കനത്ത നിരാശ; മുഹമ്മദ് ഷമി ട്വന്‍റി 20 ലോകകപ്പ് കളിക്കില്ലെന്ന് സ്ഥിരീകരണം, മടങ്ങിവരവ് നീളും

By Web TeamFirst Published Mar 11, 2024, 5:27 PM IST
Highlights

കെ എല്‍ രാഹുലിന്‍റെ കാര്യത്തിലും നിര്‍ണായക വിവരം പുറത്തുവിട്ട് ബിസിസിഐ സെക്രട്ടറി ജയ് ഷാ

മുംബൈ: ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ പുരുഷ ടീമിന് കനത്ത തിരിച്ചടി. സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിക്ക് 2024 ടി20 ലോകകപ്പ് നഷ്ടമാകും എന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചു. ലോകകപ്പിന് മുമ്പ് നടക്കുന്ന ഐപിഎല്ലും ഷമിക്ക് നഷ്‌ടമാകും. 

കഴിഞ്ഞ വര്‍ഷം ഇന്ത്യ വേദിയായ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായിരുന്നു പേസര്‍ മുഹമ്മദ് ഷമി. 7 ഇന്നിംഗ്‌സില്‍ 24 വിക്കറ്റാണ് ഷമി വീഴ്ത്തിയത്. എന്നാല്‍ ലോകകപ്പിനിടെ കാല്‍ക്കുഴയ്ക്ക് ഏറ്റ പരിക്ക് ഷമിയെ പിന്നീട് ക്രിക്കറ്റില്‍ നിന്ന് മാറ്റിനിര്‍ത്തി. ഇതിനിടെ നിര്‍ണായക ശസ്ത്രക്രിയക്ക് താരം ലണ്ടനില്‍ വിധേയനായി. മാര്‍ച്ച് അവസാനം ഐപിഎല്‍ ആരംഭിക്കാനിരിക്കേ പരിക്കില്‍ നിന്ന് 33കാരനായ താരം ഇതുവരെ പൂര്‍ണ മുക്തനായിട്ടില്ല. ഐപിഎല്‍ കഴിഞ്ഞയുടന്‍ ആരംഭിക്കുന്ന ടി20 ലോകകപ്പും ഷമിക്ക് നഷ്ടമാകും. ലോകകപ്പില്‍ ഒരിക്കല്‍ക്കൂടി ഷമിയുടെ ബൗളിംഗ് ടീം ഇന്ത്യക്ക് വലിയ കരുത്താകും എന്ന് ആരാധകര്‍ കൊതിച്ചിരിക്കേയാണ് നിരാശ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. 2024 സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ബംഗ്ലാദേശ് പരമ്പരയിലൂടെയാവും ഷമി ഇന്ത്യന്‍ ജേഴ്‌സിയില്‍ മടങ്ങിയെത്തുക എന്നാണ് സൂചന. 

'മുഹമ്മദ് ഷമി ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അദേഹം ഇന്ത്യയില്‍ തിരിച്ചെത്തിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരെ നാട്ടില്‍ നടക്കുന്ന പരമ്പരയിലൂടെ ഷമി ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താനാണ് നിലവിലെ സാധ്യത. പരിക്കിലുള്ള മറ്റൊരു താരമായ കെ എല്‍ രാഹുലിന് ഇഞ്ചക്ഷന്‍ അനിവാര്യമാണ്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡ‍മിയിലാണ് രാഹുല്‍ നിലവിലുള്ളത്' എന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി. സെപ്റ്റംബറില്‍ ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റുകളും മൂന്ന് ട്വന്‍റി 20കളുമാണ് ഇന്ത്യന്‍ ടീമിന് കളിക്കാനുള്ളത്. 

2023ലെ ഏകദിന ലോകകപ്പിന് ശേഷം ദക്ഷിണാഫ്രിക്കന്‍ പര്യടനവും ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയും മുഹമ്മദ് ഷമിക്ക് നഷ്‌ടമായിരുന്നു. ഷമിക്ക് ഈ സീസണില്‍ കളിക്കാനാവാത്തത് ഐപിഎല്‍ ടീം ഗുജറാത്ത് ടൈറ്റന്‍സിനും കനത്ത നഷ്‌ടമാണ്. 64 ടെസ്റ്റില്‍ 229 വിക്കറ്റും 101 ഏകദിനത്തില്‍ 195 വിക്കറ്റും 23 രാജ്യാന്തര ടി20കളില്‍ 24 വിക്കറ്റും 110 ഐപിഎല്‍ മത്സരങ്ങളില്‍ 127 വിക്കറ്റും മുഹമ്മദ് ഷമിയുടെ പേരിലുണ്ട്. 

Read more: സിക്‌സുകളോട് പ്രേമലു; ബൗളര്‍മാരെ ചറപറാ പറത്തി സഞ്ജു സാംസണ്‍- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

click me!