'20 കിലോ കുറച്ചാല്‍ ടീമിലെടുക്കാം എന്ന് എം എസ് ധോണി പറഞ്ഞു'; വെളിപ്പെടുത്തല്‍, പിന്നീട് സംഭവിച്ചത് ട്വിസ്റ്റ്

Published : Dec 08, 2023, 10:36 PM ISTUpdated : Dec 08, 2023, 10:42 PM IST
'20 കിലോ കുറച്ചാല്‍ ടീമിലെടുക്കാം എന്ന് എം എസ് ധോണി പറഞ്ഞു'; വെളിപ്പെടുത്തല്‍, പിന്നീട് സംഭവിച്ചത് ട്വിസ്റ്റ്

Synopsis

അടുത്ത പരമ്പരയ്‌ക്കായി മുഹമ്മദ് ഷഹ്‌സാദ് ടീമിലെത്തിയപ്പോള്‍ അഞ്ച് കിലോ ഭാരം കൂടുകയാണുണ്ടായത്

മുംബൈ: ലോക ക്രിക്കറ്റിലെ എല്ലാ താരങ്ങളും ഫിറ്റ്‌നസ് ഫ്രീക്കുകള്‍ അല്ല. ഫിറ്റ്‌നസ് പോരായ്‌മയുടെ പേരില്‍ നിരവധി കളിക്കാര്‍ വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുണ്ട്. ഇത്തരത്തിലൊരു താരമാണ് അഫ്‌ഗാനിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് ഷഹ്‌‌സാദ്. 20 കിലോ ഭാരം കുറച്ചാല്‍ ഷഹ്‌സാദിനെ ഐപിഎല്‍ ടീമിലെടുക്കാമെന്ന് എം എസ് ധോണി മുമ്പ് പറഞ്ഞതായി വെളിപ്പെടുത്തിയിരിക്കുകയാണ് അഫ്‌ഗാനിസ്ഥാന്‍ ക്യാപ്റ്റനായിരുന്ന അസ്‌ഗാര്‍ അഫ്‌ഗാന്‍. 

'2018 ഏഷ്യാ കപ്പിലെ ഇന്ത്യ-അഫ്‌ഗാനിസ്ഥാന്‍ മത്സരത്തിന് ശേഷം എം എസ് ധോണിയുമായി ഞാന്‍ ഏറെ നേരം സംസാരിച്ചിരുന്നു. ധോണി ഗംഭീര ക്യാപ്റ്റനാണ്, ഇന്ത്യന്‍ ക്രിക്കറ്റിന് ലഭിച്ച ദൈവത്തിന്‍റെ സമ്മാനമാണ്. ധോണി നല്ലൊരു മനുഷ്യന്‍ കൂടിയാണ്. മുഹമ്മദ് ഷഹ്‌സാദിനെ കുറിച്ച് ഞങ്ങള്‍ തമ്മിലേറെ സംസാരിച്ചിരുന്നു. താങ്കളുടെ കടുത്ത ആരാധകനാണ് ഷഹ്‌സാദ് എന്ന് ഞാന്‍ ധോണി ഭായിയോട് പറഞ്ഞു. ഷഹ്‌സാദിന് കുടവയറുണ്ട്. അദേഹം 20 കിലോ കുറച്ചാല്‍ ഞാന്‍ ഐപിഎല്‍ ടീമിലെടുക്കും എന്നും ധോണി പറഞ്ഞു. എന്നാല്‍ അടുത്ത പരമ്പരയ്‌ക്കായി മുഹമ്മദ് ഷഹ്‌സാദ് ടീമിലെത്തിയപ്പോള്‍ അഞ്ച് കിലോ ഭാരം കൂടുകയാണുണ്ടായത്' എന്നും അസ്‌ഗാര്‍ അഫ്‌ഗാന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. മുപ്പത്തിയഞ്ചുകാരനായ മുഹമ്മദ് ഷഹ്‌സാദ് അഫ്‌ഗാനായി 84 ഏകദിനങ്ങളില്‍ 2727 റണ്‍സും 72 രാജ്യാന്തര ട്വന്‍റി 20കളില്‍ 1994 റണ്‍സും നേടിയിട്ടുണ്ട്. ഏകദിനത്തില്‍ ആറും ടി20യില്‍ ഒന്നും സെഞ്ചുറി പേരിലാക്കി.  

ഇന്ത്യയും അഫ്‌ഗാനിസ്ഥാനും സമനിലയില്‍ കുടുങ്ങിയ മത്സരമായിരുന്നു 2018 ഏഷ്യാ കപ്പിലേത്. ആദ്യം ബാറ്റ് ചെയ്‌ത അഫ്‌ഗാന്‍ മുഹമ്മദ് ഷഹ്‌സാദിന്‍റെ സെഞ്ചുറിക്കരുത്തില്‍ നിശ്ചിത 50 ഓവറില്‍ 252 റണ്‍സിലെത്തി. ഓപ്പണറായ ഷഹ്‌സാദ് 116 പന്തില്‍ 11 ഫോറും 7 സിക്‌സും സഹിതം 124 റണ്‍സെടുത്താണ് മടങ്ങിയത്. എന്നാല്‍ ഇതേ സ്കോറില്‍ വച്ച് ഇന്നിംഗ്‌സ് തീരാന്‍ ഒരു പന്ത് അവശേഷിക്കേ ടീം ഇന്ത്യ ഓള്‍ഔട്ടായി. സ്കോര്‍: അഫ്‌ഗാനിസ്ഥാന്‍- 252-8 (50 Ov), ഇന്ത്യ- 252-10 (49.5 Ov). 

Read more: ഐപിഎല്‍ താരലേലം; 'എന്നെ കൊത്താന്‍ കോടികളുമായി ടീമുകള്‍ ക്യൂ നില്‍ക്കും', അവകാശവാദവുമായി താരം

PREV
Read more Articles on
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ