ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍തക്ക പ്രകടനമൊന്നും റെയ്ന നടത്തിയിട്ടില്ലെന്ന് എംഎസ്കെ പ്രസാദ്

By Web TeamFirst Published May 5, 2020, 8:12 PM IST
Highlights

2018-2010 സീസണില്‍ റെയ്നയില്‍ നിന്ന് അത്തരമൊരു പ്രകടനവും ഉണ്ടായിട്ടില്ല. സീസണില്‍ ആകെ അഞ്ച് രഞ്ജി മത്സരങ്ങളില്‍ മാത്രമാണ് റെയ്ന ഉത്തര്‍പ്രദേശിനായി കളിച്ചത്. ഈ അഞ്ച് രഞ്ജി മത്സരങ്ങളില്‍ രണ്ട് അര്‍ധസെഞ്ചുറി അടക്കം 243 റണ്‍സാണ് റെയ്ന നേടിയത്.

ദില്ലി: ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് സുരേഷ് റെയ്ന നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മുന്‍ ചീഫ് സെലക്ടര്‍ എം എസ് കെ പ്രസാദ്. സീനിയര്‍ താരങ്ങളെ ടീമില്‍ നിന്നൊഴിവാക്കുമ്പോള്‍ സെലക്ടര്‍മാര്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്നും എന്തുകൊണ്ട് ടീമില്‍ നിന്ന് ഒഴിഴിവാക്കുന്നു എന്നതിനെക്കുറിച്ച് സെലക്ടര്‍മാര്‍ ആശയവിനിമയം നടത്തിയിരുന്നില്ലെന്നും റെയ്ന ആരോപിച്ചിരുന്നു.

എന്നാല്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍തക്ക പ്രകടനമൊന്നും റെയ്ന ആഭ്യന്തര ക്രിക്കറ്റില്‍ നടത്തിയിട്ടില്ലെന്ന് എം എസ് കെ പ്രസാദ് പറഞ്ഞു. 1999ല്‍ വി വി എസ് ലക്ഷ്മണെ ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കയിപ്പോള്‍ അദ്ദേഹം ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിപ്പോവുകയും അവിടെ 1400ല്‍ അധികം സ്കോര്‍ ചെയ്യുകയും ചെയ്ത ശേഷമാണ് ടീമില്‍ തിരിച്ചെത്തിയത്. സീനിയര്‍ താരങ്ങളില്‍ നിന്ന് ഇത്തരമൊരു സമീപനമാണ് സെലക്ടര്‍മാര്‍ പ്രതീക്ഷിക്കുന്നത്.

Alos Read: എന്തുകൊണ്ട് പുറത്താക്കി; മുന്‍ സെലക്റ്റര്‍മാര്‍ക്കെതിരെ പൊട്ടിത്തെറിച്ച് സുരേഷ് റെയ്‌ന

2018-2010 സീസണില്‍ റെയ്നയില്‍ നിന്ന് അത്തരമൊരു പ്രകടനവും ഉണ്ടായിട്ടില്ല. സീസണില്‍ ആകെ അഞ്ച് രഞ്ജി മത്സരങ്ങളില്‍ മാത്രമാണ് റെയ്ന ഉത്തര്‍പ്രദേശിനായി കളിച്ചത്. ഈ അഞ്ച് രഞ്ജി മത്സരങ്ങളില്‍ രണ്ട് അര്‍ധസെഞ്ചുറി അടക്കം 243 റണ്‍സാണ് റെയ്ന നേടിയത്. ഐപിഎല്ലില്‍ 17 മത്സരങ്ങളില്‍ നിന്ന് ചെന്നൈക്കായി 383 റണ്‍സും.റെയ്നയെക്കാള്‍ മികച്ച പ്രകടനം പുറത്തെടുത്ത ഒട്ടേറെ യുവതാരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റിലും ഇന്തയ എ ടീമിലുമുണ്ടായിരുന്നു.

ടീമില്‍ നിന്ന് ഒഴിവാക്കുന്നതിനെക്കുറിച്ച് റെയ്നയോട് വ്യക്തിപരമായി സംസാരിച്ചിരുന്നു. തിരിച്ചുവരാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ഉപദേശിച്ചിരുന്നു. എന്റെ മുറിയിലേക്ക് വിളിച്ചാണ് ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചത്. അന്ന് എന്റെ നടപടിയെ റെയ്ന പ്രശംസിക്കുകയും ചെയ്തു. എന്നാല്‍ അതിന് വിരുദ്ധമായ നിലപാടുമായി റെയ്ന ഇപ്പോള്‍ രംഗത്തെത്തിയത് തന്നെ അത്ഭുതപ്പെടുത്തിയെന്നും പ്രസാദ് പറഞ്ഞു.

Alos Read: പാടിപ്പുകഴ്ത്താതെപോയ മൂന്ന് ഇന്നിങ്‌സുകള്‍; 2011 ലോകകപ്പില്‍ ഇവരും കൂടിയാണ് ഇന്ത്യക്ക് കിരീടം സമ്മാനിച്ചത്

സീനിയര്‍ താരങ്ങള്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെടുമ്പോള്‍ അവര്‍ ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഫോം വീണ്ടെടുത്ത് തിരിച്ചുവരണമെന്നാണ് സെലക്ടര്‍മാര്‍ ആഗ്രഹിക്കുന്നത്. മൊഹിന്ദര്‍ അമര്‍നാഥിനെ നോക്കു. അദ്ദേഹം എത്ര തവണ തഴയപ്പെട്ടു. ഓരോ തവണയും ആഭ്യന്തര ക്രിക്കറ്റിലെ മികവുകൊണ്ട് അദ്ദേഹം ടീമില്‍ തിരിച്ചെത്തി-പ്രസാദ് പറഞ്ഞു.

click me!