Latest Videos

'തല' തന്നെ ക്യാപ്റ്റന്‍, ബ്രാവോ യുഗം അവസാനിച്ചു, മലയാളിയും പുറത്ത്! സിഎസ്‍കെയിലെ മാറ്റങ്ങളിങ്ങനെ

By Jomit JoseFirst Published Nov 15, 2022, 7:50 PM IST
Highlights

ചെന്നൈ കുപ്പായത്തില്‍ ധോണിയുടെ വിശ്വസ്തനായിരുന്ന ബ്രാവോ വരും സീസണില്‍ മഞ്ഞക്കുപ്പായത്തില്‍ കാണില്ല എന്നത് ആരാധകർക്ക് വലിയ നിരാശയാകും

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകരുടെ പ്രതീക്ഷ വെറുതെയായില്ല. വരും സീസണിലും എം എസ് ധോണി തന്നെ ടീമിനെ നയിക്കുമെന്ന് സിഎസ്കെ സിഇഒ അറിയിച്ചു. എന്നാല്‍ ഏറെ സീസണുകളായി ടീമിന്‍റെ അടിത്തറകളിലൊന്നായിരുന്നു ഓൾറൗണ്ട‍ർ ഡ്വെയ്ന്‍ ബ്രാവോയെയും ബാറ്റർ റോബിന്‍ ഉത്തപ്പയേയും ടീം കൈവിട്ടു എന്നതാണ് ശ്രദ്ധേയം. ചെന്നൈ കുപ്പായത്തില്‍ 2012 മുതല്‍ ധോണിയുടെ വിശ്വസ്തനായിരുന്ന ബ്രാവോ വരും സീസണില്‍ മഞ്ഞക്കുപ്പായത്തില്‍ കാണില്ല എന്നത് ആരാധകർക്ക് വലിയ നിരാശയാകും. 

ഡ്വെയ്ന്‍ ബ്രാവോ, റോബിന്‍ ഉത്തപ്പ, ആദം മില്‍നെ, ഹരി നിശാന്ത്, ക്രിസ് ജോർദാന്‍, ഭഗത് വർമ്മ, കെ എം ആസിഫ്, നാരായന്‍ ജഗദീശന്‍ എന്നിവരെയാണ് മിനി താരലേലത്തിന് മുമ്പ് ചെന്നൈ സൂപ്പർ കിംഗ്സ് കൈവിട്ടത്. ഉത്തപ്പ നേരത്തെ വിരമിക്കല്‍ പ്രഖ്യാപിച്ച താരമാണ്. ഇംഗ്ലണ്ട് ടി20 ലോകകപ്പ് ഉയർത്തിയപ്പോള്‍ ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റായിരുന്നു ജോർദാന്‍. 

ഇവരില്‍ കെ എം ആസിഫ് മലയാളി പേസറാണ്. അതേസമയം നായകന്‍ എം എസ് ധോണിക്ക് പുറമെ ദേവോണ്‍ കോണ്‍വേ, റുതുരാജ് ഗെയ്‍ക്വാദ്, അമ്പാട്ടി റായുഡു, സുഭ്‍രാന്‍ശു സേനാപതി, മൊയീന്‍ അലി, ശിവം ദുബെ, രാജ്‍വർധന്‍ ഹങ്കരേക്കർ, ഡ്വെയ്ന്‍ പ്രിറ്റോറിയസ്, മിച്ചല്‍ സാന്‍റ്നർ, രവീന്ദ്ര ജഡേജ, തുഷാർ ദേശ്പാണ്ഡെ, മുകേഷ് ചൗധരി, മതീഷ് പതിരാനസ സിമർജീത്ത് സിംഗ്, ദീപക് ചാഹർ, പ്രശാന്ത് സോളങ്കി, മഹീഷ് തീഷ്‍ണ എന്നിവരെ ചെന്നൈ നിലനിർത്തി.

ചെന്നൈയുടെ പേഴ്സില്‍ 20.45 കോടി രൂപയാണ് അവശേഷിക്കുന്നത്. രണ്ട് വിദേശ താരങ്ങളുടെ സ്ലോട്ട് അവശേഷിക്കുന്നു. കോണ്‍വേ, മൊയീന്‍ എന്നീ രണ്ട് വിദേശ താരങ്ങളുടെ സാന്നിധ്യം വരും സീസണില്‍ ചെന്നൈക്ക് കരുത്തായേക്കും. ഏറെ സ്പിന്നർമാർ ടീമിലുള്ളത് ചെപ്പോക്കിലേക്ക് മത്സരം തിരിച്ചെത്തുമ്പോള്‍ സഹായകമാകും. കഴിഞ്ഞ തവണത്തെ നാടകം അവസാനിപ്പിച്ച് ധോണിയെ സീസണിന്‍റെ തുടക്കത്തിലെ ക്യാപ്റ്റനായും പ്രഖ്യാപിച്ചു. കഴിഞ്ഞ തവണ തുടക്കത്തില്‍ ജഡേജയും പിന്നീട് ധോണിയുമായിരുന്നു സിഎസ്‍കെയെ നയിച്ചത്. ടീമുമായി പിണക്കത്തിലായിരുന്ന ജഡേജയെ ധോണി ഇടപെട്ടാണ് നിലനിർത്തിയത് എന്നാണ് റിപ്പോർട്ടുകള്‍. 

ഒഴിവാക്കിയ താരങ്ങള്‍: Dwayne Bravo, Robin Uthappa, Adam Milne, Hari Nishaanth, Chris Jordan, Bhagath Varma, KM Asif, Narayan Jagadeesan.

നിലനിർത്തിയ താരങ്ങള്‍: MS Dhoni (capt), Devon Conway, Ruturaj Gaikwad, Ambati Rayudu, Subhranshu Senapati, Moeen Ali, Shivam Dube, Rajvardhan Hangargekar, Dwaine Pretorius, Mitchell Santner, Ravindra Jadeja, Tushar Deshpande, Mukesh Chowdhary, Matheesha Pathirana, Simarjeet Singh, Deepak Chahar, Prashant Solanki, Maheesh Theekshana.

സഞ്ജുവും ബട്‍ലറും ഇല്ലാതെ എന്ത് ആഘോഷം; രാജസ്ഥാന്‍ റോയല്‍സ് നിലനിർത്തിയ താരങ്ങളുടെ പട്ടികയായി

click me!