ഫീല്‍ഡിംഗില്‍ ഗംഭീരം, ബൗളിംഗില്‍ ക്ഷീണം; മോശം റെക്കോര്‍ഡിന്റെ പട്ടികയില്‍ സിറാജിനൊപ്പം വാനിന്ദു ഹസരങ്കയും

By Sajish AFirst Published May 26, 2022, 12:58 PM IST
Highlights

ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് വഴങ്ങുന്ന മൂന്നാമത്തെ ബൗളറായിരിക്കുകയാണ് ഹസരങ്ക. ഈ സീസണില്‍ 28 സിക്‌സുകളാണ് ഹസരങ്ക വഴങ്ങിയത്.

കൊല്‍ക്കത്ത: ഐപിഎല്‍ (IPL 2022) എലിമിനേറ്ററില്‍ ലഖ്ൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (RCB) താരം വാനിന്ദു ഹസരങ്ക (Wanindu Hasaranga) തകര്‍പ്പന്‍ ഫീല്‍ഡിംഗ് പ്രകടനമാണ് പുറത്തെടുത്തത്. ചുരുങ്ങിയത് 15 റണ്‍സെങ്കിലും സ്പിന്നര്‍ തടഞ്ഞിട്ടുകാണും. എന്നാല്‍ ബൗളിംഗില്‍ അത്ര നല്ല ദിവസമായിരുന്നില്ല താരത്തിന്. നാല് ഓവറില്‍ 42 റണ്‍സ് വഴങ്ങിയ താരം ഒരു വിക്കറ്റ് മാത്രമാണ് നേടിയിരുന്നത്. ഇന്നലെ മൂന്ന് സിക്‌സാണ് ഹസരങ്ക വഴങ്ങിയത്. 

ഇതോടെ ഒരു മോശം റെക്കോര്‍ഡ് ഹസരങ്കയുടെ ശ്രീലങ്കന്‍ താരത്തിന്റെ പോക്കറ്റിയായി. ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് വഴങ്ങുന്ന മൂന്നാമത്തെ ബൗളറായിരിക്കുകയാണ് ഹസരങ്ക. ഈ സീസണില്‍ 28 സിക്‌സുകളാണ് ഹസരങ്ക വഴങ്ങിയത്. ഇക്കാര്യത്തില്‍ ആര്‍സിബി സഹതാരം മുഹമ്മദ് സിറാജ് ഹസരങ്കയുടെ കൂട്ടിനുണ്ട്. 

സിറാജും ഈ സീസണില്‍ 28 സിക്‌സുകള്‍ വഴങ്ങി. നാല് സിക്‌സാണ് സിറാജ് വഴങ്ങിയത്. നാല് ഓവറില്‍ 41 റണ്‍സ് വിട്ടുകൊടുത്ത സിറാജ് ഒരു വിക്കറ്റ് വീഴ്ത്തി. 2018ല്‍ 29 സിക്‌സുകള്‍ വഴങ്ങിയ ഡ്വെയ്ന്‍ ബ്രാവോയാണ് ഒന്നാമത്. 2015ല്‍ 28 സിക്‌സുകള്‍ വഴങ്ങിയ യൂസ്‌വേന്ദ്ര ചാഹല്‍ രണ്ടാം സ്ഥാനത്താണ്.

ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ വഴങ്ങുന്ന ടീമും ആര്‍സിബിയാണ്. ഈ സീസണില്‍ 136 സിക്‌സ് വഴങ്ങിയതോടെയാണ് മോശം റെക്കോര്‍ഡ് ആര്‍സിബിയുടെ അക്കൗണ്ടിലായത്. 2018ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 135 റണ്‍സ് വഴങ്ങിയിരുന്നു. അതാണ് പിന്നിലായതത്. 

അതേവര്‍ഷം 131 സിക്‌സുകള്‍ വഴങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മൂന്നാമതുണ്ട്. 2020ല്‍ 128 സിക്‌സ് വഴങ്ങിയ രാജസ്ഥാന്‍ റോയല്‍സ് നാലാം സ്ഥാനത്തായി. സിറാജും ഹസരങ്കയും റണ്‍സ് വഴങ്ങിയെങ്കിലും ആര്‍സിബി മത്സരം സ്വന്തമാക്കിയിരുന്നു. 14 റണ്‍സിനായിരുന്നു ആര്‍സിബിയുടെ ജയം.  

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി രജത് പടിദാറിന്റെ (54 പന്തില്‍ പുറത്താവാതെ 112) സെഞ്ചുറി കരുത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ലഖ്‌നൗ ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുക്കാനാണ് സാധിച്ചത്. ആര്‍സിബി, രാജസ്ഥാന്‍ റോയല്‍സുമായി രണ്ടാം ക്വാളിഫയര്‍ കളിക്കും. നാളെ അഹമ്മദാബാദിലാണ് മത്സരം. ജയിക്കുന്നവര്‍ ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും.

click me!