ഇനി കാണപ്പോവത് നിജം, സഞ്ജു സാംസണ്‍ തുടങ്ങി, പാറിപ്പറന്ന് പടുകൂറ്റന്‍ സിക്‌സറുകള്‍, കാണാം വീഡിയോ

തിരുവനന്തപുരം: ഐപിഎല്‍ 2024 സീസണിന് മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സിന്‍റെ സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങള്‍ കടുത്ത പരിശീലനത്തിലാണ്. ഇത്തവണ കിരീടം ഉയര്‍ത്തുക എന്ന ഒറ്റ ലക്ഷ്യത്തിലാണ് റോയല്‍സ് അടവുകള്‍ മിനുക്കി മുന്നേറുന്നത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ മുമ്പ് വഴുതിപ്പോയ കിരീടം ഇക്കുറി ഉയര്‍ത്തിയേ മതിയാകൂ സഞ്ജു സാംസണ‍ിന്. ട്വന്‍റി 20 ലോകകപ്പ് വര്‍ഷമായതിനാല്‍ ഐപിഎല്ലിലെ ബാറ്റിംഗ് ഫോം സഞ്ജുവിന് ഏറെ നിര്‍ണായകമാണ്. 

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ സീസണ്‍ തുടങ്ങാന്‍ രണ്ടാഴ്‌ചകള്‍ മാത്രം അവശേഷിക്കേ സഞ്ജു സാംസണ്‍ കച്ചകെട്ടിയൊരുങ്ങിക്കഴിഞ്ഞു. ബൗളര്‍മാരെ അനായാസം പറത്തുന്ന ബാറ്റര്‍ എന്ന വിശേഷണം അരക്കിട്ടുറപ്പിച്ചാണ് സഞ്ജുവിന്‍റെ പരിശീലനം. രാജസ്ഥാന്‍ റോയല്‍സ് പങ്കുവെച്ച വീഡിയോയില്‍ സഞ്ജുവിന്‍റെ തകര്‍പ്പന്‍ സിക‌്‌സുകള്‍ കാണാം. 

Scroll to load tweet…

വിക്കറ്റ് കീപ്പര്‍ ബാറ്ററും മലയാളിയുമായ സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിനെ തുടര്‍ച്ചയായ നാലാം സീസണിലാണ് നയിക്കുന്നത്. കഴിഞ്ഞ സീസണില്‍ പ്ലേഓഫില്‍ പ്രവേശിക്കാതെ അഞ്ചാമത് ഫിനിഷ് ചെയ്ത റോയല്‍സിനെ ഉയര്‍ത്തെഴുന്നേല്‍പിക്കുകയാണ് സഞ്ജുവിന്‍റെ ദൗത്യം. ഐപിഎല്ലില്‍ 152 മത്സരങ്ങളുടെ പരിചയമുള്ള സഞ്ജു സാംസണ്‍ 29.23 ശരാശരിയിലും 137.19 പ്രഹരശേഷിയിലും മൂന്ന് സെഞ്ചുറികളോടെ 3888 റണ്‍സ് നേടിയിട്ടുണ്ട്. 20 ഫിഫ്റ്റികളും സഞ്ജുവിന്‍റെ പേരിലുണ്ട്. 

സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സില്‍ ധ്രുവ് ജൂരെല്‍, ജോസ് ബട്‌ലര്‍, കുണാല്‍ സിംഗ് റാത്തോഡ്, ടോം കോഹ്‌ലര്‍, റിയാന്‍ പരാഗ്, ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, യശസ്വി ജയ്‌സ്വാള്‍, ശുഭം ദുബെ, ഡൊണോവന്‍ ഫെറൈര, റോവ്‌മാന്‍ പവല്‍, ആബിദ് മുഷ്‌താഖ്, ആദം സാംപ, കുല്‍ദീപ് സെന്‍, ആവേഷ് ഖാന്‍, നാന്ദ്രേ ബര്‍ഗര്‍, നവ്‌ദീപ് സെയ്‌നി, പ്രസിദ്ധ് കൃഷ്‌ണ, രവിചന്ദ്രന്‍ അശ്വിന്‍, ട്രെന്‍ഡ് ബോള്‍ട്ട്, സന്ദീപ് ശര്‍മ്മ, യുസ്‌വേന്ദ്ര ചഹല്‍ എന്നിവരുണ്ട്. 

Read more: അങ്ങനെയാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായത്; തുറന്നുപറഞ്ഞ് സഞ്ജു സാംസണ്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം