
ചെന്നൈ: ഐപിഎൽ സീസണിന് മുന്നോടിയായി പരിശീലക നിരയിൽ അഴിച്ചുപണി തുടർന്ന് ചെന്നൈ സൂപ്പർ കിംഗ്സ്. സ്റ്റീഫൻ ഫ്ലെമിംഗിന് പകരം പുതിയ പരിശീലകനായി സഹീർ ഖാനെ നിയമിച്ചതിന് പിന്നാലെ, മുൻ ഇന്ത്യൻ പേസർ മോഹിത് ശർമയെ ടീമിന്‍റെ പുതിയ ബൗളിംഗ് കോച്ചായി നിയമിക്കുമെന്ന് സിഎസ്കെ സിഇഒ കാശി വിശ്വനാഥൻ വ്യക്തമാക്കി. സഹീർ ഖാന്‍റെ നിർദ്ദേശപ്രകാരമാണ് മോഹിതിനെ ബൗളിംഗ് കോച്ചായി തിരഞ്ഞെടുത്തത്.
കഴിഞ്ഞ ഡിസംബറിലാണ് 38-കാരനായ മോഹിത് ശർമ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. നിലവിലെ ബൗളിംഗ് കൺസൾട്ടന്‍റ് എറിക് സിമ്മൺസിന് പകരമാണോ മോഹിത് എത്തുന്നത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ബാറ്റിംഗ് കോച്ച് മൈക്കൽ ഹസി ഓസ്ട്രേലിയൻ ദേശീയ ടീമിലേക്ക് മടങ്ങുന്നതിനാൽ ബാറ്റിംഗ് പരിശീലകന്‍റെ കാര്യത്തിലും ഉടൻ തീരുമാനമുണ്ടാകും.
ഇന്ത്യക്കായി 34 മത്സരങ്ങൾ കളിച്ചിട്ടുള്ള മോഹിത്, 20 മത്സരങ്ങളിലും എം.എസ്. ധോണിയുടെ ക്യാപ്റ്റൻസിക്ക് കീഴിലാണ് കളിച്ചത്. 2015ലെ ഏകദിന ലോകകപ്പ് ടീമിലും മോഹിത് അംഗമായിരുന്നു. 2013-ൽ സിഎസ്കെയിലൂടെ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച മോഹിത്, മൂന്ന് സീസണുകളിൽ നിന്നായി 57 വിക്കറ്റുകൾ നേടി തിളങ്ങി. പിന്നീട് പഞ്ചാബ് കിംഗ്സ്, ഗുജറാത്ത് ടൈറ്റൻസ്, ഡൽഹി ക്യാപിറ്റൽസ് ടീമുകൾക്കായും കളിച്ചു. 2023 സീസണിൽ ഗുജറാത്ത് ടൈറ്റൻസിനായി 27 വിക്കറ്റുകൾ വീഴ്ത്തി മികച്ച തിരിച്ചുവരവാണ് താരം നടത്തിയത്.
സഹീർ ഖാന്‍റെയും മോഹിത് ശർമ്മയുടെയും വരവോടെ സിഎസ്കെയെ വീണ്ടും പഴയതുപോലെ ഒരു 'ബൗളിംഗ് ഫസ്റ്റ്' ടീമാക്കാനാണ് മാനേജ്‌മെന്‍റ് ലക്ഷ്യമിടുന്നത്. മോഹിതിന്‍റെ അനുഭവസമ്പത്ത് സിഎസ്കെയുടെ യുവ പേസർമാർക്ക് വലിയ കരുത്താകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!