ആശാനെ മറികടക്കാന്‍ സഞ്ജുവിന് അവസരം! ആഞ്ഞ് ശ്രമിച്ചാല്‍ ഗംഭീര്‍ പിന്നില്‍, എലൈറ്റ് പട്ടികയിലെത്താനും അവസരം

Published : Jan 22, 2025, 11:57 AM ISTUpdated : Jan 22, 2025, 12:31 PM IST
ആശാനെ മറികടക്കാന്‍ സഞ്ജുവിന് അവസരം! ആഞ്ഞ് ശ്രമിച്ചാല്‍ ഗംഭീര്‍ പിന്നില്‍, എലൈറ്റ് പട്ടികയിലെത്താനും അവസരം

Synopsis

190 റണ്‍സ് കൂടി നേടിയാല്‍ സഞ്ജുവിന് അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ 1000 ക്ലബിലെത്താം.

കൊല്‍ക്കത്ത: ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പര ഇന്ന് തുടങ്ങാനിരിക്കെ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണെ കാത്ത് കൂടുതല്‍ നേട്ടങ്ങള്‍. ഇന്ന് കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകിട്ട് ഏഴിനാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20. അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ ആദ്യത്തേതാണ് ഇന്ന് നടക്കുന്നത്. ബാറ്റര്‍മാര്‍ക്ക് അനുകൂലമായ പിച്ചാണ് ഈഡനില്‍ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ സഞ്ജുവിന് തിളങ്ങാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ സഞ്ജു ഓപ്പണിംഗ് സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. മുഹമ്മദ് ഷമി പതിനാല് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്ന പരമ്പരയാണിത്. 

ഇതിനിടെയാണ് സഞ്ജുവിനെ കാത്ത് കൂടുതല്‍ നേട്ടങ്ങള്‍. 190 റണ്‍സ് കൂടി നേടിയാല്‍ സഞ്ജുവിന് അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ 1000 ക്ലബിലെത്താം. 37 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള സഞ്ജു ഇതുവരെ 810 റണ്‍സ് നേടിയിട്ടുണ്ട്. മുമ്പ് 11 ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് 1000 ക്ലബിലെത്തിയിട്ടുള്ളത്. 932 റണ്‍സ് നേടിയിട്ടുള്ള ഗൗതം ഗംഭീറിനെ മറികടക്കാനും സഞ്ജുവിന് സാധിക്കും. ടി20 ക്രിക്കറ്റില്‍ ഒന്നാകെ 7500 നേടാനും സഞ്ജുവിന് അവസരമുണ്ട്. 207 റണ്‍സാണ് സഞ്ജുവിന് വേണ്ടത്. നിലവില്‍ 277 ഇന്നിംഗ്‌സില്‍ നിന്ന് 7293 റണ്‍സ് സഞ്ജു നേടി. ആറ് സെഞ്ചുറിയും 47 അര്‍ധ സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടും. 29.88 ശരാശരിയും 137.08 സ്‌ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്.

രോഹിത്തിനെ തൊടാനാവില്ല! പക്ഷേ, ധോണിയെ മറികടക്കാം; സഞ്ജുവിനെ കാത്തിരിക്കുന്നത് പുതിയ നാഴികക്കല്ല്

അന്താരാഷ്ട്ര ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ ധോണിയെ മറികടക്കാനും സഞ്ജുവിന് അവസരമുണ്ട്. ഇതുവരെ 46 സിക്‌സുകളാണ് നേടിയത്. 98 മത്സരങ്ങള്‍ കളിച്ച ധോണിയാകട്ടെ, ആകെ നേടിയിട്ടുള്ളത് 52 സിക്‌സറുകള്‍. ഏഴ് സിക്‌സുകള്‍ നേടിയാല്‍ സഞ്ജുവിന് ധോണിയെ മറികടക്കാം. അതേസമയം, ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ താരങ്ങളില്‍ രോഹിത് ശര്‍മയാണ് മുന്നില്‍. 159 മത്സരങ്ങളില്‍നിന്ന് 205 സിക്‌സുകളാണ് രോഹിത് നേടിയത്. രാജ്യാന്തര ട്വന്റി20യില്‍ സിക്‌സറുകളില്‍ 200ലധികം സിക്‌സുകള്‍ നേടിയ ഏക താരവും രോഹിത് തന്നെ. 122 മത്സരങ്ങളില്‍ നിന്ന് 173  റണ്‍സ് നേടിയ മുന്‍ കിവീസ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലാണ് രണ്ടാമത്. 

ഇന്ത്യയുടെ സാധ്യതാ ഇലവന്‍

അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിംഗ്, അക്സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സഞ്ജു മാത്രമല്ല, ലോകകപ്പില്‍ ഗില്ലിന് പകരക്കാരാവാന്‍ ക്യൂവില്‍ നിരവധി പേര്‍, എന്നിട്ടും കണ്ണടച്ച് സെലക്ടര്‍മാര്‍
ക്ലച്ചുപിടിക്കാതെ ഗില്‍; എത്ര നാള്‍ ഇനിയും സഞ്ജുവിനെ പുറത്തിരിത്തും?