ടി20 ലോകകപ്പ് നടക്കുന്ന ഓസ്ട്രേലിയയിലെ പിച്ചുകളില്‍ ബൗണ്‍സുണ്ടാകുമെങ്കിലും ബാറ്റിംഗ് പറുദീസകളായിരിക്കുമെന്നത് ഇന്ത്യക്ക് ഭീഷണിയാണ്. ഭുവിയുടെ ഫോം നഷ്ടവും ഹര്‍ഷല്‍ താളം കണ്ടെത്താന്‍ പാടുപെടുന്നതും മൂന്നാം സീമറായി എത്തുന്ന ബൗളര്‍ റണ്‍സ് വഴങ്ങുകയും ചെയ്യുന്നതാണ് ഇന്ത്യയെ അലട്ടുന്നത്.

മുംബൈ: ടി20 ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഇന്ത്യന്‍ ടീമിന്‍റെ ബൗളിംഗ് നിരയുടെ പ്രകടനത്തില്‍ ടീം മാനേജ്മെന്‍റിനെ ആശങ്ക അറിയിക്കാനൊരുങ്ങി സെലക്ടര്‍മാര്‍. ലോകകപ്പ് ടീമിലുള്‍പ്പെട്ട ഇന്ത്യന്‍ പേസര്‍മാരുടെയും സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന്‍റെയും പ്രകടനത്തില്‍ സെലക്ടര്‍മാര്‍ തൃപ്തരല്ലെന്നാണ് റിപ്പോര്‍ട്ട്.

ബൗളിംഗ് നിരയുടെ പ്രകടനത്തെക്കുറിച്ച് ആശങ്കയുണ്ടെന്നും ഇന്ത്യന്‍ ടീം മാനേജ്മെന്‍റിനോട് ഇക്കാര്യം സംസാരിക്കുമെന്നും സെലക്ടര്‍മാരിലൊരാള്‍ ഇന്‍സൈഡ് സ്പോര്‍ട്ടിനോട് പറഞ്ഞു. തീര്‍ച്ചയായും ബൗളിംഗ് നിരയുടെ സമീപകാലത്തെ പ്രകടനം ആശങ്കയുണ്ടാക്കുന്നതാണ്. പ്രത്യേകിച്ച് 208 റണ്‍സ് പോലും പ്രതിരോധിക്കാനാവാത്ത സാഹചര്യത്തില്‍. പക്ഷെ, മൊഹാലിയിലേതുപോലൊരു ബാറ്റിംഗ് പിച്ചിലെ പ്രകടനത്തിന്‍റെ മാത്രം അടിസ്ഥാനത്തില്‍ ബൗളര്‍മാരെ എഴുതി തള്ളാനാവില്ല. എങ്കിലും ബൗളിംഗ് നിരയുടെ പ്രകടനത്തെക്കുറിച്ച് ടീം മാനേജ്മെന്‍റിനോട് തീര്‍ച്ചയായും സംസാരിക്കും. അവര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള സഹായം ആവശ്യമാണെങ്കില്‍ നല്‍കുകയും ചെയ്യും. സെലക്ടര്‍ പറഞ്ഞു.

അടുത്ത വാര്‍ത്താസമ്മേളനത്തില്‍ രോഹിത് ആ ചോദ്യത്തിന് ഉത്തരം പറയണമെന്ന് ഗവാസ്കര്‍

ഡെത്ത് ഓവറുകളിലെ ബൗളിംഗില്‍ ഇന്ത്യന്‍ പേസര്‍മാര്‍ പ്രത്യേകിച്ച് ഭുവനേശ്വര്‍ കുമാര്‍ നിറം മങ്ങിയതാണ് ഏഷ്യാ കപ്പിലെയും ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20യിലെയും ഇന്ത്യയുടെ തോല്‍വിക്ക് പ്രധാന കാരണം. ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരെ ഡെത്ത് ഓവറുകളിലെ രണ്ടോവറില്‍ ഭുവി 24 റണ്‍സ് വഴങ്ങി. ഇതില്‍ 19ഉം പത്തൊമ്പതാം ഓവറിലായിരുന്നു. ശ്രീലങ്കക്കെതിരെ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 14 റണ്‍സ് വിട്ടുകൊടുത്തു. കഴിഞ്ഞ ദിവസം ഓസ്ട്രേലിയക്കെതിരെ ഭുവി രണ്ടോവറില്‍ വഴങ്ങിയത് 31 റണ്‍സ്.

ടി20 ലോകകപ്പ് നടക്കുന്ന ഓസ്ട്രേലിയയിലെ പിച്ചുകളില്‍ ബൗണ്‍സുണ്ടാകുമെങ്കിലും ബാറ്റിംഗ് പറുദീസകളായിരിക്കുമെന്നത് ഇന്ത്യക്ക് ഭീഷണിയാണ്. ഭുവിയുടെ ഫോം നഷ്ടവും ഹര്‍ഷല്‍ താളം കണ്ടെത്താന്‍ പാടുപെടുന്നതും മൂന്നാം സീമറായി എത്തുന്ന ബൗളര്‍ റണ്‍സ് വഴങ്ങുകയും ചെയ്യുന്നതാണ് ഇന്ത്യയെ അലട്ടുന്നത്. ഹാര്‍ദ്ദിക് പാണ്ഡ്യയാകട്ടെ ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരെ തിളങ്ങിയെങ്കിലും ബൗളിംഗില്‍ പിന്നീട് നിറം മങ്ങി. യുസ്‌വേന്ദ്ര ചാഹലാകട്ടെ എതിരാളികളെ വട്ടം കറക്കുന്ന ബൗളറാകുന്നതുമില്ല.

വേണോ ഇങ്ങനെയൊരു ഫിനിഷര്‍; കട്ട ആരാധകരെ പോലും നാണംകെടുത്തും ഡികെയുടെ കണക്കുകള്‍

ബുമ്ര 100 ശതമാനം കായികക്ഷമത കൈവരിച്ചിട്ടില്ലെന്നും ഭുവിയുടെ ഫോം നഷ്ടം തെറ്റായ സമയത്താണെന്നും പരിക്കില്‍ നിന്ന് മോചിതനായി എത്തിയ ഉമേഷും ഹര്‍ഷലും താളം കണ്ടെത്താന്‍ സമയം എടുക്കുമെന്നും സെലക്ടര്‍ വ്യക്തമാക്കി. മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ കഴിയാതെ ചാഹല്‍ വട്ടം കറങ്ങുന്നതാണ് ഇന്ത്യയുടെ മറ്റൊരു തലവേദന. ഏഷ്യാ കപ്പില്‍ നാലു വിക്കറ്റ് മാത്രം വീഴ്ത്തിയ ചാഹല്‍ കഴിഞ്ഞ മൂന്ന് കളികളില്‍ രണ്ടിലും ഓവറില്‍ 10 റണ്‍സിലേറെ വഴങ്ങി. ഏഷ്യാ കപ്പില്‍ ശ്രീലങ്കക്കെതിരെ 34 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തത് മാത്രമാണ് ഇതിനൊരപവാദം.