
കൊല്‍ക്കത്ത: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ഇന്ന് ആരംഭിക്കാനിരിക്കെ നേട്ടത്തിന്റെ വക്കില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 450-ഓ അതിലധികമോ വിക്കറ്റ് വീഴ്ത്തുന്ന നാലാമത്തെ ഇന്ത്യന്‍ പേസറാകാന്‍ ഷമിക്ക് അവസരമുണ്ട്. മുഹമ്മദ് ഷമി പതിനാല് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്ന പരമ്പരയാണിത്. 2023 ഏകദിന ലോകകപ്പ് ഫൈനലിനിടെയേറ്റ പരിക്കിന് ശേഷം ഷമി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ല. അടുത്തിടെ ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഫിറ്റ്‌നെസ് വീണ്ടെടുത്താണ് ഷമി ടീമിലിടം കണ്ടെത്തിയത്.
കപില്‍ ദേവ് (687), സഹീര്‍ ഖാന്‍ (597), ജവഗല്‍ ശ്രീനാഥ് (551) എന്നിവരാണ് ഇതിനകം ഈ നാഴികക്കല്ല് നേടിയ പേസര്‍മാര്‍. അനില്‍ കുംബ്ലെ (953), രവി അശ്വിന്‍ (765), ഹര്‍ഭജന്‍ സിംഗ് (707), രവീന്ദ്ര ജഡേജ (597) എന്നിവരാണ് ഇന്ത്യന്‍ സ്പിന്നര്‍മാരില്‍ നാഴികക്കല്ലിലെത്തിയത്. 2013ല്‍ അരങ്ങേറ്റം കുറിച്ച ശേഷം 188 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 4.12 എന്ന എക്കോണമി റേറ്റില്‍ 448 വിക്കറ്റുകളാണ് ഷമി നേടിയത്. താരങ്ങളുടെ പട്ടികയിങ്ങനെ...
അനില്‍ കുംബ്ലെ - 401 മത്സരങ്ങളില്‍ നിന്ന് 953 വിക്കറ്റ്
രവി അശ്വിന്‍ - 287 മത്സരങ്ങളില്‍ നിന്ന് 765 വിക്കറ്റ്
ഹര്‍ഭജന്‍ സിംഗ് - 365 മത്സരങ്ങളില്‍ നിന്ന് 707 വിക്കറ്റ്
കപില്‍ ദേവ് - 356 മത്സരങ്ങളില്‍ നിന്ന് 687 വിക്കറ്റ്
രവീന്ദ്ര ജഡേജ - 351 മത്സരങ്ങളില്‍ നിന്ന് 597 വിക്കറ്റ്
സഹീര്‍ ഖാന്‍ - 351 മത്സരങ്ങളില്‍ നിന്ന് 597 വിക്കറ്റുകള്‍
ജവഗല്‍ ശ്രീനാഥ് - 296 മത്സരങ്ങളില്‍ നിന്ന് 551 വിക്കറ്റ്
മുഹമ്മദ് ഷമി - 188 മത്സരങ്ങളില്‍ നിന്ന് 448 വിക്കറ്റ്
ബിസിസിഐയുടെ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്ത പുതിയ വീഡിയോയില്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന പ്രശ്നങ്ങളെ കുറിച്ച് ഷമി സംസാരിച്ചു. കഠിനമായ ഘട്ടം തന്നെ മാനസികമായി ശക്തനാക്കിയെന്ന് ഷമി പറഞ്ഞു. ''ഒരു കളിക്കാരന് നന്നായി കളിച്ചോണ്ടിരിക്കുമ്പോള്‍ പരിക്കേല്‍ക്കുക. പിന്നീട് എന്‍സിഎയിലെ പരിചരണം. തിരിച്ചുവരവ് നടത്തുന്നത് ബുദ്ധിമുട്ടായ കാര്യമായിരുന്നു. പരിക്കുകളിലൂടെ കടന്നുപോകുമ്പോള്‍, ഒരു കായികതാരമെന്ന നിലയില്‍ നിങ്ങള്‍ കൂടുതല്‍ ശക്തനാകുമെന്ന് എനിക്ക് തോന്നുന്നു.'' ഷമി വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!