മുൻപ് ഇംഗ്ലണ്ട് പരമ്പരയിൽ സഞ്ജുവിനെ ഒഴിവാക്കി വൈഭവിനെ ഉൾപ്പെടുത്തിയത് തന്‍റെ പരിശീലക ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ തീരുമാനമായിരുന്നുവെന്നും ഗംഭീർ വെളിപ്പെടുത്തി.

ദില്ലി: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിൽ യുവതാരം വൈഭവ് സൂര്യവംശിയെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്താതിരുന്നന്‍റെ കാരണം വ്യക്തമാക്കി ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ. 15-കാരനായ ഈ യുവപ്രതിഭയ്ക്ക് ഇന്ത്യൻ ടീമിൽ അടുത്ത അവസരം ലഭിക്കുന്നതിനായി കുറച്ചുസമയം കാത്തിരിക്കേണ്ടി വരുമെന്ന് ഗംഭീർ പറഞ്ഞു. സിംബാബ്‌വെ പര്യടനത്തിൽ 196.10 സ്ട്രൈക്ക് റേറ്റിൽ 151 റൺസ് നേടി 'പ്ലെയർ ഓഫ് ദി സീരീസ്' ആയ തകർപ്പൻ ഫോമിലാണ് വൈഭവ് അഫ്ഗാൻ പരമ്പരയ്ക്കെത്തിയത്. എന്നാൽ സഞ്ജു സാംസൺ ടീമിലേക്ക് തിരിച്ചെത്തിയതോടെ വൈഭവിന് റിസർവ് ബെഞ്ചിൽ ഇരിക്കേണ്ടി വന്നു. ഇത് ആരാധകർക്കിടയിൽ അതൃപ്തിയുണ്ടാക്കിയിരുന്നു. സെപ്റ്റംബർ 17 വ്യാഴാഴ്ച നടന്ന പരമ്പരയിലെ അവസാന മത്സരത്തിലും വൈഭവിന് അവസരം നൽകിയിരുന്നില്ല.

എന്തുകൊണ്ട് വൈഭവിന് പകരം സഞ്ജു?

മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കവെ, കഴിഞ്ഞ കുറച്ചുകാലമായി സഞ്ജു ഇന്ത്യക്കായി നടത്തിയ മികച്ച പ്രകടനങ്ങളെ ഗംഭീർ ചൂണ്ടിക്കാണിച്ചു. മുൻപ് ഇംഗ്ലണ്ട് പരമ്പരയിൽ സഞ്ജുവിനെ ഒഴിവാക്കി വൈഭവിനെ ഉൾപ്പെടുത്തിയത് തന്‍റെ പരിശീലക ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ തീരുമാനമായിരുന്നുവെന്നും ഗംഭീർ വെളിപ്പെടുത്തി. സഞ്ജു തന്‍റെ കഴിവ് എന്താണെന്ന് തെളിയിച്ചു കഴിഞ്ഞതാണ്. ലോകകപ്പിലെ മികച്ച പ്രകടനം വെറുതെ ഉണ്ടാകുന്നതല്ല. ഇംഗ്ലണ്ട് പരമ്പരയിൽ സഞ്ജുവിനെ ഒഴിവാക്കിയത് ഒരുപക്ഷേ എന്‍റെ കോച്ചിംഗ് കരിയറിലെ ഏറ്റവും കഠിനമായ തീരുമാനമായിരുന്നു. എന്നാൽ ചില സമയങ്ങളിൽ കളിക്കാരുടെ ഫോമിന് മുൻഗണന നൽകേണ്ടി വരും. ടി20 ലോകകപ്പ് വിജയിച്ച അതേ ടീം കോമ്പിനേഷനിലേക്ക് തിരികെ പോകാനാണ് ഞാൻ ആഗ്രഹിച്ചത്. തുടർച്ചയായി മൂന്നോ നാലോ മത്സരങ്ങളിൽ പരാജയപ്പെട്ടതുകൊണ്ട് മാത്രം ഒരാൾ മോശം കളിക്കാരനാകുന്നില്ല. ലോകകപ്പ് ജയിച്ച ഒരു ടീമിലെ കളിക്കാർ പെട്ടെന്നൊരു പരമ്പര കഴിയുമ്പോൾ മോശം കളിക്കാരായി മാറുന്നില്ലെന്നും മത്സരശേഷം ഗംഭീർ പറഞ്ഞു.ഗംഭീറിന്റെ വിശ്വാസം കാത്ത സഞ്ജു സാംസൺ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ രണ്ട് അർദ്ധസെഞ്ചുറികളോടെ 117 റൺസ് നേടി മികച്ച പ്രകടനം പുറത്തെടുത്തു.

'വൈഭവ് കാത്തിരിക്കേണ്ടതുണ്ട്'

വൈഭവ് സൂര്യവംശിയുടെ കാര്യത്തിൽ താരത്തിന്‍റെ കഴിവ് ചോദ്യം ചെയ്യപ്പെടാത്തതാണെങ്കിലും സഞ്ജുവിനായിരുന്നു എപ്പോഴും മുൻഗണനയെന്ന് ഗംഭീർ വ്യക്തമാക്കി. വൈഭവിന് അവസരം ലഭിക്കുമ്പോൾ ദീർഘകാലത്തേക്ക് ടീമിൽ തുടരാനുള്ള അവസരം നൽകുമെന്നും പരിശീലകൻ ഉറപ്പുനൽകി. വൈഭവിന്‍റെ കാര്യത്തിൽ ഞങ്ങൾക്ക് കൃത്യമായ ആശയവിനിമയമുണ്ട്; അവൻ തന്‍റെ അവസരത്തിനായി കാത്തിരിക്കണം. അവന്‍റെ കഴിവിനെക്കുറിച്ച് ഞങ്ങൾക്ക് നന്നായി അറിയാം. എന്നാൽ വർഷങ്ങളായി മികച്ച പ്രകടനം നടത്തുന്ന ഒരാൾക്ക്, പുതുതായി വരുന്ന ആളേക്കാൾ എപ്പോഴും മുൻഗണന ലഭിക്കും. അവന് അവസരം ലഭിക്കുമ്പോൾ നീണ്ടൊരു റൺ തന്നെ നൽകും. ഇന്ത്യൻ ക്രിക്കറ്റ് അങ്ങനെയാണ്. ഡ്രസ്സിംഗ് റൂമിൽ അത്തരം മത്സരവും പ്രതിഭകളും ഉണ്ടാകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. 15 വയസ്സുള്ള ആളായാലും 30 വയസ്സുള്ള ആളായാലും ചിലപ്പോൾ അവസരങ്ങൾക്കായി കാത്തിരിക്കേണ്ടി വരും," ഗംഭീർ കൂട്ടിച്ചേർത്തു.വരുന്ന ജപ്പാൻ ട്വന്റി20 പരമ്പരയിലോ ഏഷ്യൻ ഗെയിംസിലോ വൈഭവ് സൂര്യവംശിയെ മൈതാനത്ത് കാണാനാകുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക