
കൊല്‍ക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗുജറാത്തിനെതിരായ മത്സരത്തില്‍ എട്ട് വിക്കറ്റുമായി ബംഗാളിന്‍റെ വിജയശില്‍പിയായ ഇന്ത്യൻ പേസര്‍ മുഹമ്മദ് ഷമിയെ പിന്തുണച്ച് ബംഗാള്‍ പരിശീലകന് ലക്ഷ്മി രത്തൻ ശുക്ല. മുഹമ്മദ് ഷമിക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ഗുജറാത്തിനെതിരായ ജയത്തിനുശേഷം ലക്ഷ്മി രത്തൻ ശുക്ല പറഞ്ഞു.
മുഹമ്മദ് ഷമിക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. അവന്‍ തന്നെയാണ് അവന്‍റെ ഏറ്റവും വലിയ സര്‍ട്ടിഫിക്കറ്റ്, അവന്‍റെ ആദ്യകാലത്തെ റണ്ണപ്പും ഇപ്പോഴുള്ള റണ്ണപ്പും നോക്കും. 500 വിക്കറ്റുകള്‍ വീഴ്ത്തിയശേഷവും അതില്‍ മാറ്റമൊന്നുമില്ല. എല്ലാം പഴയതുപോലെ തന്നെയാണ്. അതാണ് അവന്‍റെ മഹത്വവും. അതുകൊണ്ട് തന്നെ അവന് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഏത് കോണില്‍ നിന്ന് നോക്കിയാലും അവന്‍ പൂര്‍ണമായും ഫിറ്റാണ്. അതുകൊണ്ട് തന്നെ അവന്‍ ഇന്ത്യൻ ടീമില്‍ തിരിച്ചെത്തും. അവന് ആരാധകരുടെയും മാധ്യമങ്ങളുടെയും പിന്തുണയുണ്ട്. അവരാണ് ഏറ്റവും വലിയ സെലക്ടര്‍മാരെന്നും ഇന്ത്യൻ ടീം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ പേരെടുത്ത് പറയാതെ ശുക്ല പറഞ്ഞു.
ഗുജറാത്തിനെതിരെ ആദ്യ ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റെടുത്ത ഷമി രണ്ടാം ഇന്നിംഗ്സില്‍ 38 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്താണ് ടീമിന്‍റെ വിജയശില്‍പിയായത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഷമിയുടെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനമായിരുന്നു ഇത്. 2021ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റിലാണ് ഷമി അവസാനം അഞ്ച് വിക്കറ്റെടുത്തത്. ഈ സീസണില്‍ രണ്ട് രഞ്ജി മത്സരങ്ങളില്‍ നിന്നായി 10.46 ശരാശരിയില്‍ 15 വിക്കറ്റുകളാണ് ഷമി ബംഗാളിനായി എറിഞ്ഞിട്ടത്.
ഈ വര്‍ഷം ആദ്യം ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യക്കായി കളിച്ച ഷമിയെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാതിരുന്നത് കായികക്ഷമതയില്ലാത്തതിനാലാണെന്ന് അജിത് അഗാര്‍ക്കര്‍ പറഞ്ഞിരുന്നു. എന്നാല്‍ ബംഗാളിനായി രഞ്ജി ട്രോഫി മത്സരം കളിക്കുന്ന തനിക്ക് ഫിറ്റ്നെസ് പ്രശ്നങ്ങളൊന്നുമില്ലെന്നും സെലക്ടര്‍മാര്‍ ആരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും ഷമി തുറന്നടിച്ചതോടെ ഇരുവരും തമ്മിലുള്ള വാക് പോര് കനത്തു. സെലക്ടര്‍മാരാരും തന്‍റെ ഫിറ്റ്നെസ് നില എന്താണെന്ന് ചോദിച്ച് ബന്ധപ്പെട്ടിരുന്നില്ലെന്നും അങ്ങോട്ട് ബന്ധപ്പെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഷമി തുറന്നു പറഞ്ഞിരുന്നു. പിന്നാലെ സെലക്ടര്‍മാരിലൊരാളായ ആര്‍ പി സിംഗ് ഷമിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രഞ്ജിയില്‍ മിന്നിയതോടെ അടുത്ത മാസം നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലേക്ക് ഷമിയെ പരിഗണിക്കുമോ എന്നാണ് ആരാധകര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക