നിലവില്‍ പുരുഷ ഏകദിന ക്രിക്കറ്റില്‍ ഒന്നാം നമ്പര്‍ ടീം ഇന്ത്യയാണ്. അവസാന 8 ഏകദിന പരമ്പരകളും ജയിച്ച ഇന്ത്യന്‍ ടീമിന് 114 റേറ്റിംഗ് പോയിന്‍റുകളാണുള്ളത്. 

ചെന്നൈ: ഓസ്ട്രേലിയക്ക് എതിരായ അവസാന ഏകദിനത്തിനായി ടീം ഇന്ത്യ ചെന്നൈയില്‍ ഇറങ്ങുമ്പോള്‍ കാത്തിരിക്കുന്നത് രണ്ട് തലവേദനകള്‍. തോറ്റാല്‍ പരമ്പര കൈവിടുന്നതിനൊപ്പം ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനവും ടീം ഇന്ത്യക്ക് നഷ്‌ടമാകും. 

നിലവില്‍ പുരുഷ ഏകദിന ക്രിക്കറ്റില്‍ ഒന്നാം നമ്പര്‍ ടീം ഇന്ത്യയാണ്. അവസാന 8 ഏകദിന പരമ്പരകളും ജയിച്ച ഇന്ത്യന്‍ ടീമിന് 114 റേറ്റിംഗ് പോയിന്‍റുകളാണുള്ളത്. വിശാഖപട്ടണത്തെ രണ്ടാം ഏകദിനത്തില്‍ 10 വിക്കറ്റിന്‍റെ കൂറ്റന്‍ ജയം സ്വന്തമാക്കിയതോടെ ഓസീസിന്‍റെ പോയിന്‍റ് നില 112ലെത്തി. ചെന്നൈ ഏകദിനത്തില്‍ ഓസീസിനോട് പരാജയപ്പെട്ടാല്‍ ടീം ഇന്ത്യയുടെ ഒന്നാംസ്ഥാനം തെറിക്കും. ഓസീസ് 2-1ന് പരമ്പര വിജയിച്ചാല്‍ ഇരു ടീമുകള്‍ക്കും 113 റേറ്റിംഗ് പോയിന്‍റുകള്‍ വീതമാകും. അതേസമയം വിജയിച്ചാല്‍ ഇന്ത്യക്ക് പോയിന്‍റ് 115ലേക്ക് ഉയര്‍ത്തുകയും ചെയ്യാം. 111 റേറ്റിംഗ് പോയിന്‍റ് വീതമുള്ള ന്യൂസിലന്‍ഡും ഇംഗ്ലണ്ടുമാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍. 106 പോയിന്‍റുമായി പാകിസ്ഥാന്‍ അഞ്ചാമത് നില്‍ക്കുന്നു. അവസാനം ഇന്ത്യയില്‍ ഏകദിന പരമ്പരയ്ക്ക് എത്തിയപ്പോള്‍ 3-2ന് ഓസീസ് പരമ്പര ജയിച്ചതാണ് ചരിത്രം. ആദ്യ രണ്ട് മത്സരങ്ങളും കോലിക്ക് കീഴില്‍ വിജയിച്ച ശേഷം മൂന്ന് കളികള്‍ തോല്‍ക്കുകയായിരുന്നു ടീം ഇന്ത്യ. 

ഇക്കുറി മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ മുംബൈയില്‍ നടന്ന ആദ്യ കളി വാംഖഡെയില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് വിജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 35.4 ഓവറില്‍ 188 റണ്‍സില്‍ പുറത്തായപ്പോള്‍ ഇന്ത്യ 39.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ജയത്തിലെത്തി. രണ്ട് വിക്കറ്റും 45* റണ്‍സുമായി രവീന്ദ്ര ജഡേജയായിരുന്നു മത്സരത്തിലെ താരം. പുറത്താവാതെ 75 റണ്‍സ് നേടിയ കെ എല്‍ രാഹുലിന്‍റെ ബാറ്റിംഗും നിര്‍ണായകമായി. രണ്ടാം ഏകദിനത്തിലാവട്ടെ അഞ്ച് വിക്കറ്റുമായി മിച്ചല്‍ സ്റ്റാര്‍ക്ക് 26 ഓവറില്‍ 117 റണ്‍സില്‍ ഇന്ത്യയെ പുറത്താക്കി. മറുപടി ബാറ്റിംഗില്‍ വിക്കറ്റ് നഷ്ടമില്ലാതെ ട്രാവിഡ് ഹെഡും(30 പന്തില്‍ 51*), മിച്ചല്‍ മാര്‍ഷും(36 പന്തില്‍ 66*) ഓസീസിന് 10 വിക്കറ്റ് ജയം സമ്മാനിച്ചു.

ഹേമലത-ഗാര്‍ഡ്‌നര്‍ സിക്‌സര്‍ മേളം; യുപിക്കെതിരെ ഗുജറാത്തിന് വമ്പന്‍ സ്കോര്‍