പ്രതിഫലം കുറച്ചു, മുഹമ്മദ് ഷമി ഇനി രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിക്കും; സാം കറന്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സില്‍

Published : Nov 17, 2026, 07:42 PM IST
Mohammed Shami

Synopsis

ഐപിഎൽ ട്രേഡിങ്ങിലൂടെ മുഹമ്മദ് ഷമിയും എം സിദ്ധാർത്ഥും രാജസ്ഥാൻ റോയൽസിലേക്ക് മാറി. പകരമായി ഇംഗ്ലണ്ട് താരം സാം കറൻ ലഖ്‌നൗ സൂപ്പർ ജയന്റ്സിലെത്തി. പ്രതിഫലം പത്ത് കോടിയിൽ നിന്ന് എട്ട് കോടിയായി കുറച്ചാണ് ഷമി രാജസ്ഥാനിൽ എത്തുന്നത്.

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താരങ്ങളെ നിലനിര്‍ത്തുന്നതിനുള്ള സമയപരിധി അവസാനിക്കാനിരിക്കെ നിര്‍ണായക ട്രേഡ് നീക്കം പ്രഖ്യാപിച്ച് ഫ്രാഞ്ചൈസികള്‍. ഇന്ത്യന്‍ സീനിയര്‍ പേസര്‍ മുഹമ്മദ് ഷമിയും ഇടങ്കയ്യന്‍ സ്പിന്നര്‍ എം സിദ്ധാര്‍ത്ഥും ലഖ്നൗ സൂപ്പര്‍ ജയന്റ്സില്‍ നിന്ന് രാജസ്ഥാന്‍ റോയല്‍സിലേക്ക് ചേക്കേറി. പകരമായി ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറന്‍ രാജസ്ഥാനില്‍ നിന്ന് ലഖ്നൗവിലേക്കും മാറി. ലഖ്നൗവില്‍ 10 കോടി രൂപയായിരുന്ന പ്രതിഫലത്തില്‍ നിന്ന് രണ്ട് കോടി രൂപ കുറച്ച്, എട്ട് കോടി രൂപയ്ക്കാണ് ഷമി രാജസ്ഥാന്‍ റോയല്‍സിലേക്ക് എത്തുന്നത് എന്നതാണ് ശ്രദ്ധേയം. തുടര്‍ച്ചയായ നാല് സീസണുകളില്‍ ഷമി കളിക്കുന്ന നാലാമത്തെ ഫ്രാഞ്ചൈസിയാണിത്.

2022 മുതല്‍ 2024 വരെയുള്ള മൂന്ന് സീസണുകളില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പ്രതിനിധീകരിച്ച ഷമി, 2025-ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി കളിച്ചു. തുടര്‍ന്ന് 2026-ല്‍ ട്രേഡിലൂടെ ലഖ്നൗ സൂപ്പര്‍ ജയന്റ്സില്‍ എത്തിയ താരം, ഇപ്പോഴിതാ പ്രഥമ ഐപിഎല്‍ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമാകുകയാണ്. 2026 സീസണിന് മുന്നോടിയായി സഞ്ജു സാംസണ്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഉള്‍പ്പെട്ട ട്രേഡിലൂടെ ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ നിന്നാണ് സാം കറന്‍ രാജസ്ഥാന്‍ റോയല്‍സില്‍ എത്തിയത്.

എന്നാല്‍ പരിക്കുമൂലം കഴിഞ്ഞ സീസണില്‍ കളിക്കാന്‍ സാധിക്കാതിരുന്ന താരം ഇപ്പോള്‍ ടീം വിടുകയാണ്. രാജസ്ഥാനില്‍ ലഭിച്ചിരുന്ന അതേ പ്രതിഫലമായ 2.4 കോടി രൂപയ്ക്ക് തന്നെയാണ് കറന്‍ ലഖ്നൗവിലും കളിക്കുക. മറുവശത്ത്, ഷമിക്കൊപ്പം ലഖ്നൗവില്‍ നിന്ന് രാജസ്ഥാനിലേക്ക് മാറുന്ന എം. സിദ്ധാര്‍ത്ഥിന് നിലവിലെ പ്രതിഫലമായ 75 ലക്ഷം രൂപ തന്നെ തുടര്‍ന്നും ലഭിക്കും.

അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു ഷമി. 13 വര്‍ഷം നീണ്ട കരിയറിനാണ് അവസാനമാകുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ഷമി തന്നെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2013 നവംബര്‍ ആറിനായിരുന്നു ഷമി ടെസ്റ്റില്‍ ഇന്ത്യക്കായി അരങ്ങേറിയത്. 64 മത്സരങ്ങളില്‍ നിന്ന് 229 വിക്കറ്റുകള്‍ നേടി. 2023 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലായിരുന്നു അവസാനമായി ഷമി ഇന്ത്യയുടെ വെള്ള ജഴ്സി അണിഞ്ഞത്.

''ടെസ്റ്റ് ക്രിക്കറ്റ് കേവലമൊരു ഫോര്‍മാറ്റായി മാത്രമല്ല ഞാന്‍ കണ്ടത്, എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഒരുപാട് വേദനയോടെയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാം എന്ന തീരുമാനം എടുത്തത്.'' ഷമി വിരമിക്കല്‍ പ്രഖ്യാപനത്തില്‍ പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'നിങ്ങള്‍ എന്നും ഞങ്ങളുടെ തലയായിരിക്കും'; ധോണിക്ക് ഹൃദയസ്പര്‍ശിയായ യാത്രയയപ്പ് കുറിപ്പുമായി റുതുരാജ് ഗെയ്ക്വാദ്
'ആ തീരുമാനത്തെ കുറിച്ചോര്‍ത്ത് വിരാട് കോലി പശ്ചാതപിക്കും'; ടെസ്റ്റ് മതിയാക്കിയതിനെ കുറിച്ച് കപില്‍ ദേവ്