
ധാക്ക: കരിയറിലെ നൂറാം ടെസ്റ്റില്‍ അപൂര്‍വനേട്ടം സ്വന്തമാക്കി ബംഗ്ലാദേശിന്‍റെ വെറ്ററന്‍ താരം മുഷ്ഫീഖുര്‍ റഹീം. അയര്‍ലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ കരിയറിലെ പതിമൂന്നാം സെഞ്ചുറി തികച്ച മുഷ്ഫീഖുര്‍ നൂറാം ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന പതിനൊന്നാമത്തെ മാത്രം ബാറ്ററായി. ഇന്നലെ ബംഗ്ലാദേശിനായി 100 ടെസ്റ്റ് കളിക്കുന്ന ആദ്യ താരമായ റഹീം നൂറാം ടെസ്റ്റില്‍ സെഞ്ചുറി അടിച്ച് മത്സരം അവിസ്മരണീയമാക്കി.
1968ല്‍ ഇംഗ്ലണ്ട് താരം കോളിന്‍ കൗഡ്രി ആണ് നൂറാം ടെസ്റ്റില്‍ സെഞ്ചുറി നേടിയ ആദ്യ താരം. പിന്നീട് 1989ല്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ താരം ജാവേദ് മിയാന്‍ദാദും നൂറാം ടെസ്റ്റില്‍ സെഞ്ചുറി തികച്ച് ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ താരമായി. 1990ല്‍ ഗോര്‍ഡന്‍ ഗ്രീനിഡ്ജ്, 2000ല്‍ അലക് സ്റ്റുവര്‍ട്ട്, 2005ല്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ താരം ഇന്‍സമാം ഉള്‍ ഹഖ്, 2006ല്‍ ഓസ്ട്രേലിയയുടെ റിക്കി പോണ്ടിംഗ്, 2012ല്‍ ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്ത്, 2017ല്‍ ഹാഷിം അംല, 2021ല്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന്‍റെ ജോ റൂട്ട്, 2022ല്‍ ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് മുഷ്പീഖുര്‍ റഹീമിന് മുമ്പ് ഈ നേട്ടം കൈവരിച്ചവര്‍.
ഇവരില്‍ നൂറാം ടെസ്റ്റിലെ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി തികച്ച ഒരേയൊരു താരം ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗാണ്. ഇന്ത്യൻ താരങ്ങളാരും നൂറാം ടെസ്റ്റില്‍ ഇതുവരെ സെഞ്ചുറി തികച്ചിട്ടില്ല. നൂറാം ടെസ്റ്റ് കളിക്കുന്ന റഹീമിനെ മത്സരത്തിന് മുമ്പ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ആദരിച്ചിരുന്നു. അയര്‍ലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശ് ഇന്നിംഗ്സിനും 47 റണ്‍സിനും ജയിച്ചിരുന്നു. രണ്ടാം ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ബംഗ്ലാദേശ് രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 433 റണ്‍സെന്ന നിലയിലാണ്. 214 പന്തില്‍ 106 റണ്‍സെടുത്ത റഹീമിന് പുറമെ 128 റണ്‍സടിച്ച വിക്കറ്റ് കീപ്പര്‍ ലിറ്റണ്‍ ദാസും ബംഗ്ലാദേശ് സ്കോറിലേക്ക് സംഭാവന നല്‍കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!