'പറയാതെ വയ്യ! ഇന്ത്യയുടെ വാലറ്റം പൊളിയാണ്'; പ്രകീര്‍ത്തിച്ച് നാസര്‍ ഹുസൈന്‍

By Web TeamFirst Published Sep 6, 2021, 3:09 PM IST
Highlights

ഷാര്‍ദുല്‍ താക്കൂര്‍ (60), ജസ്പ്രീത് ബുമ്ര (24), ഉമേഷ് യാദവ് (25) എന്നിവര്‍ ഇന്ത്യയുടെ സ്‌കോര്‍ 450 കടത്തുന്നതില്‍ വിലയ പങ്കുവഹിച്ചു. 368 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവച്ചത്.

ലണ്ടന്‍: ഓവല്‍ ടെസ്റ്റില്‍ ഇന്ത്യന്‍ വാലത്തിന്റെ സംഭാവന നിര്‍ണായകമായിരുന്നു. മുന്‍നിര താരങ്ങളായ രോഹിത് ശര്‍മ (127), ചേതേശ്വര്‍ പൂജാര (61), വിരാട് കോലി (44) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. എന്നാല്‍ രവീന്ദ്ര ജഡേജ, അജിന്‍ക്യ രഹാനെ എന്നിവര്‍ മധ്യനിരയില്‍ പരാജയപ്പെട്ടപ്പോള്‍ വാലറ്റത്തിന് വലിയ ജോലി ഏറ്റെടുക്കേണ്ടി വന്നു.

്അവരുടെ ഭാഗം ഭംഗിയായി പൂര്‍ത്തിയാക്കുകയും ചെയ്തു. ഷാര്‍ദുല്‍ താക്കൂര്‍ (60), ജസ്പ്രീത് ബുമ്ര (24), ഉമേഷ് യാദവ് (25) എന്നിവര്‍ ഇന്ത്യയുടെ സ്‌കോര്‍ 450 കടത്തുന്നതില്‍ വിലയ പങ്കുവഹിച്ചു. 368 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവച്ചത്. ഇപ്പോള്‍ ഇന്ത്യയുടെ വാലറ്റത്തെ പ്രകീര്‍ത്തിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍.

''പരമ്പര തുടങ്ങുന്നതിന് മുമ്പ് ഇന്ത്യയുടെ വാലറ്റത്തെ കുറിച്ച് ആശങ്കയുണ്ടായിരുന്നു. എത്രസമയം പിടിച്ചുനില്‍ക്കുമെന്ന് പോലും അറിയില്ലായിരുന്നു. എന്നാല്‍ അവര്‍ അവസരത്തിനൊത്ത് ഉയര്‍ന്നു. ഒന്നല്ല, മൂന്ന് തവണ. ആദ്യത്തേത് ലോര്‍ഡ്‌സിലായിരുന്നു. അന്ന് മുഹമ്മദ് ഷമിയും ജസ്പ്രീത് ബുമ്രയും കൂട്ടിച്ചേര്‍ത്തത് 89 റണ്‍സ്. ഇരുവരുമാണ് മത്സരഫലം ഇന്ത്യക്ക് അനുകൂലമാക്കിയത്.

ഓവല്‍ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 150ന് താഴെ പുറത്താവേണ്ടതായിരുന്നു. എന്നാല്‍ താക്കൂറിന്റെ അര്‍ധ സെഞ്ചുറി അവരെ 191ലെത്തിച്ചു. ഇന്നലെ താക്കൂര്‍ ഒരിക്കല്‍കൂടി ഇന്ത്യയെ രക്ഷിച്ചു. കൂടെ ബുമ്രയും ഉമേഷും. അവസാനത്തെ നാല് താരങ്ങള്‍ ഇന്നലെ 150 റണ്‍സോളം ഇന്ത്യന്‍ ഇന്നിംഗ്‌സിനോട് കൂട്ടിച്ചേര്‍ത്തു. ശരിക്കും അഭിനന്ദനമര്‍ഹിക്കുന്നുണ്ട് ഇന്ത്യയുടെ വാലറ്റം.'' നാസര്‍ ഹുസൈന്‍ വ്യക്തമാക്കി.

ഓവലില്‍ ഇന്നത്തെ ദിനം മാത്രം ശേഷിക്കെ 291 റണ്‍സാണ് ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത്. 10 വിക്കറ്റുകളും ഇംഗ്ലണ്ടിന്റെ കയ്യിലുണ്ട്. റോറി ബേണ്‍സ് (31), ഹസീബ് ഹമീദ് (43) എന്നിവരാണ് ക്രീസില്‍.

click me!