ബ്രേവിസ് കൊടുങ്കാറ്റില്‍ ഇന്ത്യന്‍ താരവും വീണു; റെക്കോഡുകളുടെ മാല തീര്‍ത്ത് 'ബേബി ഡിവില്ലിയേഴ്‌സ്'

Published : Aug 12, 2025, 05:17 PM IST
Dewald Brevis

Synopsis

56 പന്തില്‍ പുറത്താവാതെ 125 റണ്‍സാണ് ബ്രേവിസ് അടിച്ചെടുത്തത്.

ഡാര്‍വിന്‍: ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ടി20യില്‍ സെഞ്ചുറി നേടിയതോടെ നിരവധി റെക്കോഡുകളാണ് ദക്ഷിണാഫ്രിക്കന്‍ യുവതാരം ഡിവാള്‍ഡ് ബ്രേവിസിനെ തേടിയെത്തിയത്. ഡാര്‍വിന്‍, മറാര ക്രിക്കറ്റ് ഗ്രൗണ്ടില്‍ 56 പന്തില്‍ പുറത്താവാതെ 125 റണ്‍സാണ് ബ്രേവിസ് അടിച്ചെടുത്തത്. 41 പന്തില്‍ 22കാരന്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. ഇന്നിംഗ്‌സില്‍ എട്ട് സിക്‌സും 12 ഫോറുകളും ഉള്‍പ്പെടും. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക ബ്രേവിസിന്റെ കരുത്തില്‍ അടിച്ചെടുത്തത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ്. മൂന്നിന് 57 എന്ന നിലയില്‍ ദക്ഷിണാഫ്രിക്ക പതറുമ്പോഴാണ് ബ്രേവിസ് വെടിക്കെട്ടിന് തിരികൊളുത്തിയത്.

ഒരു ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയാണിത്. 2017ല്‍ ബംഗ്ലാദേശിനെതിരെ 35 പന്തില്‍ സെഞ്ചുറി നേടിയ ഡേവിഡ് മില്ലറാണ് ഇക്കാര്യത്തില്‍ ഒന്നാമത്. പിന്നില്‍ ബ്രേവിസ്. 2023ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 43 പന്തില്‍ സെഞ്ചുറി നേടിയ ക്വിന്റണ്‍ ഡി കോക്ക് മൂന്നാം സ്ഥാനത്ത്.

ടി20 ക്രിക്കറ്റില്‍ ഒരു ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയാണിത്. 2015ല്‍ ജൊഹന്നാസ്ബര്‍ഗില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 119 റണ്‍സ് അടിച്ചെടുത്ത ഫാഫ് ഡു പ്ലെസിസ് രണ്ടാം സ്ഥാനത്തേക്ക പിന്തള്ളപ്പെട്ടു. 2012ല്‍ ഹാമില്‍ട്ടണില്‍ ന്യൂസിലന്‍ഡിനെതിരെ പുറത്താവാതെ 117 റണ്‍സെടുത്ത് റിച്ചാര്‍ഡ് ലെവി മൂന്നാമതായി. 2024ല്‍ പാകിസ്ഥാനെതിരെ 117 റണ്‍സെടുത്ത റീസ ഹെന്‍ഡ്രിക്‌സും കൂടെയുണ്ട്.

ടി20 ചരിത്രത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഒരു താരം നേടുന്ന ഉയര്‍ന്ന സ്‌കോര്‍ കൂടിയാണിത്. ഇന്ത്യന്‍ താരം റുതുരാജ് ഗെയ്കവാദിനെയാണ് (പുറത്താവാതെ 123) ബ്രേവിസ് പിന്നിലാക്കിയത്. 2023ല്‍ ഗുവാഹത്തിയിലായിരുന്നു റുതുരാജിന്റെ ഇന്നിംഗ്‌സ്. 2010ല്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍ പുറത്താവാതെ 116 റണ്‍സ് നേടിയ മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ബ്രന്‍ഡന്‍ മക്കല്ലം മൂന്നാമത്. 22കാരന്റെ കന്നി ടി20 സെഞ്ചുറിയാണിത്.

രണ്ട് മാറ്റങ്ങളുമായിട്ടാണ് ദക്ഷിണാഫ്രിക്ക ഇറങ്ങിയത്. സെനുരന്‍ മുത്തുസാമി, ജോര്‍ജ് ലിന്‍ഡെ എന്നിവര്‍ പുറത്തായി. റാസി വാന്‍ ഡര്‍ ഡസ്സന്‍, ക്വാബയോംസി പീറ്റര്‍ എന്നിവര്‍ ടീമിലെത്തി. ഓസ്‌ട്രേലിയയും രണ്ട് മാറ്റം വരുത്തി. അലക്‌സ് ക്യാരി, സീന്‍ അബോട്ട് എന്നിവര്‍ ടീമിലെത്തി. ജോഷ് ഇന്‍ഗ്ലിസ്, നതാന്‍ എല്ലിസ് എന്നിവര്‍ പുറത്തായി. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടി20യില്‍ ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്