്‍ ശ്രീലങ്കക്കെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയ ആമിര്‍ 36 ടെസ്റ്റില്‍ നിന്ന് 119 വിക്കറ്റുകള്‍ സ്വന്തമാക്കി. 2017ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 44 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴത്തിയതാണ് മികച്ച പ്രകടനം. 2010ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ തത്സമയ ഒത്തുകളിയില്‍ പങ്കാളിയായതിനെത്തുടര്‍ന്ന് ആമിറിനെ അഞ്ച് വര്‍ഷത്തേക്ക് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിലക്കിയിരുന്നു. പിന്നീട് 2016ലാണ് ആമിര്‍ പാക് ടീമില്‍ തിരിച്ചെത്തിയത്.

click me!