
മുംബൈ: ഐപിഎല്‍ 2026ല്‍ നിലനില്‍പ്പിനായുള്ള കടുത്ത പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിന് ടോസ് വീഴും. പോയിന്റ് പട്ടികയില്‍ അവസാന രണ്ട് സ്ഥാനങ്ങളിലുള്ള ഇരു ടീമുകള്‍ക്കും പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഇന്ന് വിജയം അനിവാര്യമാണ്. മുംബൈയെ സംബന്ധിച്ചിടത്തോളം ഇന്ന് തോറ്റാല്‍ ടൂര്‍ണമെന്റില്‍ നിന്നുള്ള പുറത്താകല്‍ ഏകദേശം ഉറപ്പാകും. മറുഭാഗത്ത്, തുടര്‍ച്ചയായ അഞ്ച് തോല്‍വികളുമായി വരുന്ന ലഖ്നൗവിനും നില മെച്ചപ്പെടുത്താന്‍ ഈ വിജയം അത്യാവശ്യമാണ്.
ഹാംസ്ട്രിംഗ് പരിക്കിനെത്തുടര്‍ന്ന് വിട്ടുനിന്ന രോഹിത് ശര്‍മ ഇന്നത്തെ മത്സരത്തില്‍ കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. രോഹിത് തിരിച്ചെത്തിയാല്‍ മുംബൈയുടെ ബാറ്റിംഗ് നിരയ്ക്ക് അത് വലിയ കരുത്താകും. സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ ഫോമില്ലായ്മയും മുംബൈയെ അലട്ടുന്നുണ്ട്. ഈ സീസണില്‍ ഇതുവരെ 23 കളിക്കാരെ പരീക്ഷിച്ച മുംബൈയ്ക്ക് ഒരു സ്ഥിരത കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മുംബൈയുടെ കുന്തമുനയായ ജസ്പ്രീത് ബുംറയ്ക്ക് ഈ സീസണ്‍ ഒരു പേടിസ്വപ്നമാണ്. 9 മത്സരങ്ങളില്‍ നിന്ന് വെറും 3 വിക്കറ്റുകള്‍ മാത്രമാണ് ബുംറയ്ക്ക് നേടാനായത്.
എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ സഞ്ജു സാംസണിനെ പുറത്താക്കി ഫോമിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചനകള്‍ ബുംറ നല്‍കിയിട്ടുണ്ട്. സീസണ്‍ വിജയത്തോടെ തുടങ്ങിയ ലഖ്നൗവിന് പിന്നീട് താളം കണ്ടെത്താനായില്ല. നായകന്‍ റിഷഭ് പന്തിന്റെ ബാറ്റിംഗിലെ മോശം ഫോം ടീമിന് തിരിച്ചടിയാണ്. ബൗളിംഗില്‍ മുഹമ്മദ് ഷമിയുടെ അനുഭവസമ്പത്തും മൊഹ്‌സിന്‍ ഖാന്റെ വേഗതയുമാണ് ലഖ്നൗവിന്റെ പ്രധാന പ്രതീക്ഷകള്‍. ബാറ്റര്‍മാരെ തുണയ്ക്കുന്ന പിച്ചാണ് വാംഖഡെയിലേത്. ഈ സീസണിലെ ശരാശരി സ്‌കോര്‍ 217 ആണ്. അതിനാല്‍ ടോസ് നേടുന്ന ടീം ബൗളിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത.
ലഖ്നൗവിനെതിരെ മോശം റെക്കോര്‍ഡാണ് മുംബൈയ്ക്കുള്ളത്. ഇരു ടീമുകളും ഏറ്റുമുട്ടിയ 8 മത്സരങ്ങളില്‍ 6 എണ്ണത്തിലും ലഖ്നൗവിനായിരുന്നു വിജയം. വാംഖഡെയില്‍ നടന്ന മൂന്ന് മത്സരങ്ങളില്‍ രണ്ടിലും ലഖ്നൗ ആണ് ജയിച്ചത്. ഇരു ടീമുകളുടേയും സാധ്യതാ ഇലവന്‍..
മുംബൈ ഇന്ത്യന്‍സ്: വില്‍ ജാക്സ് / രോഹിത് ശര്‍മ്മ, റയാന്‍ റിക്കല്‍ട്ടണ്‍, സൂര്യകുമാര്‍ യാദവ്, നമന്‍ ധീര്‍, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), റോബിന്‍ മിന്‍സ്, ട്രെന്റ് ബോള്‍ട്ട്, കൃഷ് ഭഗത്, ജസ്പ്രീത് ബുംറ, എ.എം. ഗസന്‍ഫര്‍.
ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ്: എയ്ഡന്‍ മാര്‍ക്രം, മിച്ചല്‍ മാര്‍ഷ്, ഋഷഭ് പന്ത് (ക്യാപ്റ്റന്‍), നിക്കോളാസ് പുരാന്‍, ആയുഷ് ബദോനി, മുകുള്‍ ചൗധരി, ജോര്‍ജ് ലിന്‍ഡെ, മുഹമ്മദ് ഷാമി, പ്രിന്‍സ് യാദവ്, ദിഗ്വേഷ് സിംഗ് രാതി, മൊഹ്‌സിന്‍ ഖാന്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!