അദ്ദേഹം മാത്രമല്ല, ഇന്ത്യന്‍ നിരയില്‍ വേറെയും സൂപ്പര്‍താരങ്ങളുണ്ട്‌; കോലിയുടെ പിന്മാറ്റത്തെ കുറിച്ച് ലിയോണ്‍

By Web TeamFirst Published Nov 16, 2020, 5:06 PM IST
Highlights

ഓസ്‌ട്രേലിയ കോലിയെ വെറുക്കുന്നുവെങ്കിലും അദ്ദേഹം ബാറ്റ് ചെയ്യുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്ന് അടുത്തിടെ ഓസ്‌ട്രേലിയന്‍ കോച്ച് ജസ്റ്റിന്‍ ലാംഗര്‍ വ്യക്തമാക്കിയിരുന്നു.

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന് ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി നാട്ടിലേക്ക് മടങ്ങുമെന്നുള്ളത് വലിയ രീയിയില്‍ തന്നെ ചര്‍ച്ചയായി കഴിഞ്ഞു. ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ തന്നെ പരമ്പരയുടെ കനത്ത നഷ്ടമെന്നാണ് വാര്‍ത്തകളില്‍ പറഞ്ഞത്. ഓസ്‌ട്രേലിയ കോലിയെ വെറുക്കുന്നുവെങ്കിലും അദ്ദേഹം ബാറ്റ് ചെയ്യുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്ന് അടുത്തിടെ ഓസ്‌ട്രേലിയന്‍ കോച്ച് ജസ്റ്റിന്‍ ലാംഗര്‍ വ്യക്തമാക്കിയിരുന്നു. ജനുവരില്‍ കോലി- അനുഷ്‌ക ദമ്പതികള്‍ക്ക് ആദ്യ കുഞ്ഞ് പിറക്കുമെന്നുള്ളതുകൊണ്ടാണ് കോലി പരമ്പര മുഴുമിക്കാതെ നാട്ടിലേക്ക് മടങ്ങുന്നത്. 

ഇപ്പോള്‍ കോലിയുടെ അഭാവത്തെ കുറിച്ച് സംസാരിക്കുകയാണ് ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നതാന്‍ ലിയോണ്‍. കോലി മടങ്ങുന്നത് നിരാശജനകമാണെന്നാണ് ലിയോണ്‍ പറയുന്നത്. ''ലോകത്തിലെ മികച്ച ബാറ്റ്‌സ്മാനെതിരെ പന്തെറിയുകയെന്നത് ഏതൊരു ബൗളറുടേയും ആഗ്രഹമാണ്. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ കോലിയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സ്റ്റീവ് സ്മിത്ത്, മര്‍നസ് ലബുഷാഗ്നെ എന്നിവരേയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്താം. അങ്ങനെയൊരു താരം മൂന്ന് ടെസ്റ്റുകള്‍ കളിക്കാതിരിക്കുന്നത് പരമ്പരയ്ക്ക് തന്നെ നഷ്ടമാണ്. കോലിയില്ലെങ്കില്‍ ഓസ്‌ട്രേലിയ കിരീടമുറപ്പിച്ചുവെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. കാരണം ഇന്ത്യന്‍ ടീമില്‍ വേറെയും സൂപ്പര്‍ താരങ്ങളുണ്ട്. 

ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ എന്നിവര്‍ക്കൊപ്പം മറ്റു യുവതാരങ്ങള്‍ കൂടി ചേരുമ്പോള്‍ ടീം ശക്തമാവുന്നു. ഓസ്‌ട്രേലിയയെ സംബന്ധിച്ചിടത്തോളം വെല്ലുവിളി തന്നെയാണിത്. കോലിയില്ലെങ്കില്‍ ഞങ്ങള്‍ കിരീടമുറപ്പിച്ചുവെന്ന് പറയാനാവില്ല. കഠിനാധ്വാം ചെയ്യേണ്ടതുണ്ട്.'' ലിയോണ്‍ പറഞ്ഞു.

കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ ചേതേശ്വര്‍ പൂജാരയായിരുന്നു മാന്‍ ഓഫ് ദ സീരീസ്. ഏഴ് ഇന്നിങ്‌സുകളില്‍ നിന്ന് 521 റണ്‍സാണ് പൂജാര നേടിയത്. രഹാനെ (217), ഋഷഭ് പന്ത് (350), വിരാട് കോലി (282) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്ത മറ്റു താരങ്ങള്‍.

click me!