ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്‍; ദാദയെ പിന്തള്ളി ധോണി

By Web TeamFirst Published Jul 14, 2020, 7:30 PM IST
Highlights

ടെസ്റ്റില്‍ രാജ്യത്തും വിദേശത്തുമുള്ള പ്രകടനം, ഏകദിനത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍, ക്യാപ്റ്റനെന്ന നിലയിലെ ബാറ്റിംഗ് പ്രകടനം, ടീമിനെ വളര്‍ത്തിയെടുക്കുന്നതിലെ മികവ്, പ്രധാന നേട്ടങ്ങള്‍, ഇരു ക്യാപ്റ്റന്‍മാരുടെയും സ്വാധീനം എന്നിവയാണ് ഇരുവരുടെയും മികവ് അളക്കാനായി പരിഗണിച്ചത്.

മുംബൈ: ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനെ കണ്ടെത്താനായി സ്റ്റാര്‍ സ്പോര്‍ട്സ് നടത്തിയ സര്‍വെയില്‍ സൗരവ് ഗാംഗുലിയെ നേരിയ വ്യത്യാസത്തില്‍ പിന്തള്ളി എം എസ് ധോണി ഒന്നാമത്. ഇഎസ്‌പിഎന്‍ ക്രിക്ക് ഇന്‍ഫോയുമായി സഹകരിച്ച് നടത്തിയ സര്‍വെയില്‍ വിവിധ ഘടകങ്ങളാണ് പരിഗണിച്ചത്. മുന്‍ കളിക്കാരും സ്പോര്‍ട്സ് ജേണലിസ്റ്റുകളും ബ്രോഡ്കാസ്റ്റര്‍മാരും ഉള്‍പ്പെട്ട ജൂറിയാണ് വിധി നിര്‍ണയം നടത്തിയത്. ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്ത്, മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാര, മുന്‍ ഇന്ത്യന്‍ ഓപ്പണര്‍മാരായ ഗൗതം ഗംഭീര്‍, കെ ശ്രീകാന്ത് എന്നിവരും വോട്ടെടുപ്പില്‍ പങ്കെടുത്തിരുന്നു.


ടെസ്റ്റില്‍ രാജ്യത്തും വിദേശത്തുമുള്ള പ്രകടനം, ഏകദിനത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍, ക്യാപ്റ്റനെന്ന നിലയിലെ ബാറ്റിംഗ് പ്രകടനം, ടീമിനെ വളര്‍ത്തിയെടുക്കുന്നതിലെ മികവ്, പ്രധാന നേട്ടങ്ങള്‍, ഇരു ക്യാപ്റ്റന്‍മാരുടെയും സ്വാധീനം എന്നിവയാണ് ഇരുവരുടെയും മികവ് അളക്കാനായി പരിഗണിച്ചത്.

ഇതില്‍ വിവിധ വിഭാഗങ്ങളിലെ സ്കോറുകള്‍ കൂട്ടുമ്പോള്‍ ധോണി 0.4 പോയന്റ് വ്യത്യാസത്തില്‍ ഗാംഗുലിയെ മറികടന്നു. ഏറ്റവും മികച്ച ഏകദിന നാകനായും ഹോം ടെസ്റ്റിലെ ഏറ്റവും മികച്ച നായകനായും ധോണി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വിദേശത്തെ ഏറ്റവും മികച്ച നായകനായി ഗാംഗുലി തെര‍ഞ്ഞെടുക്കപ്പെട്ടു. ഏറ്റവും മികച്ച ടീമിനെ കെട്ടിപ്പടുത്ത കാര്യത്തിലും ധോണിയെ ഗാംഗുലി പിന്തള്ളി. ബാറ്റിംഗ് റെക്കോര്‍ഡുകളിലും ഇരവരും വളര്‍ത്തിയെടുത്ത ടീമിലും ക്യാപ്റ്റനെന്ന നിലയിലെ സ്വാധീനത്തിലുമായിരുന്നു ഇരുവരും തമ്മില്‍ കടുത്ത മത്സരം നടന്നത്.


വിദേശത്തെ ടെസ്റ്റ് മത്സരങ്ങളിലെ പ്രകടനത്തില്‍ ഗാംഗുലിക്ക് 7.2 പോയന്റ് ലഭിച്ചപ്പോള്‍ ധോണിക്ക് 5.5 പോയന്റ് ആണ് ലഭിച്ചത്. ഏകദിന ക്യാപ്റ്റന്‍സിയില്‍ ധോണിക്ക് 8.1 ഉം ഗാംഗുലിക്ക് 6.8ഉം പോയന്റാണ് ലഭിച്ചത്. മികച്ച ടീമിനെ വാര്‍ത്തെടുത്തതില്‍ ഗാംഗുലി 7.8ഉം ധോണി 7.6 ഉം  പോയന്റുകള്‍ നേടി. ബാറ്റിംഗ് റെക്കോര്‍ഡുകളുടെ കാര്യത്തില്‍ ധോണി 7.8 പോയന്റ് നേടിയപ്പോള്‍ ഗാംഗുലി 7.4 പോയന്റ് നേടി. ക്യാപ്റ്റനെന്ന നിലയിലുള്ള നേട്ടങ്ങളില്‍ ധോണി 8.5 പോയന്റ് സ്വന്തമാക്കിയപ്പോള്‍ ഗാംഗുലിക്ക് 7.2 പോയന്റെ നേടാനായുള്ളു. ടീമിനകത്തെ സ്വാധീനത്തിന്റെ കാര്യത്തില്‍ ഗാംഗുലി 8.1 പോയന്റ് നേടിയപ്പോള്‍ ധോണി 7.9 പോയന്റ് നേടി.

click me!