
ഡബ്ലിന്‍: അയർലന്‍ഡ് പര്യടനത്തില്‍ ടീം ഇന്ത്യക്കായി ടി20 അരങ്ങേറ്റം കുറിച്ച അതിവേഗക്കാരനാണ് ഉമ്രാന്‍ മാലിക്(Umran Malik). രണ്ടാം ടി20യിലും ജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരിയപ്പോള്‍ ഉമ്രാന്‍ അവസാന ഓവറില്‍ 17 റണ്‍സ് പ്രതിരോധിച്ചിരുന്നു. ഇതിന് പിന്നാലെ ഉമ്രാന്‍ മാലിക്കിന് ശ്രദ്ധേയ ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍താരം സഞ്ജയ് മഞ്ജരേക്കർ(Sanjay Manjrekar). ഉമ്രാന്‍ ഒരിക്കലും തന്‍റെ പേസില്‍ വിട്ടുവീഴ്ച ചെയ്യരുതെന്ന് മുന്‍താരം വാദിക്കുന്നു.
'ഉമ്രാന്‍ മാലിക് അസാധാരണ പ്രതിഭയാണ്. സ്റ്റംപ് ലക്ഷ്യമാക്കി മില്യണ്‍ പ്രാക്ടീസ് ബോളുകള്‍ എറിയുകയാണ് വേണ്ടത്. കൃത്യതയും സ്കില്ലും വന്നുചേർന്നോളും. ഒരിക്കലും ഉമ്രാന്‍ മാലിക് പേസില്‍ വിട്ടുവീഴ്ച ചെയ്യാന്‍ പാടില്ല' എന്നും മഞ്ജരേക്കർ ട്വീറ്റില്‍ കുറിച്ചു.
അയർലന്‍ഡിനെതിരെ രണ്ട് ടി20കളില്‍ അഞ്ച് ഓവർ എറിഞ്ഞ ഉമ്രാന്‍ മാലിക് ഏറെ റണ്‍സ് വിട്ടുകൊടുത്തിരുന്നു. 11.20 ഇക്കോണമിയില്‍ 56 റണ്‍സ് ഉമ്രാന്‍ വഴങ്ങി. മഴ കളിച്ച ആദ്യ മത്സരത്തില്‍ ഒരോവർ മാത്രം എറിഞ്ഞപ്പോള്‍ 14 റണ്‍സ് നല്‍കി. വിക്കറ്റൊന്നും നേടാനായില്ല. രണ്ടാം ടി20യില്‍ 4 ഓവറില്‍ 42 റണ്‍സ് വിട്ടുകൊടുത്ത് വിക്കറ്റ് കീപ്പർ ബാറ്റർ ജോർജ് ഡേക്റെലിനെ പുറത്താക്കി. അവസാന ഓവറില്‍ 17 റണ്‍സ് പ്രതിരോധിക്കാന്‍ നായകന്‍ ഹാർദിക് പാണ്ഡ്യ പന്തേല്‍പിച്ചപ്പോള്‍ ഉമ്രാന്‍ പന്ത്രണ്ടേ വഴങ്ങിയുള്ളൂ. ഇംഗ്ലണ്ടിനെതിരെ വരാനിരിക്കുന്ന ടി20 പരമ്പരയിലും ഉമ്രാന്‍ സ്ക്വാഡിലുണ്ടായേക്കും.
ഐപിഎല്‍ 15-ാം സീസണില്‍ തുടർച്ചയായി 150 കിലോമീറ്ററിലേറെ വേഗത്തില്‍ പന്തെറിഞ്ഞാണ് ഉമ്രാന്‍ മാലിക് ശ്രദ്ധ നേടിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി 14 കളികളില്‍ 9.03 ഇക്കോണമിയില്‍ 22 വിക്കറ്റ് ഉമ്രാന്‍ വീഴ്‌ത്തിയിരുന്നു. ഇതിലൊരു അഞ്ച് വിക്കറ്റ് പ്രകടനവുമുണ്ട്. സീസണിലെ വേഗമേറിയ രണ്ടാമത്തെ പന്ത്(157 കിലോമീറ്റര്‍) ഉമ്രാന്‍റെ പേരിലായിരുന്നു. ഐപിഎല്ലിന് പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പരയില്‍ ഉമ്രാന്‍ മാലിക് സ്ക്വാഡിലുണ്ടായിരുന്നെങ്കിലും അരങ്ങേറാന്‍ അവസരം ലഭിച്ചിരുന്നില്ല. ഈ വർഷം ഓസ്ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കുന്നു എന്നതിനാല്‍ താരത്തെ കളിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.
ENG vs IND : ഇംഗ്ലണ്ടിനെതിരെ ടി20 കളിക്കാന്‍ സഞ്ജു സാംസണും? നിർണായക സൂചന പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!