സ്മൃതി മന്ദാനയ്ക്ക് ഡാനിയേല വ്യാറ്റിലൂടെ മറുപടി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ടി20 പരമ്പരയും നഷ്ടം

By Web TeamFirst Published Jul 15, 2021, 12:37 PM IST
Highlights

ചെംസ്‌ഫോര്‍ഡ് കൗണ്ടി ഗ്രൗണ്ടില്‍ ടോസ് നേടിയ ഇന്ത്യന്‍ വനിതകള്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് ഇന്ത്യ നേടിയത്.

ലണ്ടന്‍: സ്മൃതി മന്ദാനയുടെ വേഗത്തിലുള്ള അര്‍ധ സെഞ്ചുറിക്ക് ഡാനിയേല വ്യാറ്റിന്‍റെ അതിവേഗത്തിലുള്ള മറുപടി. ഫലം ഇംഗ്ലീഷ് വനിതകള്‍ക്കെതിരെ ഇന്ത്യക്ക് ടി20 പരമ്പര നഷ്ടം. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 2-1നാണ് ഇന്ത്യ പരാജയപ്പെടുന്നത്. ചെംസ്‌ഫോര്‍ഡ് കൗണ്ടി ഗ്രൗണ്ടില്‍ ടോസ് നേടിയ ഇന്ത്യന്‍ വനിതകള്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് ഇന്ത്യ നേടിയത്. മറുപടി ബാറ്റിങ്ങില്‍  ഇംഗ്ലണ്ട് 18.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

56 പന്തുകളില്‍ പുറത്താവാതെ 86 റണ്‍സ് നേടിയ വ്യാറ്റാണ് ഇംഗ്ലണ്ടിന അനായാസ വിജയത്തിലേക്ക് നയിച്ചത്. 12 ബൗണ്ടറിയും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു വ്യാറ്റിന്‍റെ ഇന്നിങ്‌സ്. സ്‌കോര്‍ ബോര്‍ഡില്‍ 20 റണ്‍സ് മാത്രം ഉണ്ടായിരിക്കെ ഇംഗ്ലണ്ടിന് താമി ബ്യൂമോണ്ടിനെ (11) നഷ്ടമായി. എന്നാല്‍ നതാലി സ്‌കിവറിനൊപ്പം (42) ചേര്‍ന്ന വ്യാറ്റ് ഇംഗ്ലണ്ടിനെ പരമ്പര നേട്ടത്തിലേക്ക് നയിച്ചു. വിജയം ഉറപ്പാക്കിയ ശേഷമാണ് സ്‌കിവര്‍ മടങ്ങിയത്. 36 പന്തില്‍ നാല് ഫോറുകള്‍ അടങ്ങുന്നതായിരുന്നു സ്‌കിവറിന്റെ ഇന്നിംഗ്‌സ്. ഹീതര്‍ നൈറ്റ് (6) പുറത്താവാതെ നിന്നു. സ്‌നേഹ് റാണ, ദീപ്തി ശര്‍മ എന്നിവരാണ് ഇന്ത്യക്കായി വിക്കറ്റുകള്‍ വീഴ്ത്തിയത്.

നേരത്തെ മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ 13 റണ്‍സ് മാത്രമുള്ളപ്പോള്‍ ഷെഫാലി വര്‍മ (0), ഹര്‍ലീന്‍ ഡിയോള്‍ (6) എന്നിവര്‍ പവലിയനില്‍ തിരിച്ചെത്തി. പിന്നീട് ഒത്തുച്ചേര്‍ന്ന സ്മൃതി- ഹര്‍മന്‍പ്രീത് കൗര്‍ (36) സഖ്യമാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഇരുവരും 68 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 26 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു കൗറിന്റെ ഇന്നിങ്‌സ്. പിന്നീട് ഇറങ്ങിയവരില്‍ റിച്ചാ ഘോഷ് (20) മാത്രമാണ് ചെറുത്തുനിന്നത്. ഇതിനിടെ സ്മൃതിയും പവലിയനില്‍ തിരിച്ചെത്തി. എട്ട് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ദീപ്തി ശര്‍മ (1), അരുന്ദതി റെഡ്ഡി (1) പുറത്താവാതെ നിന്നു.

ഇംഗ്ലണ്ടില്‍ സമ്പൂര്‍ണ പരാജയവുമായാണ് ഇന്ത്യന്‍ വനിതകള്‍ മടങ്ങുന്നത്. നേരത്തെ ടെസ്റ്റ് പരമ്പരയിലും ഏകദിന പരമ്പരയിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു.

click me!