
ഗുവാഹത്തി: ഗുവാഹത്തി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക കൂറ്റൻ സ്കോറിലേക്ക്. ആറ് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക ലഞ്ചിന് പിരിയുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 428 റണ്‍സെന്ന നിലയിലാണ്. 107 റണ്‍സോടെ സെനുരാന്‍ മുത്തുസാമിയും 51 റണ്‍സോടെ മാര്‍ക്കോ യാന്‍സനും ക്രീസില്‍. 45 റണ്‍സെടുത്ത കെയ്ല്‍ വെരിയെന്നെയുടെ വിക്കറ്റ് മാത്രമാണ് ദക്ഷിണാഫ്രിക്കക്ക് രണ്ടാം ദിനം നഷ്ടമായത്. വെരിയെന്നെ മുത്തുസാമി സഖ്യം ഏഴാം വിക്കറ്റില്‍ 88 റൺസടിച്ചപ്പോള്‍ പിരിയാത്ത എട്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ യാന്‍സന്‍-മത്തുസാമി സഖ്യം 99 പന്തില്‍ 94 റണ്‍സെടുത്തിട്ടുണ്ട്.
ഇന്ത്യക്കായി രവീന്ദ്ര ജഡേജയാണ് രണ്ടാം ദിനം വീണ ഒരേയൊരു വിക്കറ്റ് സ്വന്തമാക്കിയത്. ആദ്യ സെഷനില്‍ വിക്കറ്റ് നഷ്ടമില്ലാതെ പിടിച്ചു നിന്ന ദക്ഷിണാഫ്രിക്ക 313/6 എന്ന സ്കോറിലായിരുന്നു ക്രീസ് വിട്ടത്. രണ്ടാം സെഷനില്‍ വെരിയെന്നെയുടെ വിക്കറ്റ് വീഴ്ത്താനായെങ്കിലും പിന്നീട് ക്രീസിലെത്തിയ മാര്‍ക്കോ യാൻസൻ കുല്‍ദീപിനെ കടന്നാക്രമിച്ച് നാലു സിക്സും മൂന്ന് ഫോറും പറത്തി വെടിക്കെട്ട് അര്‍ധസെഞ്ചുറി നേടിയതോടെ ഇന്ത്യയുടെ പ്രതീക്ഷ പൊലിഞ്ഞു. മറുവശത്ത് കരുതലോടെ കളിച്ച മുത്തുസാമി 192 പന്തിലായിരുന്നു തന്‍റെ കന്നി ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്.
88 റണ്‍സില്‍ നില്‍ക്കെ കുല്‍ദീപ് യാദവിനെ സിക്സിനും ഫോറിനും പറത്തിയ മത്തുസാമി മുഹമ്മദ് സിറാജിന്‍റെ പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുത്ത് മൂന്നക്കം കടന്നു. ഏഴാം നമ്പറിലിറങ്ങി ഇന്ത്യക്കെതിരെ സെഞ്ചുറി നേടുന്ന മൂന്നാമത്തെ മാത്രം ദക്ഷിണാഫ്രിക്കന്‍ ബാറ്ററാണ് മുത്തുസാമി. 2019ല്‍ ക്വിന്‍റണ്‍ ഡി കോക്കും 1997ല്‍ ലാന്‍സ് ക്ലൂസ്‌നറുമാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍. മുത്തുസാമി സെഞ്ചുറി തികച്ചതിന് പിന്നാലെ 52 പന്തില്‍ യാന്‍സന്‍ അര്‍ധസെഞ്ചുറി തികച്ചു.
രണ്ടാം ദിനം തുടക്കത്തിലെ വിക്കറ്റ് വീഴ്ത്തി ദക്ഷിണാഫ്രിക്കയെ സമ്മര്‍ദ്ദത്തിലാക്കാമെന്ന ഇന്ത്യയുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് ആദ്യ സെഷനില്‍ മുത്തുസാമിയും വെരിയെന്നെയും കരുതലോടെ പിടിച്ചു നിന്നതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലായിരുന്നു. ബൗളര്‍മാര്‍ക്ക് കാര്യമായ സഹായമൊന്നും ലഭിക്കാതിരുന്ന ആദ്യ സെഷനില്‍ അര്‍ധസെഞ്ചുറി തികയ്ക്കും മുമ്പ് മുത്തുസാമിയെ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കിയെങ്കിലും റിവ്യു എടുത്ത ദക്ഷിണാഫ്രിക്ക രക്ഷപ്പെട്ടു. പിന്നീട് കാര്യമായ അവസരങ്ങളൊന്നും സൃഷ്ടിക്കാന്‍ ഇന്ത്യൻ ബൗളര്‍മാര്‍ക്കായില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക