'എനിക്ക് എന്ത് ചെയ്യാന്‍ പറ്റും?'; ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ മുസ്തഫിസുര്‍ റഹ്മാന്‍

Published : Jan 04, 2026, 12:24 PM IST
Mustafizur Rahman

Synopsis

ഇന്ത്യ-ബംഗ്ലാദേശ് നയതന്ത്ര സംഘർഷത്തെ തുടർന്ന് ബിസിസിഐ നിർദേശപ്രകാരം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുസ്തഫിസുർ റഹ്മാനെ ടീമിൽ നിന്ന് ഒഴിവാക്കി.

കൊല്‍ക്കത്ത: ബിസിസിഐ നിര്‍ദേശത്തിന് പിന്നാലെ ബംഗ്ലദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ടീമില്‍നിന്ന് ഒഴിവാക്കിയതായി ഐപിഎല്‍ ഫ്രാഞ്ചൈസിയായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് അറിയിച്ചിരുന്നു. ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്നാണ് താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കാനുള്ള നിര്‍ദേശം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു നല്‍കിയത്. ഇതുപ്രകാരം താരത്തെ ടീമില്‍ നിന്ന് റിലീസ് ചെയ്തതായി കൊല്‍ക്കത്ത ടീം മാനേജ്‌മെന്റ് ഔദ്യോഗികമായി അറിയിച്ചു.

ഒഴിവാക്കിയതിന് പിന്നാലെ പ്രതികരണം അറിയിച്ചിരിക്കുകയാണ് മുസ്തഫിസുര്‍. അവര്‍ എന്നെ ഒഴിവാക്കിയാല്‍ എനിക്ക് എന്തുചെയ്യാന്‍ കഴിയും എന്നായിരുന്നു സംഭവത്തില്‍ ഒരു ബംഗ്ലദേശ് സ്‌പോര്‍ട്‌സ് മാധ്യമത്തോട് മുസ്തഫിസുറിന്റെ പ്രതികരണം. ഇതിനിടെ ബിസിസിഐ തീരുമാനത്തെ വിമര്‍ശിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തി. ഇത്തരമൊരു അനുഭവം മുന്‍പ് ഉണ്ടായിട്ടില്ലെന്നും താരങ്ങളുടെ അന്തസ്സും സുരക്ഷയുമാണ് ഞങ്ങളുടെ മുന്‍ഗണനയെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. ചിലരെ ഒറ്റപ്പെടുത്തുന്ന ആശയങ്ങളില്‍ നിന്ന് പിന്മാറണമെന്നും ബിസിബി വ്യക്തമാക്കി.

ഡിസംബറില്‍ നടന്ന ഐപിഎല്‍ മിനി താരലേലത്തില്‍ 9.2 കോടി രൂപയ്ക്കാണ് മുസ്തഫിസുര്‍ റഹ്മാനെ കൊല്‍ക്കത്ത ടീം സ്വന്തമാക്കിയത്. ഐപിഎലില്‍ ഒരു ബംഗ്ലദേശ് താരത്തിനു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. താരത്തെ ഒഴിവാക്കിയതോടെ ആവശ്യമെങ്കില്‍ പകരമൊരാളെ ടീമില്‍ ഉള്‍പ്പെടുത്താന്‍ കൊല്‍ക്കത്തയെ അനുവദിക്കുമെന്ന് ബിസിസിഐ അറിയിച്ചിരുന്നു. മാര്‍ച്ച് 26നാണ് ഐപിഎല്‍ തുടങ്ങുന്നത്. നിലവിലെ സാഹചര്യത്തില്‍ സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ഇന്ത്യയുടെ ബംഗ്ലദേശ് പര്യടനവും അനിശ്ചിതത്വത്തിലായി.

മുസ്തഫിസുറിനെ ടീമിലെടുത്തതിനെതിരെ കൊല്‍ക്കത്ത ടീം സഹട ഉടമയും ബോളിവുഡ് താരവുമായ ഷാരൂഖ് ഖാനെതിരെ ഒരു വിഭാഗം ആരാധകര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഷാരൂഖ് ഖാനെതിരെ ബിജെപി, ശിവ സേനാ നേതാക്കളാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. മുസ്തഫിസുറിനെ കളിപ്പിച്ചാല്‍ ഐപിഎല്‍ മത്സരങ്ങള്‍ തടസപ്പെടുത്തുമെന്ന് ഉജ്ജയിനിയിലെ മതനേതാക്കളും ഭീഷണി മുഴക്കിയിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റൻ, ശ്രേയസ് അയ്യർ തിരിച്ചെത്തി, ഷമി പുറത്തുതന്നെ, ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
ഇഷാന്‍ കിഷന് മുന്നില്‍ സഞ്ജു-രോഹൻ ഷോ, വെടിക്കെട്ട് സെഞ്ചുറി, വിജയ് ഹസാരെയില്‍ ജാര്‍ഖണ്ഡിനെ വീഴ്ത്തി കേരളം