'നിങ്ങള്‍ എന്നും ഞങ്ങളുടെ തലയായിരിക്കും'; ധോണിക്ക് ഹൃദയസ്പര്‍ശിയായ യാത്രയയപ്പ് കുറിപ്പുമായി റുതുരാജ് ഗെയ്ക്വാദ്

Web Desk   | ANI
Published : Nov 17, 2026, 07:25 PM IST
MS Dhoni Retirement

Synopsis

എം എസ് ധോണിയുടെ വിരമിക്കലിന് പിന്നാലെ വൈകാരിക കുറിപ്പുമായി സിഎസ്കെ ക്യാപ്റ്റൻ റുതുരാജ് ഗെയ്കവാദ്. ധോണി എന്നും തങ്ങളുടെ നായകനായിരിക്കുമെന്നും അദ്ദേഹത്തിന്റെ ലാളിത്യം വലിയ സ്വാധീനം ചെലുത്തിയെന്നും ഗെയ്ക്വാദ് പറഞ്ഞു.

ചെന്നൈ: എം എസ് ധോണിയെ കുറിച്ച് വൈകാരിക കുറിപ്പുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദ്. ധോണി സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് പിന്നാലെയാണ് റുതുരാജ് തന്റെ കുറിപ്പ് പങ്കുവച്ചത്. ധോണിക്കൊപ്പം ഡ്രസ്സിംഗ് റൂമും മൈതാനവും അവിസ്മരണീയമായ നിരവധി നിമിഷങ്ങളും പങ്കിട്ട ശേഷവും, തന്റെ ആരാധനാപാത്രത്തിനൊപ്പം കളിക്കാന്‍ കഴിഞ്ഞത് ഇപ്പോഴും വിശ്വസിക്കാനാവാത്ത ഒരു ആരാധകന്റെ ആവേശമാണ് ഗെയ്ക്വാദിന്റെ വാക്കുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്.

റുതുരാജിന്റെ കുറിപ്പ് ഇങ്ങനെ... ''ലാളിത്യം, 2019-ല്‍ ആദ്യമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ എത്തിയപ്പോള്‍ നിങ്ങളെ അടുത്തുനിന്ന് നിരീക്ഷിച്ചതിലൂടെയാണ് ഈ വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥം ഞാന്‍ പഠിച്ചത്. വര്‍ഷങ്ങളായി നിങ്ങള്‍ നേടിയെടുത്ത എല്ലാ നേട്ടങ്ങള്‍ക്കുമപ്പുറം, നിങ്ങള്‍ സ്വയം പെരുമാറുന്ന രീതിയാണ് എന്നില്‍ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയത്.'' റുതുരാജ് കുറിച്ചിട്ടു. 2019ല്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു യുവതാരമായി എത്തിയ റുതുരാജ്, ഇന്ന് ചെന്നൈ ടീമിനെ നയിക്കുന്ന നായകനായി മാറി.

2024 സീസണിന് മുന്നോടിയായാണ് ധോണി നായകസ്ഥാനം റുതുരാജിന് കൈമാറിയത്. നായകസ്ഥാനം മാറിയെങ്കിലും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനോടുള്ള റുതുരാജിന്റെ ആരാധനയ്ക്ക് ഒട്ടും കുറവുണ്ടായിട്ടില്ല. ''നിങ്ങള്‍ക്കൊപ്പം ഡ്രസ്സിംഗ് റൂമും മൈതാനവും മത്സരങ്ങള്‍ ഫിനിഷ് ചെയ്യാനും സാധിച്ചത് സ്വപ്നതുല്യമായ കാര്യമാണ്.'' ഗെയ്ക്വാദ് കൂട്ടിച്ചേര്‍ത്തു. കളിക്കളത്തില്‍ നിന്ന് വിരമിക്കുന്നതോടെ ചെന്നൈ ഡ്രസ്സിംഗ് റൂമില്‍ ധോണിക്കുള്ള സ്ഥാനം മാറുമെന്ന് കരുതുന്നവര്‍ക്ക് വ്യക്തമായ മറുപടിയും ഗെയ്ക്വാദ് നല്‍കുന്നുണ്ട്. ''നിങ്ങള്‍ എന്നും ഞങ്ങളുടെ 'തല'യും ക്യാപ്റ്റനും നേതാവുമായിരിക്കും. എല്ലാത്തിനും നന്ദി മാഹി ഭായ്.'' എന്നാണ് 29-കാരനായ താരം കുറിപ്പ് അവസാനിപ്പിച്ചത്.

അഞ്ച് ഐപിഎല്‍ കിരീടങ്ങളും രണ്ട് ചാമ്പ്യന്‍സ് ലീഗ് ടി20 ട്രോഫികളും ചെന്നൈയ്ക്ക് നേടിക്കൊടുത്ത ധോണി, 272 മത്സരങ്ങളില്‍ നിന്നായി 5,314 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. കണക്കുകള്‍ക്കപ്പുറം, അദ്ദേഹത്തിന്റെ കീഴില്‍ വളര്‍ന്നുവന്ന താരങ്ങളിലാണ് ധോണിയുടെ യഥാര്‍ത്ഥ സ്വാധീനം കാണാന്‍ സാധിക്കുക. കളിക്കളത്തില്‍ നിന്ന് പടിയിറങ്ങിയെങ്കിലും, യുവതലമുറയ്ക്ക് വഴികാട്ടിയായി ഒരു മെന്ററുടെ റോളില്‍ ധോണി തുടര്‍ന്നും ചെന്നൈ സൂപ്പര്‍ കിംഗ്സിനൊപ്പമുണ്ടാകും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ആ തീരുമാനത്തെ കുറിച്ചോര്‍ത്ത് വിരാട് കോലി പശ്ചാതപിക്കും'; ടെസ്റ്റ് മതിയാക്കിയതിനെ കുറിച്ച് കപില്‍ ദേവ്
അണ്ടര്‍ 23 വനിതാ ട്വന്റി 20: മഹാരാഷ്ട്രക്കെതിരെ കേരളത്തിന് എട്ട് വിക്കറ്റ് തോല്‍വി