യുഎഇക്കും ശ്രീലങ്കക്കും പിന്നാലെ ഐപിഎല്ലിന് വേദിയാവാന്‍ സന്നദ്ധത അറിയിച്ച് മറ്റൊരു രാജ്യം കൂടി

By Web TeamFirst Published Jul 6, 2020, 5:21 PM IST
Highlights

ഓക്‌ലന്‍ഡ്, ഹാമില്‍ട്ടണ്‍ എന്നീ വേദികള്‍ ഒഴിച്ചാല്‍ വെല്ലിംഗ്ടണ്, ക്രൈസ്റ്റ്ചര്‍ച്ച്, നേപ്പിയര്‍, ഡുനെഡിന്‍ തുടങ്ങിയ വേദികളിലേക്കെല്ലാം യാത്രക്കായി വിമാനങ്ങളെ ആശ്രയിക്കേണ്ടിവരുമെന്നതും ചെലവു കൂട്ടാന്‍ കാരണമാകും.

ഓക്‌ലന്‍ഡ്: കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് മാറ്റിവെച്ച ഈ വര്‍ഷത്തെ ഐപിഎല്ലിന് വേദിയാവാന്‍ സന്നദ്ധത അറിയിച്ച് ന്യൂസിലന്‍ഡും. ഈ വര്‍ഷം ഒക്ടോബര്‍ നവംബര്‍ മാമസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവെക്കുമെന്ന് ഏതാണ്ട് ഉറപ്പായതിനാല്‍ ഈ സമയം ഐപിഎല്‍ നടത്താന്‍ ബിസിസിഐ ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ കൊവിഡ് മഹാമാരി നിയന്ത്രണവിധേയമാകാത്തതിനാല്‍ ഇന്ത്യയില്‍ വെച്ച് ഐപിഎല്‍ നടത്തുക അസാധ്യമാണെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് വിദേശത്ത് ഐപിഎല്‍ നടത്തുന്ന കാര്യം ബിസിസിഐ പരിഗണിച്ചത്.

കൊവിഡ് അധികം ബാധിച്ചിട്ടില്ലാത്ത രാജ്യങ്ങളിലൊന്നാണ് ന്യൂസിലന്‍ഡ് എങ്കിലും കളിക്കാരെ മുഴുവന്‍ അവിടെ എത്തിച്ച് മത്സരങ്ങള്‍ നടത്തുക ബിസിസിഐക്ക് വലിയ വെല്ലുവിളിയാവും. ഇതിന് പുറമെ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ ഏഴര മണിക്കൂര്‍ സമയവ്യത്യാസമുണ്ട്. ഇന്ത്യന്‍ സമയം ഉച്ചക്ക് 12.30 ക്ക് മത്സരങ്ങള്‍ നടത്തിയാല്‍ പോലും ഇന്ത്യയിലെ വലിയൊരു വിഭാഗം ടെലിവിഷന്‍ പ്രേക്ഷകരെ നഷ്ടമാവും.

ഇതിന് പുറമെ ഓക്‌ലന്‍ഡ്, ഹാമില്‍ട്ടണ്‍ എന്നീ വേദികള്‍ ഒഴിച്ചാല്‍ വെല്ലിംഗ്ടണ്, ക്രൈസ്റ്റ്ചര്‍ച്ച്, നേപ്പിയര്‍, ഡുനെഡിന്‍ തുടങ്ങിയ വേദികളിലേക്കെല്ലാം യാത്രക്കായി വിമാനങ്ങളെ ആശ്രയിക്കേണ്ടിവരുമെന്നതും ചെലവു കൂട്ടാന്‍ കാരണമാകും. ഇതും വേദിയാവുന്നതില്‍ ന്യൂസിലന്‍ഡിന് മുന്നിലെ തടസങ്ങളാണ്. ഈ സാഹചര്യത്തില്‍ വിദേശത്ത് ഐപിഎല്‍ നടത്താന്‍ തീരുമാനിച്ചാല്‍ ഒട്ടേറെ ഇന്ത്യന്‍ ആരാധകരുള്ള യുഎഇ ആവും ബിസിസിഐ പരിഗണിക്കുക എന്നാണ് സൂചന. 2014ലും പൊതുതെരഞ്ഞെടുപ്പ് സമയത്ത് ഭാഗികമായി ഐപിഎല്‍ മത്സരങ്ങള്‍ യുഎഇയില്‍ നടത്തിയിരുന്നു.



ഇന്ത്യയില്‍ ഐപിഎല്‍ നടത്തുന്നതിനാണ് ഇപ്പോഴും ബിസിസിഐ പ്രഥമ പ്രഥമ പരിഗണന നല്‍കുന്നതെങ്കിലും രാജ്യത്തെ കൊവിഡ് കേസുകള്‍ ഓരോ ദിനവും പുതിയ റെക്കോര്‍ഡ് ഇടുന്ന സാഹചര്യത്തില്‍ ഇത് എത്രകണ്ട് പ്രായോഗികമാകുമെന്ന് ബിസിസിഐക്ക് സംശയമുണ്ട്. ഐപിഎല്ലിന് മുമ്പും വിദേശരാജ്യങ്ങള്‍ വേദിയായിട്ടുണ്ട്. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഐപിഎല്‍ പൂര്‍ണമായും ദക്ഷിണാഫ്രിക്കയില്‍വെച്ചാണ് നടത്തിയത്. എന്നാല്‍ 2019ലെ തെരഞ്ഞെടുപ്പ് സമയത്ത് ഇന്ത്യയില്‍ തന്നെ മത്സരങ്ങള്‍ നത്താന്‍ ബിസിസിഐക്ക് കഴിഞ്ഞിരുന്നു.

ഇത്തവണ വിദേശത്ത് ഐപിഎല്‍ നടത്താന്‍ ബിസിസിഐ തീരുമാനിച്ചാല്‍ ഇന്ത്യന്‍ ആരാധകര്‍ ഏറെയുള്ള യുഎഇക്ക് തന്നെയാകും പ്രഥമ പരിഗണന. ചെലവുചുരുക്കി നടത്താനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ശ്രീലങ്കയും ബിസിസിഐക്ക് മുമ്പിലുള്ള സാധ്യതയാണ്.

click me!