
ഹൈദരാബാദ്: മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റില്‍ കേരളത്തിന്‍റെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ക്ക് ജീവന്‍ നല്‍കി ആന്ധ്ര. അവസാന ഗ്രൂപ്പ് മത്സരത്തില്‍ മുംബൈക്ക് മുന്നില്‍ 230 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ആന്ധ്ര മുന്നോട്ടുവെച്ചത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആന്ധ്ര കെ എസ് ഭരത്(53 പന്തില്‍ 93*), അശ്വിന്‍ ഹെബ്ബാര്‍(29 പന്തില്‍ 52) ക്യാപ്റ്റന്‍ റിക്കി ഭൂയി(31 പന്തില്‍ 68) എന്നിവരുടെ ബാറ്റിംഗ് മികവിൽ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സടിച്ചു.
ഗ്രൂപ്പ് ഇയില്‍ നിന്ന് ക്വാര്‍ട്ടറിലെത്തുന്ന രണ്ടാമത്തെ ടീം ഏതെന്ന് തീരുമാനിക്കുക ആന്ധ്ര-മുംബൈ മത്സരമാണ്. 20 പോയന്‍റും +3.006 നെറ്റ് റണ്‍റേറ്റുമായി ആന്ധ്ര ക്വാര്‍ട്ടര്‍ ഉറപ്പിച്ചപ്പോള്‍ കേരളത്തിനും മുംബൈക്കും 16 പോയന്‍റ് വീതമാണുള്ളത്. നെറ്റ് റണ്‍റേറ്റില്‍ കേരളത്തെക്കാള്‍(+1.018) നേരിയ മുന്‍തൂക്കം മുംബൈക്കുണ്ട്(+1.330). ഇന്നത്തെ മത്സരത്തില്‍ ആന്ധ്രയോട് കനത്ത തോല്‍വി വഴങ്ങാതിരുന്നാല്‍ പോലും മുംബൈക്ക് ക്വാര്‍ട്ടറിലെത്താം.
ആന്ധ്ര വലിയ വിജയലക്ഷ്യം മുന്നോട്ടുവെച്ചതോടെ കേരളത്തിന്‍റെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ക്ക് ജിവന്‍ വെച്ചിട്ടുണ്ടെങ്കിലും സൂര്യകുമാര്‍ യാദവും ശ്രേയസ് അയ്യരും അജിങ്ക്യാ രഹാനെയും പൃഥ്വി ഷായും അടങ്ങുന്ന മുംബൈ ബാറ്റിംഗ് നിരയെ ആന്ധ്ര പിടിച്ചുകെട്ടുമോ എന്നാണ് കേരളത്തിന്‍റെ ആരാധകര്‍ ഉറ്റുനോക്കുന്നത്.
ആദ്യ മത്സരത്തില്‍ സര്‍വീസസിനെ തോല്‍പ്പിച്ചു തുടങ്ങിയ കേരളം മഹാരാഷ്ട്രയോട് തോറ്റിരുന്നു. പിന്നീട് നാഗാലാന്‍ഡിനും ഗോവക്കുമെതിരെ ജയിച്ച് ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കിയെങ്കിലും ആന്ധ്രക്കെതിരെ തോറ്റതാണ് തിരിച്ചടിയായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!