സഞ്ജുവോ കിഷനോ; ലങ്കയില്‍ ആര് കീപ്പറാകും എന്ന് പ്രവചിച്ച് കൈഫ്

By Web TeamFirst Published Jul 15, 2021, 2:31 PM IST
Highlights

ഇന്ത്യക്കായി മുമ്പ് കളിച്ചിട്ടുള്ള താരമാണ് സഞ്ജു സാംസണ്‍. ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും പര്യടനം നടത്തിയ ടീമില്‍ അംഗമായിരുന്നു. 

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ഏകദിനത്തില്‍ ആരായിരിക്കും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. മലയാളി താരം സഞ്ജു സാംസണ്‍, മുംബൈയുടെ ഇഷാന്‍ കിഷന്‍ എന്നിവരാണ് സ്‌ക്വാഡിലുള്ളത്. സഞ്ജു പ്ലേയിംഗ് ഇലവനില്‍ എത്തുമോ എന്ന ആകാംക്ഷ മുറുകിയിരിക്കേ ആദ്യ ഏകദിനത്തിലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെ പ്രവചിച്ചിരിക്കുകയാണ് മുന്‍താരം മുഹമ്മദ് കൈഫ്. 

'പ്ലേയിംഗ് ഇലവനില്‍ ആരൊക്കെ വേണമെന്നത് പരിശീലകന്‍ എന്ന നിലയില്‍ രാഹുല്‍ ദ്രാവിഡിനും നായകന്‍ ശിഖര്‍ ധവാനും കടുത്ത പരീക്ഷയായിരിക്കും. ആറ് മത്സരങ്ങളെ ഉള്ളൂ എങ്കിലും വലിയ സ്‌ക്വാഡിനെയാണ് അയച്ചിരിക്കുന്നത്. ഇന്ത്യക്കായി മുമ്പ് കളിച്ചിട്ടുള്ള താരമാണ് സഞ്ജു സാംസണ്‍. ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും പര്യടനം നടത്തി. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുകയും ചെയ്യുന്നു. 

മുമ്പ് കളിച്ച് പരിചയമുള്ള താരങ്ങളെ ഏകദിന പരമ്പരയില്‍ പരിഗണിക്കാനാണ് ദ്രാവിഡും ധവാനും ശ്രമിക്കുക എന്നാണ് തോന്നുന്നത്. മുന്‍പരിചയമുള്ള താരങ്ങള്‍ക്ക് ആദ്യത്തെ കുറച്ച് മത്സരങ്ങളില്‍ പ്രധാന്യം ലഭിച്ചേക്കും. സഞ്ജു അവരിലൊരാളാണ്' എന്നും കൈഫ് പറഞ്ഞു. 

ഹര്‍ദിക് പാണ്ഡ്യയുടെ ഫിറ്റ്‌നസും പ്രകടനവും നിർണായകം

'മികച്ച നിലയില്‍ കളിക്കുന്ന താരങ്ങളാണ് ഓപ്പണര്‍മാരായ ശിഖര്‍ ധവാനും പൃഥ്വി ഷായും. ഇന്ത്യക്കായും ഐപിഎല്ലിലും മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട് സൂര്യകുമാര്‍ യാദവ്. ഹര്‍ദിക് പാണ്ഡ്യയുമുണ്ട് ടീമില്‍. ഈ പര്യടനത്തില്‍ പാണ്ഡ്യ എങ്ങനെയായിരിക്കും എന്ന ആകാംക്ഷ എല്ലാവര്‍ക്കുമുണ്ട്. ഈ ടീമിലെ നിര്‍ണായക താരങ്ങളില്‍ ഒരാളാണ് പാണ്ഡ്യ. ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ പാണ്ഡ്യ പന്തെറിയും എന്നാണ് പ്രതീക്ഷ. ടീമിനെ സന്തുലിതമാക്കാന്‍ അത് സഹായകമാകും. അദേഹത്തിന്‍റെ ഫിറ്റ്‌നസിലാണ് ശ്രദ്ധ. 

ഭുവനേശ്വര്‍ കുമാറിന്‍റെ ഫിറ്റ്‌നസും വളരെ ശ്രദ്ധേയമാണ്. ടെസ്റ്റ് ടീമിന്‍റെ ഭാഗമല്ല അദേഹം. അതിനാല്‍ തന്‍റെ മികച്ച പ്രകടനം ഭുവി പുറത്തെടുക്കേണ്ടതുണ്ട്. കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും ഒന്നിച്ച് കളിച്ചേക്കും. ഏറെക്കാലമായി ഒന്നിച്ച് കളിക്കുന്ന താരങ്ങളാണ് ഇരുവരും. കഴി‌ഞ്ഞ കുറച്ച് മാസങ്ങളായി സ്ഥിര സാന്നിധ്യമല്ല കുല്‍ദീപ്. മുതിര്‍ന്ന താരങ്ങള്‍ക്കാണ് പ്ലേയിംഗ് ഇലവനില്‍ പ്രഥമ പരിഗണന കിട്ടാന്‍ സാധ്യത'യെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു. 

വിരാട് കോലി, രോഹിത് ശര്‍മ്മ, ജസ്‌പ്രീത് ബുമ്ര, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി തുടങ്ങിയ സീനിയര്‍ താരങ്ങളില്ലാതെയാണ് ഇന്ത്യന്‍ ടീം ലങ്കയില്‍ പര്യടനത്തിനെത്തിയിരിക്കുന്നത്. കോലി നയിക്കുന്ന സീനിയര്‍ ടീം ടെസ്റ്റ് പരമ്പരയ്‌ക്കായി ഇംഗ്ലണ്ടിലാണുള്ളത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍മാരായ റിഷഭ് പന്തും കെ എല്‍ രാഹുലും കോലിക്കൊപ്പം ഇംഗ്ലണ്ടിലാണ്. അതിനാലാണ് ലങ്കയില്‍ സഞ്ജുവോ കിഷനോ കളിക്കുക എന്ന ചര്‍ച്ച സജീവമായിരിക്കുന്നത്. 

ശ്രീലങ്കയിലുള്ള ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍(ഉപനായകന്‍), പൃഥ്വി ഷാ, ദേവ്‌ദത്ത് പടിക്കല്‍, റിതുരാജ് ഗെയ്‌ക്‌വാദ്, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, ഹര്‍ദിക് പാണ്ഡ്യ, നിതീഷ് റാണ, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), യുസ്‌വേന്ദ്ര ചാഹല്‍, രാഹുല്‍ ചഹാര്‍, കൃഷ്‌ണപ്പ ഗൗതം, ക്രുനാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ദീപക് ചഹാര്‍, നവ്‌ദീപ് സെയ്‌നി, ചേതന്‍ സക്കറിയ. 

നെറ്റ് ബൗളര്‍മാര്‍: ഇഷാന്‍ പോരെല്‍, സന്ദീപ് വാര്യര്‍, അര്‍ഷ്‌ദീപ് സിംഗ്, സായ് കിഷോര്‍, സിമര്‍ജീത്ത് സിംഗ്.

ഒളിംപിക്‌സ് മെഗാ ക്വിസ്: ആദ്യ വിജയികള്‍ ഇവര്‍; രണ്ടാം ദിവസത്തെ ചോദ്യങ്ങള്‍ അറിയാം

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!