കൊവിഡ് കാലത്തും ഗൂഗിളില്‍ ഇന്ത്യ തെരഞ്ഞെത് ഐപിഎല്‍

By Web TeamFirst Published Dec 9, 2020, 7:11 PM IST
Highlights

ഈ വര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ഐപിഎല്‍ ഒട്ടേറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സെപ്റ്റംബര്‍-നവംബര്‍ മാസങ്ങളിലായി യുഎഇയിലാണ് നടന്നത്. കഴിഞ്ഞ സീസണെ അപേക്ഷിച്ച് ഈ സീസണില്‍ 28 ശതമാനം അധികം കാഴ്ചക്കാരാണ് ഐപിഎല്ലിനുണ്ടായിരുന്നത്.

ദില്ലി: കൊവിഡ് മഹാമാരിക്കാലത്തും ഗൂഗിളില്‍ ഈ വര്‍ഷം ഇന്ത്യ തെരഞ്ഞത് ഐപിഎല്ലിനെക്കുറിച്ചെന്ന് ഗൂഗിള്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഗൂഗിളിലെ ടോപ് ട്രെന്‍ഡിംഗ് വിഷയം ഐസിസി ക്രിക്കറ്റ് ലോകകപ്പ് ആയിരുന്നെങ്കില്‍ കൊവിഡ് പിടിമുറുക്കിയിട്ടും ഈ വര്‍ഷം ഇന്ത്യക്കാര്‍ ഗൂഗിളില്‍ തെരഞ്ഞത് ഐപിഎല്ലിനെക്കുറിച്ചായിരുന്നു.

ഈ വര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ഐപിഎല്‍ ഒട്ടേറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സെപ്റ്റംബര്‍-നവംബര്‍ മാസങ്ങളിലായി യുഎഇയിലാണ് നടന്നത്. കഴിഞ്ഞ സീസണെ അപേക്ഷിച്ച് ഈ സീസണില്‍ 28 ശതമാനം അധികം കാഴ്ചക്കാരാണ് ഐപിഎല്ലിനുണ്ടായിരുന്നത്. വാര്‍ത്താലോകത്തും കായികലോകത്തും ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തെരഞ്ഞത് ഐപിഎല്ലിനെക്കുറിച്ചായിരുന്നുവെന്ന് ഗൂഗിള്‍ സേര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐപിഎല്‍ കഴിഞ്ഞാല്‍ കൊറോണ വൈറസ്, യുഎസ് തെരഞ്ഞെടുപ്പ്, പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി, ബിഹാര്‍ തെരഞ്ഞെടുപ്പ്, ഡല്‍ഹി തെരഞ്ഞെടുപ്പ് എന്നിവയാണ് ഗൂഗിളില്‍ തെരച്ചിലില്‍ മുന്നിലെത്തിയ വിഷയങ്ങള്‍. ഇവയ്ക്ക് പുറമെ നിര്‍ഭയ കേസ്, ലോക്ക് ഡൗണ്‍, ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം, രാമക്ഷേത്ര നിര്‍മാണം എന്നിവയാണ് ഗൂഗിള്‍ തെരച്ചിലില്‍ ആദ്യ പത്തിലെത്തിയ മറ്റ് വിഷയങ്ങള്‍.

കായികരംഗത്ത് യുവേഫാ ചാമ്പ്യന്‍സ് ലീഗ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ഫ്രഞ്ച് ഓപ്പണ്‍, ലാ ലിഗ എന്നിവയും തെരച്ചിലില്‍ മുന്നിലെത്തിയ വിഷയങ്ങളാണ്. ഗൂഗിളില്‍ ഇന്ത്യക്കാര്‍ തെരഞ്ഞെ വ്യക്തികളില്‍ യുഎസ് നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍, അര്‍ണാബ് ഗോസ്വാമി എന്നിവരും മുന്നിലുണ്ട്.

click me!