നൈക്കി പിന്മാറി; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ കിറ്റ് സ്‌പോണ്‍സര്‍മാര്‍

By Web TeamFirst Published Nov 2, 2020, 6:50 PM IST
Highlights

ഇതുവരെ കരാറുണ്ടായിരുന്ന നൈക്കി പിന്മാറിയതോടെയായിരുന്നു ഇത്. നവംബര്‍ 2020 മുതല്‍ ഡിസംബര്‍ 2023 വരെയാണ് കിറ്റ് സ്പോണ്‍സര്‍ഷിപ്പ് കാലാവധി.

മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ കിറ്റ് സ്‌പോണ്‍സര്‍മാര്‍. എംപിഎല്‍ സ്‌പോര്‍ട്‌സുമായി ബിസിസിഐ മൂന്ന് വര്‍ഷത്തെ കരാറിലാണ് ഒപ്പുവച്ചത്. ഇതുവരെ കരാറുണ്ടായിരുന്ന നൈക്കി പിന്മാറിയതോടെയായിരുന്നു ഇത്. നവംബര്‍ 2020 മുതല്‍ ഡിസംബര്‍ 2023 വരെയാണ് കിറ്റ് സ്പോണ്‍സര്‍ഷിപ്പ് കാലാവധി. ഓരോ മത്സരത്തിനും 65 ലക്ഷം രൂപ വരെ ബിസിസിഐക്ക് ലഭിക്കും.

അടുത്തിടെയാണ് നൈക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കിറ്റ് സ്‌പോണ്‍സര്‍മാരായി തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചത്. കൊവിഡിനെ തുടര്‍ന്ന് നിലവിലുള്ള തുകയില്‍ ഇളവ് വരുത്തണമെന്ന് നൈക്കി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബിസിസിഐ അതിന് തയ്യാറായില്ല. പിന്നാലെ നൈക്കി പിന്മാറുകയായിരുന്നു. വന്‍ തുകയ്ക്കാണ് ബിസിസിഐ നൈക്കിയുമായി കരാറൊപ്പിട്ടത്. 370 കോടി രൂപയുടെ കരാറായിരുന്നു ഇത്. 30 കോടി റോയല്‍റ്റിയായും ലഭിക്കുമായിരുന്നു.

പുതിയ സ്‌പോണ്‍സറെ കൊണ്ടുവരാന്‍ ബിസിസിഐക്ക് ഏറെ പണിപെടേണ്ടിവന്നു. അടിസ്ഥാന വില കുറിച്ചിട്ടും ആരും ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല. അഡിഡാസ്, പ്യൂമ, ഫാന്‍കോഡ് എന്നിവരും സ്പോണ്‍സര്‍മാരുടെ അപേക്ഷകരില്‍ ഉണ്ടായിരുന്നു. എന്നാല്‍ ബിസിസിഐയുടെ നിബന്ധനകളില്‍ ഇവര്‍ക്കൊന്നും താല്‍പര്യമില്ലായിരുന്നു.

click me!