ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച പ്രധാനമന്ത്രിയുടടെ പോസ്റ്റിന് മറുപടിയുമായി മൊഹ്സിൻ നഖ്‌വി

Published : Sep 29, 2025, 03:12 PM IST
Mohasin Naqvi

Synopsis

ഏഷ്യാ കപ്പ് ഫൈനല്‍ ജയത്തിനുശേഷം നഖ്‌വിയില്‍ നിന്ന് കിരീടം സ്വീകരിക്കില്ലെന്ന് ഇന്ത്യ നിലപാടെടുത്തതിനെ തുടര്‍ന്ന് നഖ്‌വി കിരീടം സമ്മാനിക്കാതെ മടങ്ങിയിരുന്നു.

ദുബായ്: ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെ തോല്‍പിച്ച് ഇന്ത്യ കിരീടം നേടിയതിന് പിന്നാലെ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയിട്ട പോസ്റ്റിന് മറുപടിയുമായി പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും ആഭ്യന്തര മന്ത്രിയുമായ മൊഹ്സിന്‍ നഖ്‌വി. കളിക്കളത്തിലെ ഓപ്പറേഷന്‍ സിന്ദൂര്‍, ഫലം ഒന്നുതന്നെ, ഇന്ത്യ ജയിച്ചു, ഇന്ത്യൻ ക്രിക്കറ്റ് താരങ്ങള്‍ക്ക് അഭിനന്ദങ്ങള്‍ എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്റ്.

എന്നാല്‍ ഇതിനു മറുപടിയായി മൊഹ്സിന്‍ നഖ്‌വി കുറിച്ചത്, യുദ്ധമാണ് നിങ്ങളുടെ അഭിമാനത്തിന്‍റെ അളവുകോലെങ്കില്‍ പാകിസ്ഥാന്‍റെ കൈകളില്‍ നിന്ന് നിങ്ങൾക്കേറ്റ നാണംകെട്ട തോല്‍വികളുടേത് കൂടിയാണ് ചരിത്രം. ഒരു ക്രിക്കറ്റ് മത്സരത്തിനും സത്യത്തെ മാറ്റിയെഴുതാനാവില്ല. യുദ്ധത്തെ കളിക്കളത്തിലേക്ക് കൊണ്ടുവരുന്നത് നിങ്ങളുടെ അസ്വസ്ഥതയെയും നാണക്കേടിനെയും കൂടുതല്‍ തുറന്നുകാട്ടുന്നു. ഇതൊരിക്കലും കളിയുടെ മാന്യതക്ക് തന്നെ നിരക്കുന്നതല്ലെന്നായിരുന്നു മൊഹ്സിന്‍ നഖ്‌വിയുടെ പ്രതികരണം.

ഏഷ്യാ കപ്പ് ഫൈനല്‍ ജയത്തിനുശേഷം നഖ്‌വിയില്‍ നിന്ന് കിരീടം സ്വീകരിക്കില്ലെന്ന് ഇന്ത്യ നിലപാടെടുത്തതിനെ തുടര്‍ന്ന് നഖ്‌വി കിരീടം സമ്മാനിക്കാതെ മടങ്ങിയിരുന്നു. എന്നാല്‍ ഗ്രൗണ്ടില്‍ നിന്നുപോകുമ്പോൾ കിരീടവും ഇന്ത്യൻ താരങ്ങള്‍ക്കുള്ള മെഡലുകളും കൂടെ കൊണ്ടുപോയ നഖ്‌വിക്കെതിരെ പ്രതിഷേധവുമായി ഐസിസിയെ സമീപിക്കാനൊരുങ്ങുകയാണ് ബിസിസിഐ. ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ അധ്യക്ഷനെന്ന നിലയിലാണ് നഖ്‌വി ഏഷ്യാ കപ്പ് കിരീടം സമ്മാനിക്കാനായി വേദിയിലിത്തിയത്. നഖ്‌വി ഗ്രൗണ്ട് വിട്ടശേഷം കീരീടമില്ലാതെയായിരുന്നു ഇന്ത്യൻ താരങ്ങളുടെ വിജയാഘാഷം. 

ഏഷ്യാ കപ്പ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 19.1 ഓവറില്‍ 146 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. പതിമൂന്നാം ഓവറില്‍ 113-2 എന്ന സ്കോറില്‍ നിന്നാണ് പാകിസ്ഥാന്‍ 146 റണ്‍സിന് ഓള്‍ ഔട്ടായത്. 147 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്ക് 20 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. എന്നാല്‍ ആദ്യം സഞ്ജു സാംസണും ചേര്‍ന്നുള്ള അര്‍ധസെഞ്ചുറി കൂട്ടുകെട്ടും പിന്നീട് തിലക് വര്‍മയും ശിവം ദുബെയും ചേര്‍ന്നുള്ള അര്‍ധസെഞ്ചുറി കൂട്ടുകെട്ടുമായിരുന്നു ഇന്ത്യക്ക് ജയമൊരുക്കിയത്. 53 പന്തില്‍ 69 റണ്‍സുമായി പുറത്താകാതെ നിന്ന തിലക് വര്‍മയും 21 പന്തില്‍ 24 റണ്‍സെടുത്ത സഞ്ജു സാംസണും 22 പന്തില്‍ 33 റണ്‍സെടുത്ത ശിവം ദുബെയുമാണ് ഇന്ത്യൻ വിജയത്തില്‍ നിര്‍ണായകമായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്