ഷമിക്ക് ആറാഴ്ച വിശ്രമം; ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റും നഷ്ടമായേക്കും

By Web TeamFirst Published Dec 22, 2020, 11:06 PM IST
Highlights

ഷമിക്ക് ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ കളിക്കാനാവില്ലെന്നും വിശ്രമത്തിനും അതിനുശേഷമുള്ള പരിശീലനത്തിനുമായി ആറാഴ്ചയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നും ബിസിസിഐ വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു.

മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റിനിടെ പാറ്റ് കമിന്‍സിന്‍റെ ബൗണ്‍സര്‍ കൊണ്ട് പരിക്കേറ്റ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ഡോക്ടര്‍മാര്‍ ആറാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചു. ഇതോടെ ഷമിക്ക് ഫെബ്രുവരിയില്‍ ഇന്ത്യയില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റും നഷ്ടമായേക്കും. കമിന്‍സിന്‍റെ പന്ത് കൊണ്ട് ഷമിക്ക് കൈക്കുഴയില്‍ പൊട്ടലുണ്ടായിരുന്നു.

ഷമിക്ക് ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ കളിക്കാനാവില്ലെന്നും വിശ്രമത്തിനും അതിനുശേഷമുള്ള പരിശീലനത്തിനുമായി ആറാഴ്ചയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നും ബിസിസിഐ വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു.  കൈയിലെ ബാന്‍ഡേജ് മാറ്റിയാല്‍ ബംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദിമിയിലാകും ഷമി പരിശീലനം പുനരാരംഭിക്കുക. ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ നിന്ന് നേരത്തെ ഒഴിവാക്കിയ ഷമി ചൊവ്വാഴ്ച ഓസ്ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചിരുന്നു. പിതൃത്വ അവധിയെടുത്ത് മടങ്ങുന്ന ക്യാപ്റ്റന്‍ വിരാട് കോലിയും ഇന്ന് ഇന്ത്യയിലേക്ക് മടങ്ങി.

കഴിഞ്ഞ തവണ ഓസ്ട്രേലിയയില്‍ ഇന്ത്യ പരമ്പര നേടിയപ്പോള്‍ 16 വിക്കറ്റ് വീഴ്ത്തിയ ഷമി ബൗളിംഗില്‍ തിളങ്ങിയിരുന്നു. ഓസീസിനെതിരെ ഇത്തവണ ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ മാത്രമാണ് ഷമി പന്തെറിഞ്ഞത്. വിക്കറ്റൊന്നും വീഴ്ത്താന്‍ ഷമിക്കായിരുന്നില്ല. രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 36 റണ്‍സിന് പുറത്തായപ്പോള്‍ അവസാന ബാറ്റ്സ്മാനായാണ് ഷമി ക്രീസിലെത്തിയത്. ഷമി പരിക്കേറ്റ് മടങ്ങിയതോടെ ഇന്ത്യന്‍ ഇന്നിംഗ്സ് അവസാനിച്ചു. ആദ്യ ടെസ്റ്റില്‍  എട്ട് വിക്കറ്റ് വിജയം നേടിയ ഓസീസ് പരമ്പരയില്‍ 1-0ന് മുന്നിലാണ്. 26ന് മെല്‍ബണിലാണ് രണ്ടാം ടെസ്റ്റ്.

click me!