ഗാംഗുലി ചെയ്തത് ധോണി ചെയ്തില്ല; കോലിക്ക് വലിയ ടൂര്‍ണമെന്റുകള്‍ ജയിക്കാനാവാത്തതിന് കാരണവും അതാണെന്ന് ഗംഭീര്‍

By Web TeamFirst Published Jul 13, 2020, 7:40 PM IST
Highlights

സൗരവ് ഗാംഗുലിയെ നോക്കു. അദ്ദേഹം ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞപ്പോള്‍ യുവരാജ് സിംഗ്, വീരേന്ദര്‍ സെവാഗ്, ഹര്‍ഭജന്‍ സിംഗ്, സഹീര്‍ ഖാന്‍ എന്നീ ലോകോത്തര താരങ്ങളെയാണ് ധോണിക്ക് നല്‍കിയത്.

ദില്ലി: ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമ്പോള്‍ പ്രതിഭാധനരായ ഒരുപാട് താരങ്ങളെ സംഭാവന ചെയ്താണ് സൗരവ് ഗാംഗുലി മടങ്ങിയതെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഗാംഗുലി വളര്‍ത്തിക്കൊണ്ടുവന്ന താരങ്ങളുടെ പ്രകടനത്തിന്റെ കരുത്തിലാണ് ധോണി രണ്ട് തവണ ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയുമെല്ലാം നേടിയതെന്നും ഗംഭീര്‍ ക്രിക്ക് ഇന്‍ഫോയോട് പറഞ്ഞു.

ഗാംഗുലി ചെയ്തുപോലെ ചെയ്യാന്‍ ധോണിക്ക് കഴിഞ്ഞില്ല. ധോണി ക്യാപ്റ്റന് സ്ഥാനം ഒഴിയുമ്പോള്‍ നിലവാരമുള്ള അധികം കളിക്കാരെയൊന്നും കോലിക്ക് നല്‍കാന്‍ ധോണിക്കായില്ല. ആകെയുണ്ടായിരുന്നത് ഒരു രോഹിത് ശര്‍മ മാത്രമാണ്. ഇപ്പോഴാണെങ്കില്‍ ജസ്പ്രീത് ബുമ്രയും. വലിയ ടൂര്‍ണമെന്റ് ജയിക്കാന്‍ പ്രതിഭയുള്ള ലോകോത്തര നിലവാരമുള്ള മറ്റ് കളിക്കാരയൊന്നും ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമ്പോള്‍ ധോണിക്ക് സംഭാവന ചെയ്യാനായിട്ടില്ല.

എന്നാല്‍ സൗരവ് ഗാംഗുലിയെ നോക്കു. അദ്ദേഹം ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞപ്പോള്‍ യുവരാജ് സിംഗ്, വീരേന്ദര്‍ സെവാഗ്, ഹര്‍ഭജന്‍ സിംഗ്, സഹീര്‍ ഖാന്‍ എന്നീ ലോകോത്തര താരങ്ങളെയാണ് ധോണിക്ക് നല്‍കിയത്. 2011ലെ ലോകകപ്പിന്റെ താരം യുവരാജായിരുന്നു എന്ന് മറക്കരുതെന്നും ഗംഭീര്‍ പറഞ്ഞു.

ധോണി ഭാഗ്യവാനായ നായകനാണെന്ന് അടുത്തിടെ ഗംഭീര്‍ അഭിപ്രായപ്പെട്ടിരുന്നു. സച്ചിനും സെവാഗും കോലിയും യുവരാജും അടക്കമുള്ള താരങ്ങളുടെ സാന്നിധ്യം ധോണിയുടെ ജോലി എളുപ്പമാക്കിയെന്നും എന്നാല്‍ ഗാംഗുലിക്ക് എല്ലാം കഠിനാധ്വാനത്തിലൂടെ വളര്‍ത്തിയെടുക്കേണ്ടിവന്നുവെന്നും ഗംഭീര്‍ പറഞ്ഞിരുന്നു.

click me!