അലസതാളത്തിലുള്ള ബൗളിംഗ് ആക്ഷന് പിന്നാലെ വോണിന്റെ വിരലുകളില്‍ നിന്ന് ക്രീസിലേക്ക് പറന്നിറങ്ങുന്ന, ബാറ്റര്‍മാരെ കറക്കിവീഴ്ത്തുന്ന പന്തുകള്‍. ടേണിനൊപ്പം ഏത് വിക്കറ്റിലും ബൗണ്‍സും കണ്ടെത്തുന്നതായിരുന്നു വോണിനെ അപകടകാരിയാക്കിയത്.
സിഡ്‌നി: സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണ്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് ഒരുവര്‍ഷം. കഴിഞ്ഞ വര്‍ഷം തായ്‌ലന്‍ഡില്‍ ചികിത്സയ്ക്ക് എത്തിയപ്പോള്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 52കാരനായ വോണിന്റെ അന്ത്യം. ചരിത്രത്തില്‍ അത്യപൂര്‍വമായി സംഭവിക്കുന്ന പ്രതിഭാസം. ക്രിക്കറ്റില്‍ ഏറ്റവും ദുഷ്‌കരമായ ലെഗ്‌സ്പിന്നില്‍ വിസ്മയം തീര്‍ത്ത മഹാമാന്ത്രികന്‍. ലെഗ്‌സ്പിന്‍ ബൗളര്‍മാര്‍ ക്രിക്കറ്റില്‍ നിന്ന് അപ്രസക്തരായിക്കൊണ്ടിരുന്ന കാലത്താണ് ഷെയ്ന്‍ വോണിന്റെ ഉദയം.
അലസതാളത്തിലുള്ള ബൗളിംഗ് ആക്ഷന് പിന്നാലെ വോണിന്റെ വിരലുകളില്‍ നിന്ന് ക്രീസിലേക്ക് പറന്നിറങ്ങുന്ന, ബാറ്റര്‍മാരെ കറക്കിവീഴ്ത്തുന്ന പന്തുകള്‍. ടേണിനൊപ്പം ഏത് വിക്കറ്റിലും ബൗണ്‍സും കണ്ടെത്തുന്നതായിരുന്നു വോണിനെ അപകടകാരിയാക്കിയത്. ടെസ്റ്റില്‍ ഹാട്രിക്. ലോകകപ്പ് ഫൈനലില്‍ മാന്‍ ഓഫ് ദ മാച്ച്. ടെസ്റ്റില്‍ 700 വിക്കറ്റും അന്താരാഷ്ട്ര ക്രിക്കറ്റില്‍ 1000 വിക്കറ്റും നേടുന്ന ആദ്യ ബൗളര്‍. സെഞ്ച്വറിയില്ലാതെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റര്‍. മൈക് ഗാറ്റിംഗിന്റെ വിക്കറ്റ് പിഴുത നൂറ്റാണ്ടിന്റെ പന്ത്. തിളക്കമേറെയാണ് വോണിന്റെ നേട്ടങ്ങള്‍ക്ക്.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും വോണിനെ ഓര്‍ക്കുകയാണ്. അദ്ദേഹം ട്വീറ്റ് ചെയ്തതിങ്ങനെ... ''നമ്മള്‍ ഗ്രൗണ്ടില്‍ വിസ്മരിക്കാനാവാത്ത ചില മുഹൂര്‍ത്തങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നിങ്ങളുടെ അഭാവം ഞാന്‍ അറിയുന്നു. ഒരു ക്രിക്കറ്റര്‍ എന്ന രീതിയില്‍ മാത്രമല്ല, സുഹൃത്തെന്ന നിലയിലും. നിങ്ങളുടെ നര്‍മബോധവും ആകര്‍ഷണീയതയും സ്വര്‍ഗത്തെ കൂടുതല്‍ മനോഹരമാക്കി തീര്‍ക്കുന്നുണ്ടാവുമെന്ന് എനിക്ക് തോന്നുന്നു. സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചിട്ടു.
1992ല്‍ ഇന്ത്യക്കെതിരെ അരങ്ങേറ്റം. 145 ടെസ്റ്റില്‍ 708 വിക്കറ്റ്. 194 ഏകദിനത്തില്‍ 293 വിക്കറ്റ്. ആഷസില്‍ മാത്രം 195 വിക്കറ്റ്. ഐപിഎല്ലിലെ ആദ്യ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ ചാന്പ്യന്‍മാരാക്കിയ നായകന്‍. കമന്റേറ്ററായും മെന്ററായും ക്രിക്കറ്റില്‍ സജീവമായി തുടരവേയാണ് കഴിഞ്ഞ വര്‍ഷം മരണം അപ്രതീക്ഷിതമായ വോണിന്റെ ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്.
ടെസ്റ്റില്‍ 145 മത്സരങ്ങളില്‍ 2.65 ഇക്കോണമിയില്‍ 708 വിക്കറ്റും 194 ഏകദിനങ്ങളില്‍ 4.25 ഇക്കോണമിയില്‍ 293 വിക്കറ്റും വോണിന്റെ പേരിലുണ്ട്. ടെസ്റ്റില്‍ 37 തവണ അഞ്ച് വിക്കറ്റ് നേട്ടവും 10 തവണ രണ്ടിംഗ്സിലുമായി 10 വിക്കറ്റ് നേട്ടവും വോണ്‍ പേരിലാക്കി. ഏകദിനത്തില്‍ ഒരു തവണയാണ് അഞ്ച് വിക്കറ്റ് പിഴുതത്. ടെസ്റ്റില്‍ 3154 റണ്‍സും ഏകദിനത്തില്‍ 1018 റണ്‍സും നേടി. ഐപിഎല്ലില്‍ 55 മത്സരങ്ങളില്‍ 57 വിക്കറ്റ് വീഴ്ത്തി. ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ അപ്രതീക്ഷിത കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനായിരുന്നു ഷെയ്ന്‍ വോണ്‍. പിന്നീട് ടീമിന്റെ ഉപദേശക സ്ഥാനവും വഹിച്ചു ഇതിഹാസ താരം.
