ഷമിയുടെ ലോകകപ്പ് മോഹങ്ങള്‍ക്ക് തിരിച്ചടി; പീഡന കേസില്‍ വാദം കേള്‍ക്കുന്നത് ലോകകപ്പിനിടെ

By Web TeamFirst Published Mar 15, 2019, 2:02 PM IST
Highlights

ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുകയാണെങ്കില്‍ ഷമിക്ക് അഫ്ഗാനെതിരായ മത്സരം നഷ്ടമാകും. അടുത്തമാസമാണ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുക.

കൊല്‍ക്കത്ത: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം  മുഹമ്മദ് ഷമിയുടെ ലോകകപ്പ് മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി. ഷമിക്കെതിരെ ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ സ്ത്രീധന, ലൈംഗിക പീഡന കേസുകളില്‍ വാദം കേള്‍ക്കുന്നത് ജൂണ്‍ 22നാണ്. അന്ന് കേടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി ഷമിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേദിവസം തന്നെയാണ് ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരം.

ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുകയാണെങ്കില്‍ ഷമിക്ക് അഫ്ഗാനെതിരായ മത്സരം നഷ്ടമാകും. അടുത്തമാസമാണ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുക. ഭാര്യ ഹസിന്‍ ജഹാന്റെ പരാതിയില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് എട്ടിനാണ് കൊല്‍ക്കത്ത പോലീസ് ഷമിക്കെതിരെ കേസെടുത്തത്.   

കേസില്‍ കഴിഞ്ഞ ദിവസമാണ് കൊല്‍ക്കത്ത പോലീസ് ആലിപോര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഗാര്‍ഹിക പീഡനം ,സ്ത്രീധന പീഡനം എന്നീ ആരോപണങ്ങളിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്.ഷമിക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഹസിന്‍ ജഹാന്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ രംഗത്തുവരികയായിരുന്നു. പിന്നീട് ഷമിക്കെതിരെ പരസ്ത്രീ ബന്ധവും ക്രിക്കറ്റിലെ ഒത്തുകളിയും അടക്കം നിരവധി ആരോപണങ്ങളും ഹസിന്‍ ജഹാന്‍ ഉന്നയിക്കുകയും സ്ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു.

എന്നാല്‍ ഒത്തുകളി ആരോപണത്തെക്കുറിച്ച് അന്വേഷിച്ച ബിസിസിഐ ഷമിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഐപിഎല്ലും ലോകകപ്പും തുടങ്ങാനിരിക്കെ താരത്തെയും ഇന്ത്യന്‍ ടീമിനെയും സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ് കൊല്‍ക്കത്ത പോലീസിന്റെ നടപടി.

click me!