
മുംബൈ: പ്രഥമ വനിതാ ഐപിഎല്‍ ഉദ്ഘാടന മത്സരത്തിന്റെ സമയത്തില്‍ മാറ്റം. മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ജയന്റ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം. ഡിവൈ പാട്ടീല്‍ സ്റ്റേഡയിയത്തില്‍ വൈകീട്ട് ഏഴരയ്ക്കാണ് മത്സരം നിശ്ചയിച്ചിരുന്നത്. എന്നാല്‍ പുതുക്കിയ സമയപ്രകാരം എട്ട് മണിക്കാണ് മത്സരം ആരംഭിക്കുക. സമയം മാറ്റിയതിന്റെ കാരണം വ്യക്തമല്ല. 6.25ന് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും. നാല് മണി മുതല്‍ കാണികള്‍ക്ക് സ്റ്റേഡിയത്തില് പ്രവേശിക്കാം.
ഓസ്‌ട്രേലിയന്‍ കരുത്തുമായാണ് ഗുജറാത്ത് വരുന്നത്. ക്യാപ്റ്റന്‍ ബെത്ത് മൂണിക്കൊപ്പം താരലേലത്തിലെ താരങ്ങളിലൊരാളയ ആഷ്‌ലി ഗാഡ്‌നറും സംഘത്തിലുണ്ട്. ഡിയാഡ്ര ഡോട്ടിന്‍, അന്നെബെല്‍ സതര്‍ലന്‍ഡ് എന്നിങ്ങലെ പ്രതിഭകള്‍ പലരുമുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ ഹര്‍മന്‍ പ്രീത് കൗറിന്റെ നേതൃത്വത്തിലെത്തുന്ന മുംബൈ സംഘത്തെ ഒരുകൂട്ടം മികച്ച ഓള്‍റൗണ്ടര്‍മാരുടെ സംഘമെന്ന് വിശേഷിപ്പിക്കാം. നതാലി സ്‌കീവര്‍ ബ്രണ്ട്, ഹെയ്‌ലി മാത്യൂസ്, അമേലിയ കെര്‍, പൂജ വസ്ത്രകാര്‍ അങ്ങനെ ബാറ്റിംഗിലും ബോളിംഗിലും കരുത്തരുണ്ട്. ബാറ്റര്‍മാരെ പിന്തുണയ്ക്കുന്ന പിച്ചില്‍ ശരാശരി 160 റണ്‍സിന് മുകളില്‍ പ്രതീക്ഷിക്കുന്നുണ്ട്. അഞ്ച് ടീമുകള്‍ പങ്കെടുക്കുന്ന ലീഗില്‍ ആകെ 23 മത്സരങ്ങളാണ് ഉള്ളത്.
പോയിന്റ് പട്ടികയിലെ ആദ്യസ്ഥാനക്കാര്‍ നേരിട്ട് ഫൈനലിലേക്ക്. രണ്ടും മൂന്നും സ്ഥാനക്കാര്‍ സെമി ഫൈനലില്‍ ഏറ്റുമുട്ടും. മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തിലും ബ്രാബോണ്‍ സ്റ്റേഡിയത്തിലുമായി ആകെ 22 മത്സരങ്ങള്‍. താരലേല പട്ടികയില്‍ ഇടംപിടിച്ചത് 448 പേര്‍. അഞ്ചുടീമുകള്‍ ഇവരില്‍ നിന്ന് സ്വന്തമാക്കിയത് 87 താരങ്ങളെ. രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്കാണ് ടീമിനെ നയിക്കാനുള്ള അവസരം ലഭിച്ചത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ സ്മൃതി മന്ദാന നയിക്കും. മുംബൈ ഇന്ത്യന്‍സിനെ ഹര്‍മന്‍പ്രീത് കൗറുമാണ് നയിക്കുന്നത്.
മൂന്ന് ഓസ്ട്രേലിയന്‍ താരങ്ങളും ടീമുകളെ നയിക്കുന്നുണ്ട്. യു പി വാരിയേഴ്സിന്റെ ക്യാപ്റ്റന്‍ അലിസ ഹീലിയാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനെ മെഗ് ലാനിംഗും ഗുജറാത്ത് ജയന്റ്സിനെ ബേത് മൂണിയും നയിക്കും. ഡല്‍ഹിയുടെ മിന്നു മണിയാണ് ലീഗിലെ ഏക കേരളതാരം. ബിജുജോര്‍ജ് ഡല്‍ഹിയുടെ ഫീല്‍ഡിംഗ് പരിശീലകനും. ജുലന്‍ ഗോസ്വാമി, മിതാലി രാജ്, അന്‍ജു ജെയ്ന്‍ തുടങ്ങിയവര്‍ പരിശീലകരുടെ റോളിലും വനിതാ പ്രീമിയര്‍ ലീഗിന്റെ പ്രഥമ പതിപ്പിന്റെ ഭാഗമാവും. മാര്‍ച്ച് ഇരുപത്തിയാറിനാണ് ഫൈനല്‍.