കിവീസിന്‍റെ ചിറകരിഞ്ഞ് ഷര്‍ദ്ദുലും കുല്‍ദീപ് സെന്നും, ഇന്ത്യ എക്കെതിരെ തകര്‍ന്നടിഞ്ഞ് ന്യൂസിലന്‍ഡ് എ

By Gopala krishnanFirst Published Sep 22, 2022, 12:49 PM IST
Highlights

ഇന്ത്യക്കായി ഷാര്‍ദ്ദുല്‍ ഠാക്കൂര്‍ 32 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപ് സെന്‍ 30 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. ഏഴോവര്‍ എറിഞ്ഞെങ്കിലും ഉമ്രാന്‍ മാലിക്കിന് വിക്കറ്റൊന്നും നേടാനായില്ല.

ചെന്നൈ: അനൗദ്യോഗിക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ എക്കെതിരെ തകര്‍ന്നടിഞ്ഞ് ന്യൂസിലന്‍ഡ് എ. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് എ 40.2 ഓവറില്‍ 167 റണ്‍സിന് ഓള്‍ ഔട്ടായി. എട്ടാമനായി ഇറങ്ങി 61 റണ്‍സെടുത്ത മൈക്കല്‍ റിപ്പണാണ് ന്യൂസിലന്‍ഡിന്‍റെ ടോപ് സ്കോറര്‍. പത്താമനായി ക്രീസിലെത്തിയ ജോ വാക്കര്‍ 36 റണ്‍സെടുത്ത് റിപ്പണ് മികച്ച പിന്തുണ നല്‍കി. ഇന്ത്യക്കായി ഷാര്‍ദ്ദുല്‍ ഠാക്കൂര്‍ നാലു വിക്കറ്റെടുപ്പോള്‍ കുല്‍ദീപ് സെന്‍ മൂന്നും വിക്കറ്റെടുത്തു.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ന്യൂസിലന്‍ഡ് എ തുടക്കത്തിലെ തകര്‍ന്നടിഞ്ഞു. ഓപ്പണര്‍ ചോഡ് ബോവസിനെ ക്ലീന്‍ ബൗള്‍ഡാക്കി ഷാര്‍ദ്ദുല്‍ വിക്കറ്റ് വേട്ട തുടങ്ങി. പിന്നാലെ രചിന്‍ രവീന്ദ്രയെ കുല്‍ദീപ് സെന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെ കൈകളിലെത്തിച്ചു. ഡെയ്ന്‍ ക്ലീവറെ ഷാര്‍ദ്ദുലും ജോര്‍ കാര്‍ട്ടറെയും ടോം ബ്രൂസിനെയും കുല്‍ദീപും മടക്കിയതോടെ കിവീസ് 26-5ലേക്ക് കൂപ്പുകുത്തി.

ഇംഗ്ലണ്ടിനെ കണ്ട് പഠിക്കണം; ദിനേശ് കാര്‍ത്തിക്കിന്‍റെ കാര്യത്തില്‍ ടീമിന് ഉപദേശവുമായി സുനില്‍ ഗാവസ്‌കര്‍

ക്യാപ്റ്റന്‍ റോബര്‍ട്ട് ഒ ഡൊണല്‍(22) പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഷാര്‍ദ്ദുലിന്‍റെ പന്തില്‍ സഞ്ജുവിന് പിടികൊടുത്ത് മടങ്ങി. സീന്‍ സോളിയ(5) റണ്ണൗട്ടാവുകയും ലോഗാന്‍ വാന്‍ ബീക്കിനെ കുല്‍ദീപ് സിംഗ് യാദവ് പുറത്താക്കുകും ചെയ്തതോടെ 74-8ലേക്ക് വീണ ന്യൂസിലന്‍ഡ് 100 പോലും കടക്കില്ലെന്ന് കരുതിയെങ്കിലും ഒമ്പതാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന റിപ്പണും വാക്കറും ചേര്‍ന്ന് 89 റണ്‍സ് കൂട്ടുക്കെട്ടുയര്‍ത്തി കിവീസ് സ്കോറിന് അല്‍പം മാന്യത നല്‍കി. വാക്കര്‍ റണ്ണൗട്ടായതിന് പിന്നാലെ റിപ്പണെ വീഴ്ത്തി ഷാര്‍ദ്ദുല്‍ തന്നെ കിവീസ് ഇന്നിംഗ്സ് അവസാനിപ്പിച്ചു.

ലോകകപ്പ് പടിവാതിലില്‍; ബൗളിംഗ് നിരയുടെ പ്രകടനത്തില്‍ ആശങ്ക അറിയിച്ച് സെലക്ടര്‍മാര്‍

ഇന്ത്യക്കായി ഷാര്‍ദ്ദുല്‍ ഠാക്കൂര്‍ 32 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപ് സെന്‍ 30 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. ഏഴോവര്‍ എറിഞ്ഞെങ്കിലും ഉമ്രാന്‍ മാലിക്കിന് വിക്കറ്റൊന്നും നേടാനായില്ല.

click me!