
കൊല്‍ക്കത്ത:ഐപിഎല്ലില്‍ രണ്ടോവറുകളിലായി തുടര്‍ച്ചയായി ആറ് സിക്സ് അടിച്ച് റെക്കോര്‍ഡിട്ട രാജസ്ഥാന്‍ റോയല്‍സ് നായകന്‍ റിയാന്‍ പരാഗ് സാക്ഷാത്കരിച്ചത് രണ്ട് വര്‍ഷം മുമ്പ് കണ്ട സ്വപ്നം. രണ്ട് വര്‍ഷം മുമ്പ് എക്സിലാണ്(മുമ്പ് ട്വിറ്റര്‍) പരാഗ് താന്‍ ഐപിഎല്ലില്‍ ഒരോവറില്‍ നാലു സിക്സുകള്‍ പറത്തുമെന്ന് പറഞ്ഞത്.
എന്‍റെ മനസ് പറയുന്നു, ഐപിഎല്ലില്‍ എപ്പോഴെങ്കിലും ഞാന്‍ ഒരോവറില്‍ നാലു സിക്സുകള്‍ അടിക്കുമെന്ന് എന്നായിരുന്നു പരാഗിന്‍റെ എക്സ് പോസ്റ്റ്. എന്നാല്‍ അത് സാക്ഷാത്കരിച്ചത് ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആയിരുന്നു. മൊയീന്‍ അലിയുടെ ഒരോവറില്‍ നാലല്ല അഞ്ച് സിക്സ് പായിച്ചാണ് പരാഗ് തന്‍റെ സ്വപ്നം സാക്ഷാത്കരിച്ചത്. അവിടംകൊണ്ടും നിര്‍ത്താന്‍ പരാഗ് തയാറായില്ല. വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ തൊട്ടടുത്ത ഓവറില്‍ നേരിട്ട ആദ്യ പന്തിലും സിക്സ് പായിച്ച് തുടര്‍ച്ചയായി ആറ് സിക്സുകള്‍ നേടി ഐപിഎല്‍ ചരിത്രത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡും സ്വന്തമാക്കി.
പതിമൂന്നാം ഓവര്‍ എറിയാനെത്തിയ മൊയീന്‍ അലിക്കെതിരെയായിരുന്നു പരാഗിന്‍റെ പരാക്രമം. അലിയുടെ ആദ്യ പന്തില്‍ ഷിമ്രോണ്‍ ഹെറ്റ്മെയര്‍ സിംഗിളെടുത്ത് സ്ട്രൈക്ക് പരാഗിന് കൈമാറി. 26 പന്തില്‍ 45 റണ്‍സായിരുന്നു അപ്പോള്‍ പരാഗ് നേടിയിരുന്നത്. രണ്ടാം പന്ത് നേരിട്ട പരാഗ് അലിയെ സ്ക്വയര്‍ ലെഗ്ഗിന് മുകളിലൂടെ പറത്തിയാണ് സിക്സർ പൂരത്തിന് തിരികൊളുത്തിയത്. മൊയീന്‍ അലിയുടെ മൂന്നാം പന്ത് ലോംഗ് ഓഫിന് മുകളിലൂടെ പറന്നു. നാലാം പന്തിനെ ഡീപ് ബാക്‌വേര്‍ഡ് സ്ക്വയര്‍ ലെഗ്ഗിലേക്ക് പറത്തിയ പരാഗ് അഞ്ചാം പന്തിനെ ലോംഗ് ഓണിന് മുകളിലൂടെയും ആറാം പന്തിനെ ലോംഗ് ഓഫിന് മുകളിലൂടെയും പറത്തി മൊയീൻ അലിയുടെ ഓവറില്‍ വൈഡ് അടക്കം അടിച്ചെടുത്തത് 32 റണ്‍സായിരുന്നു. 26 പന്തില്‍ 45 റണ്‍സായിരുന്ന പരാഗ് മൊയീന്‍ അലിയുടെ ഓവര്‍ കഴിഞ്ഞപ്പോള്‍ 31 പന്തില്‍ 75ല്‍ എത്തി.
അവിടെയും നിര്‍ത്താന്‍ പരാഗ് ഒരുക്കമായിരുന്നില്ല. അടുത്ത ഓവര്‍ എറിയാനെത്തിയ വരുണ്‍ ചക്രവര്‍ത്തിയെ റിവേഴ്സ് ഹിറ്റിലൂടെ ബാക്‌വേര്‍ഡ് പോയന്‍റിന് മുകളിലൂടെ പറത്തി പരാഗ് ആറ് പന്തില്‍ ആറ് സിക്സ് തികച്ചു. പിന്നീട് ഒരു ബൗണ്ടറി കൂടി പറത്തിയ പരാഗ് പതിനെട്ടാം ഓവറില്‍ ഹര്‍ഷിത് റാണയെ സിക്സ് പറത്താനുള്ള ശ്രമത്തില്‍ പുറത്തായി. 45 പന്തില്‍ 95 റണ്‍സെടുത്ത പരാഗ് മത്സരത്തിലാകെ ആറ് ഫോറും എട്ട് സിക്സും പറത്തി. പക്ഷെ പരാഗിന്‍റെ വെടിക്കെട്ട് ഫിഫ്റ്റിക്കും കൊല്‍ക്കത്തക്കെതിരെ രാജസ്ഥാനെ ജയിപ്പിക്കാനായില്ല. ഒരു റണ്‍സകലെ രാജസ്ഥാന്‍ പരാജയം സമ്മതിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!