
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ കര്‍ണാടകക്കെതിരെ കേരളത്തിന് ഭേദപ്പെട്ട സ്കോര്‍. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കേരളം ബാബാ അപരാജിതിന്‍റെയും മുഹമ്മദ് അസറുദ്ദീന്‍റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സെടുത്തു. 56 പന്തില്‍ പുറത്താകാതെ 84 റണ്‍സെടുത്ത മുഹമ്മദ് അസറുദ്ദീനാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. ബാബാ അപരാജിത് 62 പന്തില്‍ 71 റണ്‍സടിച്ചു.
ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ കേരളത്തിന് തുടക്കത്തിലെ തിരിച്ചടിയേറ്റു. ഇന്ത്യൻ താരം സഞ്ജു സാംസണ്‍ ഇന്നും വിട്ടു നിന്നപ്പോള്‍ ക്യാപ്റ്റൻ രോഹന്‍ കുന്നുമ്മലിനൊപ്പം അഭിഷേക് നായര്‍ തന്നെയാണ് കേരളത്തിനായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. ഏഴ് റണ്‍സെടുത്ത അഭിഷേകും ഗോള്‍ഡന്‍ ഡക്കായി അഹമ്മദ് ഇമ്രാനും മടങ്ങുമ്പോള്‍ കേരളത്തിന്‍റെ സ്കോര്‍ ബോര്‍ഡില്‍ 22 റണ്‍സെ ഉണ്ടായിരുന്നുള്ളു. രോഹന്‍ കുന്നുമ്മലും ബാബാ അപരാജിതും ചേര്‍ന്ന കൂട്ടുകെട്ടില്‍ കേരളം പ്രതീക്ഷ വെച്ചെങ്കിലും പവര്‍ പ്ലേയില്‍ തന്നെ രോഹനും(12) മടങ്ങിയതോടെ സ്കോര്‍ 50 കടക്കും മുമ്പെ മൂന്ന് വിക്കറ്റ് നഷ്ടമായി കേരളം പതറി. എന്നാല്‍ നാലാം വറ്റില്‍ 77 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ അഖില്‍ സ്കറിയയും(27) ബാബാ അപരാജിതും ചേര്‍ന്ന് കേരളത്തെ 100 കടത്തി. 71 റണ്‍സെടുത്ത അപരാജിതിനെ ശ്രേയസ് ഗോപാല്‍ പുറത്താക്കിയതിന് പിന്നാലെ അഖില്‍ സ്കറിയയെ വിദ്വത് കവരെപ്പ പുറത്താക്കിയതോടെ കേരളം 128-5ലേക്ക് വീണു.
പിന്നീട് മുഹമ്മദ് അസറുദ്ദീന്‍-വിഷ്ണു വിനോദ്(35) സഖ്യമാണ് കേരളത്തെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. കഴിഞ്ഞ മത്സരത്തില്‍ വെടിക്കെട്ട് സെഞ്ചുറി നേടിയ വിഷ്ണുവിനെ ശ്രേയസ് ഗോപാല്‍ പുറത്താക്കിയതിന് പിന്നാലെ അങ്കിത് ശര്‍മയും(2) പുറത്തായതോടെ 186-7ലേക്ക് വീണ കേരളത്തെ എം ഡി നിധീഷിനൊപ്പം(34*) 95 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയ മുഹമ്മദ് അസറുദ്ദീൻ(58 പന്തില്‍ 84*) ചേര്‍ന്ന് കേരളത്തെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. മൂന്ന് ഫോറും നാലു സിക്സും അടങ്ങുന്നതാണ് അസറുദ്ദീന്‍റെ ഇന്നിംഗ്സ്. കര്‍ണാടകക്കായി അഭിലാഷ് ഷെട്ടി മൂന്നും ശ്രേയസ് ഗോപാല്‍ രണ്ടും വിക്കറ്റെടുത്തു. ആദ്യ മത്സരത്തില്‍ കേരളം ത്രിപുരയെ തോല്‍പിച്ചപ്പോള്‍ കര്‍ണാടക ജാര്‍ഖണ്ഡ് ഉയര്‍ത്തിയ 412 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!